World

റഷ്യയെ മടക്കിക്കൊണ്ടുവരണമെന്ന് ട്രംപ്; വിയോജിച്ച് യൂറോപ്പ്

ക്യൂബെക്(കാനഡ): റഷ്യയെ മടക്കിക്കൊണ്ടുവന്ന് ജി7 വിപുലീകരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍, ട്രംപിന്റെ നിര്‍ദേശം യൂറോപ്പ് തള്ളി. വ്യാപാരനയത്തില്‍ യുഎസുമായുള്ള ഭിന്നത രൂക്ഷമാവുന്ന തരത്തിലുള്ളതായിരുന്നു രണ്ടു ദിവസം നീണ്ട ജി7 ഉച്ചകോടിയില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ നീക്കം.
റഷ്യയെ തിരികെ കൊണ്ടുവരണമെന്ന ട്രംപിന്റെ ആവശ്യത്തോട് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും  എതിര്‍പ്പ് പ്രകടിപ്പിച്ചു. ഉക്രയ്‌നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ റഷ്യയെ ജി7 കൂട്ടുകെട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നു ആന്‍ഗല മെര്‍ക്കല്‍ വ്യക്തമാക്കി. ഉക്രയ്‌നില്‍ നിന്നും ക്രീമിയ അതിക്രമിച്ചു കീഴ്‌പ്പെടുത്തിയതിന്റെ പേരിലാണ് 2014ല്‍ മുഖ്യ വ്യവസായി രാഷ്ട്രങ്ങളുടെ സംഘടനയായ ജി8 സഖ്യത്തില്‍ നിന്നു റഷ്യയെ പുറത്താക്കിയത്. റഷ്യയെ തിരികെ കൊണ്ടുവരുന്നതില്‍ കാനഡയും എതിര്‍പ്പു പ്രകടിപ്പിച്ചു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയത്തിന് 10 ശതമാനവും നികുതി ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനം യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിഷേധത്തിനു കാരണമായിരുന്നു.
ട്രംപിന്റെ വ്യാപാര തീരുവ തികച്ചും നിയമവിരുദ്ധമാണെന്നു കാനഡ പ്രതികരിച്ചിരുന്നു. വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, ഇറാന്‍ തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിന്റെ നിലപാടിനോട് യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
ജി7 രാജ്യങ്ങളുമായുള്ള വ്യാപാരം നീതിയുക്തമല്ലെന്ന് ഉച്ചകോടിക്ക് പുറപ്പെടുന്നതിനു മുമ്പ്  ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, സഖ്യത്തില്‍ ഒറ്റപ്പെടുന്നത് ട്രംപ് ഗൗരവത്തിലെടുക്കുന്നില്ലെന്നും ആവശ്യമെങ്കില്‍ തങ്ങള്‍ ആറു രാജ്യങ്ങളുള്ള സഖ്യത്തിന് തയ്യാറാവുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, ഫ്രാന്‍സുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് പറഞ്ഞു. യുഎസുമായി ചര്‍ച്ച തുടരുമെന്ന് ചര്‍ച്ചയ്ക്കു ശേഷം മാക്രോണും ട്വീറ്റ് ചെയ്തു.  അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ യൂറോപ്യന്‍ യൂനിയനുമായി സാങ്കേതികതലത്തിലുള്ള ഒരു വ്യാപാര ചര്‍ച്ച ആരംഭിക്കാന്‍ ട്രംപ് സമ്മതിച്ചതായും മാക്രോണിന്റെ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it