Flash News

റസാന്റെ വഴിയെ മാതാവും ആതുരശുശ്രൂഷയിലേക്ക്

ഗസ സിറ്റി: പ്രതിഷേധ മാര്‍ച്ചില്‍ പരിക്കേറ്റവരെ പരിചരിക്കുന്നതിനിടെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയ ഫലസ്തീന്‍ മാലാഖയുടെ മാതാവും ആതുര ശുശ്രൂഷാരംഗത്തേക്ക്.
ഗസ അതിര്‍ത്തിയില്‍ ആതുരശുശ്രൂഷ നടത്തുന്നതിടെ വെടിയേറ്റു മരിച്ച 21കാരി റസാന്‍ അല്‍ നജ്ജാറിന്റെ മാതാവ് സബ്രീന്‍ അല്‍ നജ്ജാര്‍ കഴിഞ്ഞ ദിവസമാണ് സന്നദ്ധ സംഘത്തില്‍ മെഡിക്കല്‍ വോളന്റിയറായി ചേര്‍ന്നത്.  ഗസയില്‍ ഇസ്രായേലിനെതിരേയുള്ള പ്രതിഷേധത്തിനിടെ പരിക്കേറ്റവരെ പരിചരിക്കുന്ന ഫലസ്തീന്‍ മെഡിക്കല്‍ റിലീഫ് സൊസൈറ്റിയുടെ ഭാഗമായാണ് സബ്രീനും കര്‍മനിരതയാവുന്നത്.
റസാന്‍ കൊല്ലപ്പെട്ട സമയത്ത് ധരിച്ച രക്തംകലര്‍ന്ന ഓവര്‍കോട്ട് ധരിച്ചാണ് സബ്രീന്‍ കഴിഞ്ഞ ദിവസം യുദ്ധഭൂമിയിലേക്കിറങ്ങിയത്.
വെള്ളിയാഴ്ച ഗസയില്‍ നടന്ന ഗ്രേറ്റ് റിട്ടേണ്‍ മാര്‍ച്ചിലും സബ്രീന്‍ പങ്കെടുത്തിരുന്നു. ഗ്രേറ്റ് മാര്‍ച്ച് 11ാമത്തെ ആഴ്ചയിലേക്കു കടക്കുമ്പോഴും ആയിരങ്ങളാണ് കഴിഞ്ഞ ദിവസവും മാര്‍ച്ചില്‍ പങ്കെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് റസാന്‍ കൊല്ലപ്പെടുന്നത്. പരിക്കേറ്റവരെ പരിചരിക്കുന്നതിനിടെ റസാന്റെ നെഞ്ചിലേക്ക് ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it