Flash News

റാങ്ക് പട്ടിക മറികടന്ന് എംഎല്‍എയുടെ ഭാര്യയുടെ നിയമനം വിവാദത്തില്‍

കണ്ണൂര്‍: റാങ്ക് പട്ടിക മറികടന്ന് സിപിഎം എംഎല്‍എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി കരാര്‍ നിയമനം നല്‍കിയതില്‍ വിവാദം കനക്കുന്നു. എന്നാല്‍, വിവാദത്തില്‍ കഴമ്പില്ലെന്നാണ് സര്‍വകലാശാലയുടെ വാദം. അഭിമുഖത്തില്‍ ആദ്യ റാങ്കുകാരിയെ ഒഴിവാക്കിയാണു നിയമനം നടന്നത്. ഇതിനെതിരേ കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് ഇവര്‍.
മാങ്ങാട്ടുപറമ്പ് ധര്‍മശാലയിലെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ എംഎഡ് വിഭാഗത്തിലാണ് എംഎല്‍എയുടെ ഭാര്യക്ക് നിയമനം ലഭിച്ചത്. അഭിമുഖത്തില്‍ ഇവര്‍ക്കു ലഭിച്ചത് രണ്ടാം റാങ്ക്. ഇതോടെ കരാര്‍ നിയമനത്തിനു സംവരണം നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് ഒഇസി സംവരണത്തില്‍പ്പെടുത്തി നിയമനവും നല്‍കി. ഈ തസ്തികയിലേക്കായി സര്‍വകലാശാല ജൂണ്‍ എട്ടിന് ഇറക്കിയ വിജ്ഞാപനത്തില്‍ സംവരണകാര്യം സൂചിപ്പിച്ചിരുന്നില്ല. സര്‍വകലാശാല പഠനവകുപ്പിലെ ഓരോ വിഷയത്തിനും പ്രത്യേക സംവരണം ഏര്‍പ്പെടുത്തുന്ന പതിവില്ല.
അഭിമുഖവുമായി ബന്ധപ്പെട്ടും വ്യാപക ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ അതാത് വിഷയങ്ങളിലെ വിദഗ്ധര്‍ ഉണ്ടാവണമെന്ന ചട്ടം പാലിച്ചില്ലെന്നാണ് ആരോപണം. പ്രോ വൈസ് ചാന്‍സലര്‍ക്ക് പുറമെ ഉണ്ടായിരുന്ന അധ്യാപകര്‍ മറ്റു വിഷയങ്ങളിലെ അധ്യാപകരാണ്. അതേസമയം, സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം നിയമാനുസൃതമാണെന്ന് സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഡിപാര്‍ട്ട്‌മെന്റില്‍ അവസാനം നടന്ന നിയമനം പൊതുവിഭാഗത്തില്‍ നിന്ന് ആയതിനാല്‍ ഇത്തവണ നിയമനം സംവരണത്തിലാണ് വരിക. ഇടിബിഎസ്‌സി വിഭാഗം ഉദ്യോഗാര്‍ഥികള്‍ ഹാജരായിരുന്നില്ല.
ഇതിനാല്‍ അടുത്ത സംവരണ വിഭാഗമായ മുസ്‌ലിം വിഭാഗത്തില്‍ പെട്ടയാള്‍ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നല്‍കുകയായിരുന്നു. നിയമാനുസൃത സംവരണ തത്വമനുസരിച്ചാണ് അധ്യാപകനിയമനം നടത്താറുള്ളതെന്നും സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it