Flash News

റഷ്യയുമായി രഹസ്യ വാര്‍ത്താവിനിമയ സംവിധാനത്തിന് കുഷ്‌നറുടെ ശ്രമം



വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകന്‍ ജെറാദ് കുഷ്‌നര്‍ റഷ്യയുമായി രഹസ്യ വാര്‍ത്താവിനിമയ ബന്ധത്തിന് ശ്രമം നടത്തിയതായി റിപോര്‍ട്ട്. മോസ്‌കോയുമായുള്ള ചര്‍ച്ചകളില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍ ഇല്ലാതാക്കാനാണ് കുഷ്‌നര്‍ റഷ്യന്‍ സംവിധാനം ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ട് ഒരുമാസത്തിനു ശേഷമാണ് ഇത്തരമൊരു സംവിധാനത്തിന് അദ്ദേഹം ശ്രമിച്ചത്. സംഭവത്തില്‍, കുഷ്‌നറോ വൈറ്റ്ഹൗസ് വൃത്തങ്ങളോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഡിസംബറില്‍ ജാര്‍ഡ് റഷ്യന്‍ അംബാസിഡറുമായും മോസ്‌കോയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥനുമായും നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് കഴിഞ്ഞ ദിവസം യുഎസ് പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ട്രംപിന്റെ വിജയത്തിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച ആരോപണങ്ങളില്‍ എഫ്ബിഐ നടത്തുന്ന അന്വേഷണങ്ങളില്‍ കുഷ്‌നറും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവന്നത്. യുഎസും റഷ്യയും തമ്മില്‍ റെഡ്‌ഫോണ്‍ എന്ന പേരില്‍ ഹോട്ട്‌ലൈന്‍ സംവിധാനം നിലവിലുണ്ട്. രണ്ടാം ലോകയുദ്ധത്തിനു ശേഷം നടന്ന ശീതയുദ്ധ കാലത്ത് ആണവ വിപത്ത് തടയുന്നതിനായിട്ടായിരുന്നു ഇത്തരമൊരു സംവിധാനം ഒരുക്കിയത്. ഇതിനു സമാനമായൊന്ന് തയ്യാറാക്കാനായിരുന്നു കുഷ്‌നറുടെ ശ്രമം.
Next Story

RELATED STORIES

Share it