World

റാബിഅ പ്രക്ഷോഭം: 75 പേരെ വധശിക്ഷയ്ക്കു വിധിച്ചു

കെയ്‌റോ: 2013ലെ റാബിഅ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 75 പേരെ ഈജിപ്ഷ്യന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് അധികാരത്തിലെത്തിയ പട്ടാള ഭരണകൂടത്തിനെതിരേ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ബ്രദര്‍ഹുഡ് നേതാക്കളടക്കമുള്ളവരെ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാക്കളായ ഇസാം അല്‍ അരിയാന്‍, മുഹമ്മദ് ബല്‍താഗി എന്നിവരും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ബ്രദര്‍ഹുഡ് ആത്മീയ നേതാവ് മുഹമ്മദ് ബാദിയെ ജീവപര്യന്തം തടവിനു ശിക്ഷിക്കാനും കോടതി ഉത്തരവിട്ടു. പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് മഹ്മൂദ് അബു സെയ്ദിനെ കോടതി അഞ്ചുവര്‍ഷം തടവിനും ശിക്ഷിച്ചു. എന്നാല്‍, വിചാരണത്തടവില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞതിനാല്‍ ഏതാനും ദിവസത്തിനുള്ളില്‍ അദ്ദേഹത്തിനു ജയില്‍മോചിതനാവാം. റാബിഅ പ്രക്ഷോഭകാരികളെ സൈന്യം കൊലപ്പെടുത്തുന്നതിന്റെ വിവരങ്ങള്‍ പുറത്തെത്തിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്ത അബു സെയ്ദ് 2013 ആഗസ്ത് മുതല്‍ തടവില്‍ കഴിയുകയാണ്. നൂറു കണക്കിനു പ്രക്ഷോഭകരായിരുന്നു ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ അന്നു കൊല്ലപ്പെട്ടത്. കലാപശ്രമം, നിയമവിരുദ്ധമായ പ്രക്ഷോഭം സംഘടിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കോടതിയുടെ ശിക്ഷാവിധി. 2013 ആഗസ്ത് 14നാണ് കെയ്‌റോയിലെ റാബിഅ അല്‍ അദവ്വിയ ചത്വരത്തില്‍ പ്രക്ഷോഭം നടന്നത്. 800ലധികം പ്രക്ഷോഭകരെ സൈനിക ഭരണകൂടം കൊലപ്പെടുത്തിയതായാണു കണക്കുകള്‍. സൈനിക അടിച്ചമര്‍ത്തല്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് നിരീക്ഷിച്ചിരുന്നു. രാജ്യത്ത് സൈനിക ഭരണകൂടം അധികാരത്തിലെത്തിയ ശേഷം സര്‍ക്കാരിനെതിരേ നിലപാടെടുത്ത 40,000 പേര്‍ അറസ്റ്റിലായിരുന്നു.

Next Story

RELATED STORIES

Share it