റാഗിങിന് വിധേയയായ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

എടപ്പാള്‍: സഹപാഠികളുടെ ക്രൂരമായ റാഗിങിന് വിധേയയായ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. മലപ്പുറം കാലടി സ്വദേശിയായ കളരിക്കല്‍ പറമ്പില്‍ അശ്വതി(19)യാണ് കഴിഞ്ഞ 15 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്നത്.
കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലുള്ള അല്‍ഖുമാര്‍ നഴ്‌സിങ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് അശ്വതി. ഹോസ്റ്റലില്‍ താമസം തുടങ്ങിയതു മുതല്‍ അവിടുത്തെ സീനിയര്‍ വിദ്യാര്‍ഥികള്‍ അശ്വതിയെ വിവിധ തരത്തില്‍ റാഗ് ചെയ്ത് പീഡിപ്പിച്ചിരുന്നു. പീഡനം തുടര്‍ന്നെങ്കിലും വീട്ടുകാരെ അറിയിക്കാന്‍ അശ്വതി തയ്യാറായില്ല. അതിനിടെ ഒരു മാസം മുമ്പ് കക്കൂസ് വൃത്തിയാക്കുന്ന ലായനി അശ്വതിയെക്കൊണ്ട് കുടിപ്പിച്ചു. ഇതോടെ കടുത്ത അസുഖ ബാധിതയായ അശ്വതിയെ സഹപാഠികള്‍ ഗുല്‍ബര്‍ഗയിലെ ഭസവേശ്വര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അസുഖം മൂര്‍ച്ഛിച്ചു.
പിന്നീട് നാട്ടിലെത്തിയ അശ്വതിയെ വീട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

കൊല്ലം, ഇടുക്കി സ്വദേശികളായ സീനിയര്‍ വിദ്യാര്‍ഥികളാണ് റാഗിങ് നടത്തിയത്. ബാത്ത്‌റൂം വൃത്തിയാക്കുന്ന രാസവസ്തു നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കറുത്തവളെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.  വിദ്യാര്‍ഥിനിയുടെ അന്നന്നാളം വെന്തുരുകിയിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് അശ്വതിയുടെ മാതാവ് ജാനകി കേരള മുഖ്യമന്ത്രി, കര്‍ണാടക മുഖ്യമന്ത്രി, കര്‍ണാടക ഡിജിപി, സംസ്ഥാന തദ്ദേശ വകുപ്പു മന്ത്രി കെ ടി ജലീല്‍, പട്ടികജാതി ക്ഷേമവകുപ്പു മന്ത്രി എ കെ ബാലന്‍, എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it