Flash News

റാങ്കിങില്‍ 11ാമത് ; ഏഷ്യയില്‍ ഇന്ത്യയുടെ ഉജ്ജ്വല മുന്നേറ്റം



ടി പി ജലാല്‍

20 വര്‍ഷത്തിന് ശേഷം ആദ്യമായി ഏഷ്യയിലെ ഫുട്‌ബോള്‍ കരുത്തന്മാര്‍ക്കിടയില്‍  ഇന്ത്യ വന്‍ മുന്നേറ്റം നടത്തിയത് ഏഷ്യന്‍ രാജ്യങ്ങളെ അമ്പരപ്പിച്ചു. നേരത്തെ ഫിഫാ റാങ്കിങില്‍ 100ലെത്തിയ ഇന്ത്യ ഏഷ്യന്‍ ഫുട്‌ബോള്‍ റാങ്കിങില്‍ 11ാം സ്ഥാനത്തേക്കുയര്‍ന്നാണ് ഖത്തറിന് തൊട്ടുപിന്നിലെത്തിയത്. 331 പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം.    ലോകകപ്പ് കളിച്ച ഇറാഖിനും കുവൈത്തിനും പുറമെ  ഒമാന്‍,ബഹ്‌റയ്ന്‍, മലേസ്യ, ജോര്‍ദാന്‍, ഫലസ്തീന്‍ തുടങ്ങിയ മികച്ച ടീമുകളെയുമാണ് ഇന്ത്യ പിന്നിലാക്കിയത്. എഎഫ്‌സി യോഗ്യതാ മത്സരത്തില്‍ കിര്‍ഗിസ്ഥാനെയും മ്യാന്‍മറിനെയും തോല്‍പിച്ചതും ആദ്യമായി എഎഫ്‌സി കപ്പില്‍ ബാംഗ്ലൂര്‍ എഫ്‌സി ഫൈനലിലെത്തിയതുമാണ് ഇന്ത്യന്‍ ടീമിന് അനുഗ്രഹമായത്.  ലോകരാജ്യങ്ങളില്‍ 28ാം സ്ഥാനമുള്ള ഇറാനാണ് ഏഷ്യയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇറാന്‍ 820 പോയിന്റ് നേടിയപ്പോള്‍ തൊട്ടുപിന്നിലുള്ള ദക്ഷിണ കൊറിയ 703 പോയിന്റ് നേടി രണ്ടാം സ്ഥാനത്തായി.  689 പോയിന്റോടെ ജപ്പാനാണ് മൂന്നാം സ്ഥാനം. നാലാം സ്ഥാനം ആസ്‌ത്രേലിയക്കും അഞ്ചാം സ്ഥാനം സൗദി അറേബ്യക്കുമാണ്. മൂന്നു തവണ ഏഷ്യകപ്പ്  കളിച്ച ഇന്ത്യ 1964ല്‍  രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. അതേസമയം ഏഷ്യന്‍ ക്ലബ്ബുകളില്‍ 1636 പോയിന്റ്  നേടിയ സൗദി അറേബ്യയുടെ അല്‍ഹിലാല്‍ ക്ലബ്ബിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം ചൈനയുടെ ഗ്വാംഷൂ(1627)   നേടി. മൂന്നാം സ്ഥാനം സൗദിയുടെ തന്നെ അല്‍ അഹ്‌ലിയും (1625)  ദക്ഷിണ കൊറിയയുടെ ജിയോണ്‍ ബക്ക് (1607) നാലാം സ്ഥാനത്തും യുഎഇയുടെ അല്‍ഐന്‍ ക്ലബ്ബ് (1593) അഞ്ചാം സ്ഥാനത്തും തുടരുന്നു. ഇന്ത്യയുടെ ഡംപോ സ്‌പോര്‍സ് ക്ലബ് ഗോവയ്ക്ക് 39-ാം സ്ഥാനമാണുള്ളത്. ഈസ്റ്റ് ബംഗാള്‍ 45 ഉം മോഹന്‍ ബഗാന്‍ 50-ാം സ്ഥാനത്തുമാണുള്ളത്. ഇത്തവണ എഎഫ്‌സി ഫൈനലിലെത്തിയ ബാംഗ്ലൂര്‍ എഫ്‌സി 85-ാം സ്ഥാനത്താണ്. ഐലീഗ് ചാംപ്യന്മാരായ ഐസ്വാള്‍ എഫ്‌സി 167-ാം സ്ഥാനത്താണ്. ക്ലബ്ബ് മത്സരങ്ങള്‍ നടത്തുന്നതില്‍ എഎഫ്‌സിയുടെ ഒന്നാംറാങ്ക് യുഎഇക്കാണ്. ദക്ഷിണ കൊറിയ,ഖത്തര്‍, ചൈന, സൗദി, ജപ്പാന്‍, ഇറാന്‍ രാജ്യങ്ങള്‍ 7വരെ സ്ഥാനത്ത് തുടരുന്നു. ഇന്ത്യയുടെ സ്ഥാനം 15 ആണ്. താരങ്ങളുടെ കഴിവിനനുസരിച്ച് മാര്‍ക്കിടുന്ന എലോ റേറ്റിംങ്ങില്‍ ഇന്ത്യക്ക് 170- സ്ഥാനമാണുള്ളത്.  ലോക റാങ്കിംങ്ങിന് പുറമെ ഏഷ്യയിലും മികച്ച മുന്നേറ്റം നടത്തിയത് ഒക്ടോബറില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കുന്ന ദേശീയ ടീമിന്  മികച്ച പ്രചോദനമാവുമെന്നാണ് കായിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.  സീനിയര്‍ ലോകകപ്പില്‍ ഇന്ത്യ ഇതുവരെ കളിച്ചിട്ടില്ല.  1950ലെ ബ്രസീല്‍ ലോകകപ്പിന് പ്രവേശനം ലഭിച്ചെങ്കിലും ബൂട്ടുപയോഗിക്കണമെന്ന ഫിഫയുടെ നിയമം മൂലം പിന്‍വാങ്ങുകയായിരുന്നു.  എന്നാല്‍ കൗമാരക്കാരുടെ നേതൃത്വത്തിലെങ്കിലും  മികച്ച പ്രകടനം നടത്തി  അന്നത്തെ നഷ്ടം നികത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍  കാണികള്‍.
Next Story

RELATED STORIES

Share it