റാവല്‍പിണ്ടിയിലേക്കുള്ള കുതിരസവാരിക്കാര്‍

റാവല്‍പിണ്ടിയിലേക്കുള്ള കുതിരസവാരിക്കാര്‍
X
കശ്മീര്‍: നിഗൂഢതയുടെ വലക്കണ്ണികള്‍- 3


കെ എ സലിം

ഏറെ നാള്‍ ലോണിന്റെ വീട്ടില്‍ ഒളിവില്‍ക്കഴിഞ്ഞ യാസീന്‍ മാലികിനെ 1990 ആഗസ്തില്‍ അറസ്റ്റ് ചെയ്യുന്നത് സഹൂര്‍ വതാലിയുടെ വീട്ടില്‍വച്ചാണ്. കശ്മീരില്‍ സായുധസമരം തുടങ്ങിയ കാലത്ത് കശ്മീര്‍ ഡിഐജിയായിരുന്ന എ എം വതാലിയുടെ സഹോദരനാണ് സഹൂര്‍. കശ്മീരില്‍ ആദ്യമായി ജെകെഎല്‍എഫ് ആക്രമണത്തിനിരയായ ഉദ്യോഗസ്ഥനായിരുന്നു എ എം വതാലി. 1988 സപ്തംബറിലായിരുന്നു അത്. വല്ലാത്ത സങ്കീര്‍ണതകളുടെ കാലമായിരുന്നു അതെന്ന് കശ്മീരിലെ ഉന്നതര്‍ താമസിക്കുന്ന ഗുപ്കര്‍ റോഡിലെ അതീവ സുരക്ഷയുള്ള വീട്ടിലിരുന്ന് എ എം വതാലി പറഞ്ഞു.

[caption id="attachment_420198" align="alignnone" width="560"] എ എം വതാലി[/caption]

ജെകെഎല്‍എഫ് തന്നെയാണോ താങ്കളെയും ആക്രമിച്ചത്? ഉറപ്പില്ലെന്നായിരുന്നു വതാലിയുടെ മറുപടി. ''അക്കാലത്ത് നിരവധി സംഘടനകളുണ്ടായിരുന്നു കശ്മീരില്‍. ആര് ആക്രമണം നടത്തിയാലും ജെകെഎല്‍എഫിന്റെ പേരിലാണ് വരിക. രാത്രിയില്‍ ഉറക്കത്തിലായിരുന്നു ഞാന്‍. പെട്ടെന്നാണ് വെടിശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റത്. ഗേറ്റിനു മുമ്പില്‍ എന്റെ കാവല്‍ക്കാരുമായി ശക്തമായ വെടിവയ്പ് നടക്കുകയായിരുന്നു. വീടിനുള്ളിലേക്ക് വെടിയുണ്ടകള്‍ വന്നുകൊണ്ടിരുന്നു. ഞാനും കുടുംബവും ഒരു വിധം രക്ഷപ്പെട്ടു. പല നല്ലകാര്യങ്ങളും ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ നല്ലതല്ലാത്ത പലതും ചെയ്യാനായിരുന്നു ഉത്തരവ്. പറ്റില്ലെന്നു പറയേണ്ടി വന്നു. വൈകാതെ ഞാ ന്‍ പോലിസ് ജോലി വേണ്ടെന്നുവച്ച് പിഎസ്‌സിയിലേക്ക് മാറി.'' വതാലി പറഞ്ഞു.

1990ല്‍ ജഗ്‌മോഹന്‍ വീണ്ടും കശ്മീര്‍ ഗവര്‍ണറാകുകയും അതേ തുടര്‍ന്ന് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല രാജിവയ്ക്കുകയും ചെയ്ത ശേഷം തുടര്‍ന്ന് ഗവര്‍ണര്‍ ഭരണമായിരുന്നു. കശ്മീരില്‍ ഏറ്റവും കൂടുതല്‍ രക്തമൊഴുക്കിയെന്ന് ആരോപണമുള്ള ഗവര്‍ണര്‍. എന്നാല്‍ അക്കാലത്ത് എങ്ങനെയാണ് ആളുകള്‍ക്ക് കൂട്ടത്തോടെ ആയുധപരിശീലനത്തിനായി പാക്കധീനകശ്മീരിലേക്ക് പോവാന്‍ അതിര്‍ത്തി തുറന്നുകിട്ടിയതെന്നാണ് അന്വേഷിക്കേണ്ടതെന്ന് വതാലി പറഞ്ഞു.

അതിര്‍ത്തിയിലേക്ക് ആളെ എത്തിക്കാന്‍ ശ്രീനഗര്‍ ഉള്‍െപ്പടെയുള്ള നഗരങ്ങളില്‍ നിന്ന് ഷെയര്‍ ടാക്‌സികളും ബസ്സുകളും ബോര്‍ഡ് വച്ച് സര്‍വീസ് നടത്തി. ബസ്സ്റ്റാന്റില്‍ പിണ്ടി... പിണ്ടി... എന്ന് വിളിച്ച് റാവല്‍പിണ്ടിയിലേക്കുള്ള ബസ്സുകളിലേക്ക് കണ്ടക്ടര്‍മാര്‍ ആളെ കയറ്റുന്നത് സങ്കല്‍പ്പിക്കാനാവുന്നുണ്ടോ. അതാണ് സംഭവിച്ചത്. ടൂര്‍ കമ്പനികള്‍ അതിര്‍ത്തിയിലേക്ക് ആളെ കൊണ്ടുവിടാന്‍ സര്‍വീസ് നടത്തി. കുതിരസവാരിക്കാര്‍ മലകടക്കാന്‍ കുതിരകളെ വാടകയ്ക്ക് നല്‍കുന്ന ഏര്‍പ്പാട് തുടങ്ങി. മലനിരകളിലൂടെ കൂട്ടത്തോടെ ആളുകള്‍ അതിര്‍ത്തി മുറിച്ചു കടക്കുന്നത് ദൂരെ നിന്നുപോലും കാണാമായിരുന്നു.



ആരും അത് തടഞ്ഞില്ല. അതിര്‍ത്തി അടച്ചില്ല. മാസങ്ങളോളം അത് തുടര്‍ന്നു. ഉദ്യോഗസ്ഥരുടെയും സൈന്യത്തിന്റെയും സഹായമില്ലാതെ എങ്ങനെയാണത് സംഭവിക്കുന്നത്. ആരും അന്വേഷിച്ചില്ല. ജഗ്‌മോഹന്‍ കൂട്ടക്കൊലയ്ക്ക് വേണ്ട എല്ലാ സാഹചര്യവുമൊരുക്കുകയായിരുന്നു. ആര്‍ക്കുമത് മനസ്സിലായില്ല. വതാലി തുടര്‍ന്നു.

അപ്പോള്‍ അബ്ദുല്‍ ഗനി ലോണ്‍? അതുമൊരു ഡല്‍ഹി ഗൂഢാലോചനയായിരുന്നോ? ലോണ്‍ ഡല്‍ഹിയുടെ തന്നെ ആളായിരുന്നില്ലേ. അതോ അവസാനകാലത്ത് ലോണ്‍ പാക് പക്ഷപാതിയായെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് കൊല നടത്തിയെന്നുമുള്ള ആരോപണങ്ങള്‍ വിശ്വസിക്കാമോ? അറിയില്ല. വതാലി പറഞ്ഞു. അക്കാലമായപ്പോഴേക്കും ഞാന്‍ അതില്‍നിന്നെല്ലാം അകന്നുനിന്നിരുന്നു. എന്റെ ജോലിയില്‍ മാത്രമായിരുന്നു ശ്രദ്ധിച്ചത്.

എല്ലാവരുടെയും കൈയില്‍ ആയുധമുള്ള നാട്ടില്‍ ആളുകള്‍ പരസ്പരം കൊല്ലുന്നത് അസാധാരണമായിരുന്നില്ല. എന്താണ് കശ്മീരില്‍ നടക്കുന്നതെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. 90കളില്‍ നടന്നതെല്ലാം പിന്നീടും നടന്നു. അന്നത്തെപ്പോലെ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ ആയുധമെടുത്ത് തെരുവിലിറങ്ങുന്നില്ലെന്നതേയുള്ളൂ. സായുധസംഘടനകളില്‍ ചേരുകയും തോക്കുമായി നില്‍ക്കുന്ന പടം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമാണ് പുതിയ കാലത്തെ ട്രന്റ്. കാര്യങ്ങള്‍ക്കൊന്നും ഒരു മാറ്റവുമുണ്ടായിട്ടില്ല. വതാലി പറഞ്ഞു.

തെരുവുകളില്‍ ചോര ചിന്തിയ കാലമായിരുന്നു 90കള്‍. സായുധാക്രമണങ്ങളും പ്രതിഷേധങ്ങളും താഴ്‌വര കീഴടക്കി. സയ്യിദ് അലിഷാ ഗിലാനി, പ്രഫസര്‍ അബ്ദുല്‍ ഗനി ഭട്ട്, അബ്ദുല്‍ ഗനി ലോണ്‍ തുടങ്ങിയ നേതാക്കളെല്ലാം അറസ്റ്റിലായി. രണ്ടുവര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായ ലോണ്‍ സൗദി അറേബ്യയിലേക്ക് പോയി. ഐഎസ്‌ഐ ഉദ്യോഗസ്ഥനായിരുന്ന ബ്രിഗേഡിയര്‍ സലിമുമായായിരുന്നു കൂടിക്കാഴ്ച. എന്തായിരുന്നു ലോണ്‍ ഐഎസ്‌ഐയുമായി സംസാരിച്ചത്? അത് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ കരുതുംപോലെ പാകിസ്താന് എതിരായിരുന്നോ? അറിയില്ലെന്ന് പറയുന്നു മാധ്യമപ്രവര്‍ത്തകനായ നുഅ്മാന്‍.



സങ്കീര്‍ണമായ വ്യക്തിത്വമായിരുന്നു ലോണ്‍. ആറ്റിക്കുറുക്കി മാത്രമേ സംസാരിക്കൂ. പറയുന്നതില്‍ എല്ലാമുണ്ടാവും. 90കളുടെ അവസാനത്തില്‍ ലോണുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ എ എസ് ദുലാത്തും വിവരിക്കുന്നുണ്ട്. റോ തലവനായിരുന്ന തന്നെ ലോണ്‍ തുടക്കത്തില്‍ വിശ്വസിച്ചിരുന്നില്ലെന്ന് ദുലാത്ത് പറയുന്നു.

2002 അവസാനം വരെ ലോണുമായുള്ള കൂടിക്കാഴ്ചകള്‍ തുടര്‍ന്നു. വൈകാതെ ലോണ്‍ സംസാരിക്കാന്‍ തുടങ്ങി. ചര്‍ച്ചകളെക്കുറിച്ച്, രാഷ്ട്രീയ മുന്നേറ്റത്തെക്കുറിച്ച്. 2000ത്തില്‍ പാകിസ്താനിലേക്ക് പോവാന്‍ പാസ്‌പോര്‍ട്ട് തിരികെ വേണമെന്ന് ലോണ്‍ ആവശ്യപ്പെട്ടപ്പോള്‍ അത് രണ്ടു ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ ഏര്‍പ്പാടാക്കിയത് താനാണെന്ന് ദുലാത്ത് പറയുന്നത്. പാകിസ്താനിലുള്ള ജെകെഎല്‍എഫ് ചെയര്‍മാന്‍ അമാനുല്ലാ ഖാന്റെ മകളുമായി ലോണിന്റെ മകന്‍ സജ്ജാദിന്റെ വിവാഹം ഉറപ്പിക്കാനായിരുന്നു ലോണ്‍ പാകിസ്താനിലേക്ക് പോയത്.

അക്കാലത്ത് ദുബയില്‍ ബിസിനസ് നടത്തുകയായിരുന്നു സജ്ജാദ്. പാകിസ്താനിലായിരുന്നു ആഘോഷച്ചടങ്ങുകളെല്ലാം. അവിടെവച്ച് ജനറല്‍ പര്‍വേസ് മുഷര്‍റഫുമായി ഒന്നരമണിക്കൂര്‍ ചര്‍ച്ച നടത്തിയ ലോണ്‍ ഇന്ത്യയുമായി ചേര്‍ന്ന് കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയുമായി സംസാരിക്കാന്‍ ഏറ്റവും നല്ല വ്യക്തി മുഷര്‍റഫാണെന്ന് പിന്നീട് ന്യൂസ് ലൈന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ലോണ്‍ പറഞ്ഞിരുന്നു.

ഇതിലെല്ലാം എവിടെയായിരുന്നു ലോണിന് വേണ്ടി ചതിക്കുഴിയൊരുങ്ങിയത്. ആര്‍ക്കും അറിയുമായിരുന്നില്ല. എന്നാല്‍ ആഗ്ര ഉച്ചകോടിക്കിടെ മുഷര്‍റഫുമായുള്ള ചര്‍ച്ചയില്‍ ലോണിന്റെ ചില പരാമര്‍ശങ്ങളാണ് ലോണിന്റെ വിധിയെഴുതിയതെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

നാളെ: നിര്‍ണായകമായ കൂടിക്കാഴ്ച

രണ്ടാം ഭാഗം ഇവിടെ വായിക്കാം: വൈരുദ്ധ്യങ്ങളുടെ അബ്ദുല്‍ ഗനി ലോണ്‍
Next Story

RELATED STORIES

Share it