thiruvananthapuram local

റാഗിങിനെതിരേ പരാതി നല്‍കിയതിന് മാനസികപീഡനം; പ്രിന്‍സിപ്പലിനെതിരേ കേസെടുത്തു

ആറ്റിങ്ങല്‍: റാഗിങിനെതിരേ പരാതി നല്‍കിയ വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിക്കുകയും കോളജില്‍ നിന്നു പുറത്താക്കുകയും ചെയ്ത കേസില്‍ കോളജ് പ്രിന്‍സിപ്പലിനെതിരേ ആറ്റിങ്ങല്‍ പോലിസ് കേസെടുത്തു.
ആറ്റിങ്ങല്‍ നെടുമ്പറമ്പ് രാജധാനി എന്‍ജിനീയറിങ് കോളജ് ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥി റാഗിങ് നടത്തി ദേഹോപദ്രവം ഏല്‍പിച്ച കേസില്‍ റാഗിങിന് ഇരയായ കുട്ടിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ഇതിനു വഴങ്ങാത്ത കുട്ടിയെ കോളജില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു എന്നുമാണ് കേസിന് ആസ്പദമായ പരാതി.
റാഗിങ് ആക്ട് പ്രകാരമാണ് പ്രിന്‍സിപ്പലിനെതിരെ പോലിസ് കേസെടുത്തത്. മാര്‍ച്ച് 5നാണ് കൊല്ലം പെരിനാട് സ്വദേശി നാദിര്‍ഷാ എന്ന സീനിയര്‍ വിദ്യാര്‍ഥി പെണ്‍കുട്ടിയെ റാഗിങ് നടത്തി ദേഹോപദ്രവം ഏല്‍പിച്ചത്. ഇതേത്തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കി.
യാതൊരു നടപടിയും ഉണ്ടാകാത്തതിനാല്‍ ആറ്റിങ്ങല്‍ സ്‌റ്റേഷനില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പോലിസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ കോളജിന്റെ പേര് മോശമാക്കി എന്നാരോപിച്ച് പ്രിന്‍സിപ്പലും മാനേജ്‌മെന്റ് അധികൃതരും കേസ് പിന്‍വലിക്കണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ടു. അതിനു സമ്മതിക്കാത്തതിനാല്‍ വിദ്യാര്‍ഥിനിയെയും പ്രതിയെയും സസ്‌പെന്‍ഡ് ചെയ്തു.
തുടര്‍ന്ന് പെണ്‍കുട്ടി പല തവണ കോളജ് അധികാരികളെ സമീപിച്ച് തനിക്ക് പഠിക്കാന്‍ അവസരം ഒരുക്കണമെന്ന് അപേക്ഷിച്ചിട്ടും അവര്‍ വഴങ്ങിയില്ല. കേസ് പിന്‍വലിച്ചാല്‍ മാത്രമേ വിദ്യാര്‍ഥിനിയെ തിരിച്ചെടുക്കുകയുള്ളൂ എന്ന് പ്രിന്‍സിപ്പല്‍ തീര്‍ത്തുപറയുകയായിരുന്നുവത്രേ. വിദ്യാര്‍ഥിനിയുടെ ടിസിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതുസംബന്ധിച്ച് വീണ്ടും സ്‌റ്റേഷനില്‍ പരാതി നല്‍കിയതനുസരിച്ചാണ് പ്രിന്‍സിപ്പലിനെതിരേ ആറ്റിങ്ങല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് എസ്‌ഐ ശ്രീജിത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it