World

റസാന്‍ വധം: യുഎന്‍ അപലപിച്ചു; ഗസയില്‍ സംഘര്‍ഷം രൂക്ഷം

ഗസസിറ്റി: റസാന്‍ അല്‍ നജ്ജാറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം ഗസയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായി. വെള്ളിയാഴ്ചയാണ് പ്രക്ഷോഭത്തിനിടെ പരിക്കേറ്റവരെ പരിചരിക്കുകയായിരുന്ന പാരാമെഡിക്കല്‍ ജീവനക്കാരിയായ 21കാരിയെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയത്. റസാനിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം ഗസ അതിര്‍ത്തിക്കടുത്തെത്തിയ ആയിരക്കണക്കിന് ഫലസ്തീനികള്‍ ഇസ്രായേല്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞു. സൈന്യം നടത്തിയ വെടിവയ്പ്പില്‍ അഞ്ചു പേര്‍ക്കു പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മാര്‍ച്ച് 30ന് തുടങ്ങിയ ഫലസ്തീനികളുടെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനു നേരെയുള്ള സൈനിക ആക്രമണത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ പെണ്‍കുട്ടിയാണ് റസാന്‍. മെയ് 14 ജെറുസലേമില്‍ യുഎസ് എംബസി തുറന്നതിനു പിന്നാലെയുള്ള ആക്രമണത്തിനിടെ കൊല്ലപ്പെട്ട 14കാരിയായ വിസ്സല്‍ ഷെയ്ഖ് ഖലീല്‍ ആയിരുന്ന മറ്റൊരാള്‍. അതിനിടെ, റസാന്‍ വധത്തെ യുഎന്‍ അപലപിച്ചു. ആരോഗ്യ പ്രവര്‍ത്തകയാണെന്ന് വ്യക്തമായി മനസ്സിലാവുന്ന വെള്ള വസ്ത്രം ധരിച്ച റസാനിനെ വെടിവച്ചു കൊലപ്പെടുത്തിയ ഇസ്രായേല്‍ സൈന്യത്തിന്റെ നടപടി വളരെ നിന്ദ്യമാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം കോ-ഓഡിനേറ്റര്‍ ജമെയ് മാക്‌ഗോള്‍ഡ്രിക് അഭിപ്രായപ്പെട്ടു.
വെസ്റ്റ് ബാങ്കില്‍ സൈന്യത്തിനിടയിലേക്ക് ട്രാക്റ്റര്‍ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചെന്നാരോപിച്ച് ഒരു ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ വെടിവച്ചു കൊന്നു. ഹെബ്രൂണില്‍ നിന്നുള്ള 35കാരനാണ് കൊല്ലപ്പെട്ടതെന്ന്്് സൈന്യം അറിയിച്ചു. അതേസമയം, താഴ്്്‌വരയില്‍ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കി. ഞായറാഴ്ച ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗ്രേഡിന്റെ 15 കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. ഇരുവിഭാഗവും തമ്മില്‍ അനൗപചാരിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം നിലനില്‍ക്കെയാണ് ഇസ്രായേലിന്റെ ആക്രമണം.











Next Story

RELATED STORIES

Share it