Pathanamthitta local

റാന്നിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ കര്‍മപദ്ധതി

റാന്നി: നിയോജകമണ്ഡലത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള കര്‍മ്മപദ്ധതി രാജു ഏബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആര്‍ട് ഓഫ് ലിവിങിന്റെ സഹകരണത്തോടെയാണ് ഗ്രാമപഞ്ചായത്തുകളും കുടുംബശ്രീയും ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നത്. ഇട്ടിയപ്പാറ ബസ് സ്റ്റാന്റിലും കടകളിലും ഇതിനോടകം വോളണ്ടിയര്‍മാരും ജനപ്രതിനിധികളും ചേര്‍ന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു തുടങ്ങി. പൊതുമരാമത്ത് വകുപ്പ് റാന്നി റസ്റ്റ് ഹൗസില്‍ രാജു ഏബ്രഹാം എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രളയബാധിത മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരും സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരും പങ്കെടുത്തു. ശനി, തിങ്കള്‍ ദിവസങ്ങളിലായി അടിയന്തര പഞ്ചായത്ത് കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത ശേഷം കുടുംബശ്രീ സിഡിഎസ് യോഗം നടക്കും. എല്ലാ വീടുകളിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ വീട്ടുകാര്‍ കരുതിവച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും. പ്ലാസ്റ്റിക് കുപ്പികള്‍ ചവിട്ടിയൊതുക്കി പ്രത്യേകം ചാക്കുകളിലാക്കി കെട്ടിവയ്ക്കണം. ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക് കിറ്റുകള്‍ സീലുള്ളവയും ഇല്ലാത്തവയും പ്രത്യേകം തരംതിരിച്ച് വെവ്വേറെ ചാക്കുകളിലാക്കണം. ക്യാരി ബാഗുകള്‍ വേറെ ചാക്കുകളിലാണ് സൂക്ഷിക്കേണ്ടത്. ചെളി പുരണ്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴുകി നല്‍കണം. മറ്റ് മാലിന്യങ്ങള്‍ ഇതിന്റെ കൂടെ ഇടാന്‍ പാടില്ല. മറ്റു മാലിന്യങ്ങള്‍ വേറെ ചാക്കിലാണ് സൂക്ഷിക്കേണ്ടത്. ഇത് പിന്നീട് ശേഖരിക്കും. വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പഞ്ചായത്ത് ഒരു കേന്ദ്രത്തില്‍ എത്തിക്കും. എല്ലാ ദിവസവും ഇവിടെ നിന്നും വാഹനങ്ങളില്‍ മാലിന്യം കൊണ്ടുപോയി സംസ്‌കരിക്കും. വെള്ളപ്പൊക്കം ബാധിച്ച് ദുരിതമനുഭവിക്കുന്ന റാന്നി, അങ്ങാടി, പഴവങ്ങാടി, വടശേരിക്കര, പെരുനാട്, നാറാണംമൂഴി, അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകളിലാണ് ഒന്നാംഘട്ടമായി പ്ലാസ്റ്റിക് മാലിന്യ ശേഖരണം നടത്തുന്നത്. മറ്റ് പഞ്ചായത്തുകളില്‍ ഇവ ശേഖരിക്കുന്ന നടപടി തുടങ്ങാം. പഞ്ചായത്ത് പ്രസിഡന്റുമാരായ മോഹന്‍രാജ് ജേക്കബ്, ശശികല രാജശേഖരന്‍, മണിയാര്‍ രാധാകൃഷ്ണന്‍, ബാബു പുല്ലാട്ട്, ജോസഫ് കുര്യാക്കോസ്, വൈസ് പ്രസിഡന്റ് വല്‍സമ്മ തോമസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ സംസാരിച്ചു. ഉദ്ഘാടന യോഗത്തില്‍ പഞ്ചായത്ത് മെമ്പര്‍മാരായ ഷൈനി രാജീവ്, അനിത അനില്‍കുമാര്‍, ബിനു സി മാത്യു, സന്തോഷ് കുമാര്‍, ചന്ദ്രബാബു, രാജന്‍കുട്ടി, ഡോ. സുനില്‍, സുരേഷ് പുതുശേരിമല സംസാരിച്ചു.
Next Story

RELATED STORIES

Share it