റഷ്യയുടെ നഷ്ടം, ലോകത്തിന്റെയും!

കാല്‍പ്പന്തുകളിയുടെ ഉല്‍സവമാണ് റഷ്യയില്‍ അരങ്ങുതകര്‍ക്കുന്നത്. എന്നാല്‍ ആ ഉല്‍സവാകാശത്തിനി കാലചക്രത്തെ കാല്‍പ്പന്തുകൊണ്ട് തോല്‍പ്പിച്ച രണ്ടു സുവര്‍ണ നക്ഷത്രങ്ങളില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും ക്വാര്‍ട്ടര്‍ കാണാതെ ലോകകപ്പില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ പടിയിറങ്ങിപ്പോവുന്നത് രണ്ട് ഇതിഹാസങ്ങള്‍ മാത്രമല്ല. റഷ്യന്‍ ലോകകപ്പിന്റെ ഏറ്റവും വലിയ പ്രകാശഗോപുരങ്ങളായിരുന്ന രണ്ടു നക്ഷത്രങ്ങളാണ്.
ആര്‍ത്തിരമ്പിയാണ് ലോകത്തേറ്റവും ആരാധക പിന്തുണയുള്ള ടീമുകളിലൊന്നായ അര്‍ജന്റീന റഷ്യയിലെത്തിയത്. കിരീടമെടുക്കുന്ന രാത്രി അന്നുമുതല്‍ ആരാധകക്കൂട്ടം സ്വപ്‌നം കണ്ടു. ലോകകപ്പിന്റെ ആദ്യഘട്ട മല്‍സരങ്ങളില്‍ നിറംമങ്ങിപ്പോയ അര്‍ജന്റീനയെയും മെസ്സിയെയും ആരാധകര്‍ ചങ്കിടിപ്പോടെയാണ് നോക്കിക്കണ്ടത്. എന്നാല്‍ ഫുട്‌ബോളിന്റെ മിശ്ശിഹ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ദിനത്തിനായവര്‍ കാത്തിരുന്നു. അവസാനം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ നൈജീരിയക്കെതിരേ ആരാധകരുടെ മിശ്ശിഹ ഉയിര്‍ത്തെഴുന്നേറ്റു. ആവേശം വാരിവിതറിയ മല്‍സരം ആരാധകരെ സുവര്‍ണക്കപ്പുയര്‍ത്തുന്ന നീലപ്പടയെ സ്വപ്‌നംകാണിച്ചു.
വാദങ്ങളോ ലോകകപ്പ് പ്രതാപങ്ങളോ ഇല്ലാതെയാണ് പോര്‍ച്ചുഗല്‍ റഷ്യന്‍ മണ്ണിലെത്തിയത്. ലോകകപ്പ് അവര്‍ക്ക് അകലങ്ങളില്‍ കാണുന്ന കര മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ പോര്‍ച്ചുഗീസ് കൂട്ടം ലോകകപ്പ് കിരീടം അതിയായി മോഹിച്ചു. ടീമെന്ന ദുര്‍ബലമായ പടക്കപ്പലിനേക്കാള്‍ റൊണാള്‍ഡോയെന്ന കപ്പിത്താനില്‍ അവര്‍ പ്രതീക്ഷയര്‍പ്പിച്ചു. ആരാധകക്കൂട്ടവും സഹതാരങ്ങളും റൊണാള്‍ഡോയുടെ ചിറകിലേറി വിജയതീരത്തണയുന്ന പറങ്കിപ്പടയെ സ്വപ്‌നംകണ്ടു. അതിനു സമാനമെന്നവണ്ണം ആദ്യ മല്‍സരത്തില്‍ ലോകകപ്പിലെ തന്നെ സാധ്യതാ ടീമുകളിലൊന്നായ സ്‌പെയിനിനെതിരേ ഏതു ടീമും കൊതിക്കുന്ന സ്വപ്‌നസമാനമായ തുടക്കം. വിജയമുറപ്പിച്ച സ്‌പെയിനിന്റെ കാലാള്‍പ്പടയില്‍ നിന്നു റൊണാള്‍ഡോ എന്ന ഒറ്റയാന്‍ വിജയം തട്ടിയകറ്റി. മല്‍സരഫലം സമനിലയാണെങ്കിലും പോര്‍ച്ചുഗലിനും റൊണാള്‍ഡോയ്ക്കുമത് വിജയത്തോളം പോന്നതായിരുന്നു. റോണോയുടെ വണ്‍മാന്‍ ഷോ കണ്ട മല്‍സരത്തില്‍ ഹാട്രിക് നേടി 3-3ന് മല്‍സരം പിരിഞ്ഞു. ആരാധകരുടെ പ്രതീക്ഷയത്രയും ടീമിനേക്കാള്‍ ആ ഒറ്റയാനിലായിരുന്നു. തോല്‍വിയറിയാതെ പ്രീക്വാര്‍ട്ടറിലേക്കു പറങ്കിപ്പട മുന്നേറിയപ്പോള്‍ ഉറപ്പില്ലെങ്കിലും അവര്‍ വിശ്വസിച്ചു. റൊണാള്‍ഡോ ലോകകിരീടമുയര്‍ത്തുന്ന നിമിഷത്തിനായി.
ജൂണ്‍ 30. കാല്‍പ്പന്തുകളിയിലെ നവനക്ഷത്രങ്ങളെ കാര്‍മേഘം മറച്ചുകളഞ്ഞ ദിവസം. റഷ്യന്‍ ലോകകപ്പിന്റെ ഇരുണ്ട ദിനം. പ്രീക്വാര്‍ട്ടറിന്റെ ആദ്യ മല്‍സരത്തില്‍ അര്‍ജന്റീന ഫ്രാന്‍സിനോടേറ്റുമുട്ടുമ്പോള്‍ ആരാധകരൊരിക്കലും തോല്‍വി സ്വപ്‌നംകണ്ടിരുന്നില്ല. എന്നാല്‍ റഷ്യന്‍ മണ്ണിലെ ഫ്രഞ്ച് വിപ്ലവത്തോട് പിടിച്ചുനില്‍ക്കാന്‍ അര്‍ജന്റീനയുടെ യോദ്ധാക്കള്‍ക്കു സാധിച്ചില്ല. എംബാപ്പെയെന്ന 19കാരന്‍ ഇടിച്ചു കയറിയത് അര്‍ജന്റീനന്‍ പ്രതീക്ഷകള്‍ക്കു മുകളിലായിരുന്നു. ഫ്രാന്‍സിന്റെ വ്യക്തമായ മേധാവിത്വം കണ്ട മല്‍സരത്തില്‍ 4-3ന് നീലപ്പട ലോകകപ്പില്‍ നിന്നു പടികടന്നിറങ്ങി. ലോകം വേദനിച്ചത് ഒരു മനുഷ്യന്റെ കലങ്ങിമറിഞ്ഞ കണ്ണുകള്‍ കണ്ടപ്പോഴാണ്. ലയണല്‍ മെസ്സിയെന്ന ഫുട്‌ബോള്‍ മിശ്ശിഹ കണ്ണുകള്‍ നിറഞ്ഞ് മൈതാനത്തു നിന്നു. ലോക ഫുട്‌ബോളിന്റെ നക്ഷത്രങ്ങളിലൊന്നില്‍ അന്ന് നിരാശയുടെ മേഘം മൂടി.
റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ കളിച്ചതില്‍ ടീമെന്ന നിലയില്‍ ഏറ്റവും ഒത്തിണക്കത്തോടെയാണ് പോര്‍ച്ചുഗല്‍ ഉറുഗ്വേയ്‌ക്കെതിരേ കളിച്ചത്. പന്തടക്കത്തിലും മുന്നേറ്റങ്ങളിലും മികച്ചു നിന്ന പറങ്കിപ്പട തോറ്റു പോയത് കവാനിയെന്ന മഹാമേരുവിനു മുന്നിലായിരുന്നു. 1-2ന് റൊണാള്‍ഡോയുടെ പോര്‍ച്ചുഗീസും അര്‍ജന്റീനയ്ക്കും പിന്നാലെ ടൂര്‍ണമെന്റില്‍ നിന്നു വിടപറഞ്ഞു. ആദ്യ മല്‍സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച അതേ മൈതാനത്ത് നിസ്സഹായനായി റൊണാള്‍ഡോ നിന്നു. ആ നിമിഷം ലോക ഫുട്‌ബോളിന്റെ മറ്റൊരു നക്ഷത്രത്തിന്റെ കൂടി പടിയിറക്കം. മൈതാനം തന്റെ കാലുകൊണ്ടു വെട്ടിപ്പിടിച്ച റോണോ നിറഞ്ഞ കണ്ണുകളുമായി യാത്രയായി. പടയില്ലാത്ത ലോകത്തിലെ ഏറ്റവും ശക്തനായ പടത്തലവന്റെ മടക്കം.
ഇനി മറ്റൊരു ലോകകപ്പ് റോണോയ്ക്കും മെസ്സിക്കും ഉണ്ടാവുമോ എന്നത് സംശയമാണ്. ഫുട്‌ബോളിലെ യുവത്വം 30 വയസ്സിനു താഴെയാണ്. അതിനുശേഷം വാര്‍ധക്യമാണ്. ഫുട്‌ബോളിന്റെ പ്രതിഭാ വാര്‍ധക്യം. റഷ്യന്‍ ലോകകപ്പിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് ഇരു ഇതിഹാസങ്ങളുടെയും വിടവാങ്ങല്‍. കാല്‍പ്പന്തു മൈതാനത്തെ ഒറ്റയ്ക്കു കീഴ്‌പ്പെടുത്തുന്ന റൊണാള്‍ഡോയുടെ ഉറച്ച ചുവടുകളും കരുത്തുറ്റ ഷോട്ടുകളും ഇനി ലോകകപ്പിനില്ല. വഴുതിമാറുന്ന മെയ്‌വഴക്കവും അദ്ഭുതം നിറയ്ക്കുന്ന മെസ്സിയുടെ മിശ്ശിഹാ ടച്ചുകളും വിടപറഞ്ഞിരിക്കുന്നു റഷ്യയില്‍ നിന്ന്. ലോകകപ്പ് കിരീടം നഷ്ടസ്വപ്‌നമാക്കി ആ സുവര്‍ണ നക്ഷത്രങ്ങള്‍ വിടപറഞ്ഞിരിക്കുന്നു. നീ ഹതഭാഗ്യനാണ് റഷ്യ, ഫുട്‌ബോളിന്റെ ഇതിഹാസങ്ങളുടെ ചുവടുകള്‍ നിന്റെ മണ്ണില്‍ നിന്നു നഷ്ടപ്പെട്ടിരിക്കുന്നു.
Next Story

RELATED STORIES

Share it