റാബ്രിദേവിയെ ഇഡി ചോദ്യം ചെയ്തു

പട്‌ന: റെയില്‍വേ ഹോട്ടലുകള്‍ അനുവദിച്ചതില്‍ അഴിമതി നടത്തിയെന്ന കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മുമ്പാകെ ഹാജരായി. ഡല്‍ഹിയില്‍ നിന്നെത്തിയ പ്രത്യേക ഇഡി സംഘം അവരെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്തു.
ഒന്നാം യുപിഎ സര്‍ക്കാരില്‍ റാബ്രി ദേവിയുടെ ഭര്‍ത്താവ് ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോഴാണ് ഹോട്ടലുകള്‍ അനുവദിച്ചത്. കേസില്‍ ആറ് തവണ സമന്‍സയച്ചിട്ടും റാബ്രി ഇ ഡി മുമ്പാകെ ഹാജരായിരുന്നില്ല. തന്നെ പട്‌നയില്‍ തന്നെ ചോദ്യം ചെയ്യണമെന്ന് റാബ്രി അഭ്യര്‍ഥിച്ചതായും ഇഡി അത് സ്വീകരിച്ചതായും റിപോര്‍ട്ടുകളുണ്ട്. ഈ കേസില്‍ റാബ്രിയുടെ മകനും ബിഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
ലാലു റെയില്‍വേ മന്ത്രിയായിരിക്കെ 2004ല്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷ(ഐആര്‍സിടിസി)ന്റെ രണ്ട് ഹോട്ടലുകള്‍ ഒരു കമ്പനിക്ക് കൈമാറിയെന്നും പകരം മുന്‍ കേന്ദ്രമന്ത്രി പ്രേംചന്ദ് ഗുപ്തയുടെ ഭാര്യ സര്‍ല ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ബിനാമി കമ്പനി വഴി പട്‌നയില്‍ കണ്ണായ ഭൂമി കോഴയായി സ്വീകരിച്ചുവെന്നാണ് സിബിഐ കേസ്. സിബിഐയുടെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇഡി കേസെടുത്തത്.
തേജസ്വിയുടെയും ലാലുവിന്റെയും മൊഴി സിബിഐ നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. സുജാത ഹോട്ടല്‍ ശൃംഖലയുടെ ഡയറക്ടര്‍മാരായ വിജയ് കോച്ചര്‍, വിനയ് കോച്ചര്‍, ഡിലൈറ്റ് മാര്‍ക്കറ്റിങ് കമ്പനി അന്നത്തെ ഐആര്‍സിടിസി മാനേജിങ് ഡയറക്ടര്‍ പി കെ ഗോയല്‍ എന്നിവരുടെ പേരുകളും സിബിഐയുടെ എഫ്‌ഐആറിലുണ്ട്.
Next Story

RELATED STORIES

Share it