Pathanamthitta local

റാഗിങ് ആരോപിച്ച് എസ്എഫ്‌ഐ കോളജ് ഉപരോധിച്ചു

പന്തളം: ചിത്രാ സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം റാഗിങ് എന്നാരോപിച്ച് എസ്എഫ്‌ഐ കോളജ് ഉപരോധിച്ചു. ബിഎസ്‌സി നഴ്‌സിങ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും ചങ്ങനാശ്ശേരി കുന്നങ്കരി കരുവേലില്‍ സ്‌നേഹാ തോമസ് (19) ആണ് ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യക്കു ശ്രമിച്ചത്. ഞായറാഴ്ച രാത്രി 7.15 നാണ് സംഭവം. കോളജില്‍ നവംബര്‍ 30ന് നടന്ന ഫ്രഷേഴ്‌സ് ഡേയോട് അനുബന്ധിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയേഴ്‌സിനു ടാസ്‌കുകള്‍ നല്‍കിയിരുന്നു.
ടാസ്‌കുകള്‍ ചെയ്യുന്നതില്‍ നിന്നും പിന്‍മാറാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ റാഗിങ് രീതിയില്‍ നിര്‍ബ്ബന്ധപൂര്‍വ്വം ചെയ്യിക്കാന്‍ ശ്രമിച്ചതില്‍ മനംനൊന്താണ് വിദ്യാര്‍ഥിനി ആത്മഹത്യക്കു ശ്രമിച്ചതെന്നു എസ്എഫ്‌ഐ ആരോപിച്ചു. സ്‌നേഹയുടെ പിതാവ് കുഞ്ഞുമോനും മകള്‍ റാഗിങിനു വിധേയമായതിനാല്‍ മനംനൊന്താണ് ആത്മഹത്യക്കു ശ്രമിച്ചതെന്നു പോലീസില്‍ പരാതിയും നല്‍കിയി—ട്ടുമുണ്ട്.
എന്നാല്‍ ഡിസംബര്‍ ഒന്നിന്  നടന്ന പ്രഷേഴ്‌സ് ഡേയില്‍  ടാസ്‌ക് ചെയ്യുന്നതില്‍ നിന്നും സ്വയം ഒഴിഞ്ഞു മാറിയതായും അതിനാല്‍ സ്‌നേഹയെ ഒന്നിനും നിര്‍ബ്ബന്ധിക്കുക ഉണ്ടായിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ തോമസിന പറഞ്ഞു. മാതാപിതാക്കള്‍ ഡിസംബര്‍ ഒന്നിന് ഉച്ചയോടെ കോളജില്‍ വരികയും സ്‌നേഹയെ കാണുകയും ചെയ്ത് മടങ്ങിയ ശേഷം വൈകിട്ടാണ് ആത്മഹത്യാ ശ്രമം നടന്നത്. കുടുംബ വിഷയമാകാം കാരണമെന്നും റാഗിങ് നടന്നിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
കോളജില്‍ അതിക്രൂരമായ റാഗിങ് നടപടിക്കു സ്‌നേഹ വിധേയമായതായും സീനിയര്‍ വിദ്യാര്‍ഥികള്‍ ഒറ്റ വസ്ത്രം മാത്രം ധരിപ്പിച്ച് സ്‌നേഹ ഉള്‍പ്പടെയുള്ളവരെ വരാന്തയുലൂടെ നടത്തിപ്പിച്ചതായും എസ്എഫ്‌ഐ ആരോപിച്ചു. എസ്എഫ്‌ഐ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപരോധം കോളജ് കവാടത്തില്‍പന്തളം സിഐ ഈ ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജിത് പി ആനന്ദ് ഉദ്ഘാടനം ചെയ്തു.  ഏരിയാ സെക്രട്ടറി വിഷ്ണു കെ രമേശ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് റോബിന്‍ കെ തോമസ്, ജോയിന്റ് സെക്രട്ടറി സന്ദീപ് സംസാരിച്ചു.
Next Story

RELATED STORIES

Share it