kasaragod local

റാണിപുരം വനത്തില്‍ 20 മണിക്കൂര്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്: എക്കോ ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരം വനത്തിനുള്ളില്‍ കുടുങ്ങിയ മൂന്നു യുവാക്കളെ 20 മണിക്കൂറിന് ശേഷം വനം വകുപ്പ് രക്ഷപ്പെടുത്തി. കാസര്‍കോട് ആലംപാടിയിലെ മുസമ്മില്‍ (21), നീര്‍ച്ചാല്‍ ഉള്ളോടിയിലെ ശരീഫുദ്ദീന്‍ (23), ബേളയിലെ മുഹമ്മദ് ശരീഫ് (24) എന്നിവരെയാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ചര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് മൂന്നു പേരും ബൈക്കില്‍ റാണിപുരത്ത് എത്തിയത്. ബൈക്ക് റോഡരികില്‍ നിര്‍ത്തി മൂന്നു പേരും റാണിപുരം മലയുടെ മുകളിലേക്കാണ് പുറപ്പെട്ടത്. റാണിപുരം ടൂറിസ്റ്റ് കേന്ദ്രം ഓഫിസില്‍ നിന്നും പ്രവേശന ടിക്കറ്റെടുത്ത് മൂന്നരയോടെയാണ് വനത്തിലേക്ക് പോയത്. അഞ്ചരക്കുള്ളില്‍ തിരിച്ചെത്തണമെന്ന നിര്‍ദേശം വാച്ചര്‍മാര്‍ നല്‍കിയിരുന്നു. എന്നാല്‍ അഞ്ചരകഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുറച്ചുകൂടി അധികൃതര്‍ കാത്തുനിന്നു. ഒടുവില്‍ പോലിസിനേയും ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു. ഡിവിഷണല്‍ഫോറസ്റ്റ് ഓഫിസര്‍ ഇംതിയാസ്, ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ സുധീര്‍ നെരോത്ത്, രാജപുരം എസ്‌ഐ ഗംഗാധരന്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ രാത്രി ഏറെ നേരം കാട്ടില്‍ തിരച്ചില്‍ നടത്തി. 12വരെ തിരഞ്ഞെങ്കിലും കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെ റാണിപുരം ഓഫിസിന് ഒരു കിലോമീറ്ററോളം അകലെ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട വനംവകുപ്പ് അധികൃതര്‍ കാട്ടിലേക്ക് വീണ്ടും പോയി യുവാക്കളെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. കഴിഞ്ഞവര്‍ഷം കാഞ്ഞങ്ങാട് നിന്ന് വനം സന്ദര്‍ശിക്കാന്‍ എത്തിയ രണ്ട് വിദ്യാര്‍ഥികള്‍ കാട്ടില്‍ അകപ്പെട്ടിരുന്നു. ഫോറസ്റ്റും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
Next Story

RELATED STORIES

Share it