World

റഷ്യ തെളിവു നശിപ്പിച്ചെന്ന് യുഎസ്; നിഷേധിച്ച് റഷ്യ

ഹേഗ്: സിറിയയിലെ ദൗമയില്‍ രാസായുധ പ്രയോഗത്തിന്റെ തെളിവുകള്‍ റഷ്യ നശിപ്പിച്ചിരിക്കാമെന്നു യുഎസ്. രാസായുധ നിരോധന സംഘടനയുടെ (ഒപിസിഡബ്ല്യൂ) നിര്‍വാഹക സമിതി യോഗത്തില്‍ യുഎസ് പ്രതിനിധിയായ കെന്നത്ത് വാര്‍ഡ് ആണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. എന്നാല്‍, ഈ വാദം റഷ്യ നിഷേധിച്ചു. സിറിയയില്‍ നിരോധിത രാസായുധങ്ങളുടെ ഉപയോഗം തുടരുന്നതിനെതിരേ ഒപിസിഡബ്ല്യൂ പ്രതികരിക്കണമെന്നു കെന്നത്ത് വാര്‍ഡ് ആവശ്യപ്പെട്ടു. ഈ മാസം ഏഴിന് ദൗമയിലുണ്ടായ രാസായുധ പ്രയോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഒപിസിഡബ്ല്യൂ യോഗം വിളിച്ചുചേര്‍ത്തത്.
സിറിയന്‍ സര്‍ക്കാരിന്റെ രാസായുധ പ്രയോഗത്തെ അപലപിക്കുന്നതില്‍ സംഘടന കാലതാമസം വരുത്തുന്നതായി യുഎസ് പ്രതിനിധി അഭിപ്രായപ്പെട്ടു. രാസാക്രമണം നടന്ന പ്രദേശം റഷ്യന്‍ സംഘം സന്ദര്‍ശിച്ചുവെന്നാണ് കരുതുന്നതെന്നു കെന്നത്ത് വാര്‍ഡ് വ്യക്തമാക്കി. തെളിവുകള്‍ നശിപ്പിക്കുന്നതിനായി റഷ്യ തിരിമറി നടത്തിയിട്ടുണ്ടാവാം. ഫലപ്രദമായ അന്വേഷണം നടത്തുന്ന ഒപിസിഡബ്ല്യൂവിന്റെ വസ്തുതാന്വേഷണ ദൗത്യത്തെ അട്ടിമറിക്കാനാണ് റഷ്യയുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. 2014 മുതല്‍ 390 തവണ സിറിയ രാസായുധ പ്രയോഗം നടത്തിയതായി ബ്രിട്ടിഷ് പ്രതിനിധി പീറ്റര്‍ വില്‍സണ്‍ ഒപിസിഡബ്ല്യൂ യോഗത്തില്‍ അഭിപ്രായപ്പെട്ടു. സിറിയയിലെ രാസായുധ പ്രയോഗങ്ങള്‍ സംഘടനയുടെ പരാജയമാണെന്നും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദൗമയില്‍ രാസാക്രമണം നടന്ന പ്രദേശത്ത് റഷ്യ തിരിമറി നടത്തിയിട്ടില്ലെന്നു വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പ്രതികരിച്ചു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഏപ്രില്‍ ഏഴിന് ദൗമയില്‍ രാസാക്രമണം നടന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാര്‍ഥത്തില്‍ അവിടെ ആക്രമണം നടന്നിട്ടില്ലെന്നും അത് കെട്ടിച്ചമച്ചതാണെന്നും ലാവ്‌റോവ് പറയുന്നു. നേരത്തേയും ലാവ്‌റോവ് സമാന പ്രതികരണം നടത്തിയിരുന്നു.
ദൗമയില്‍ രാസായുധ നിരീക്ഷകര്‍ പരിശോധന നടത്തുന്നതിനു മുമ്പ് എന്തുകൊണ്ടാണ് യുഎസും സഖ്യകക്ഷികളും സിറിയയില്‍ വ്യോമാക്രമണം നടത്തിയതെന്ന് ലാവ്‌റോവ് ചോദിച്ചു.
Next Story

RELATED STORIES

Share it