Flash News

റഷ്യയില്‍ ഇന്ന് കിക്കോഫ്്; ആദ്യ മല്‍സരം റഷ്യയും സൗദി അറേബ്യയും തമ്മില്‍

റഷ്യയില്‍ ഇന്ന് കിക്കോഫ്്; ആദ്യ മല്‍സരം റഷ്യയും സൗദി അറേബ്യയും തമ്മില്‍
X

മോസ്‌കോ: ലോക ഫുട്‌ബോള്‍ കായിക പ്രേമികള്‍ കാത്തിരുന്ന ആ ആവേശരാവുകള്‍ക്ക് ഇനി മണിക്കൂറിന്റെ ദൂരം മാത്രം. ഇന്ന് ഇന്ത്യന്‍സമയം രാത്രി 8 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം കൃത്യം 8.30ന് ആതിഥേയരായ റഷ്യയും ഗള്‍ഫ് കരുത്തരായ സൗദി അറേബ്യയും തമ്മിലുള്ള പോരാട്ടത്തിലൂടെ കാല്‍പന്ത് ഉല്‍സവത്തിന് പ്രാരംഭം കുറിക്കും. ആതിഥേയരാജ്യമെന്ന മുന്‍തൂക്കമുള്ള റഷ്യക്ക് മല്‍സരത്തില്‍ കാണികളുടെ മികച്ച പിന്തുണ ലഭിക്കുമെന്നതിനാല്‍ അവര്‍ക്കാണ് ജയ സാധ്യത കൂടുതല്‍.
എന്നാല്‍ നിലവിലെ പ്രകടനം ടീമിന് വന്‍ നിരാശയാണ് നല്‍കുന്നത്. ഇതേതുടര്‍ന്ന് അവരുടെ റാങ്കിങില്‍ ഇടിവ് സംഭവിച്ചതുമാണ്. ഇന്നത്തെ മല്‍സരത്തിന് ശേഷം  ഇരു ടീമുകളെയും കാത്തിരിക്കുന്നത് ലോകം കിരീട സാധ്യത കല്‍പിക്കുന്ന ഉറുഗ്വേയും സലാഹ് മുന്നില്‍ നിന്ന് നയിക്കുന്ന ഈജിപ്തുമാണ്. ഇന്ന് പരാജയപ്പെട്ടാല്‍ ഈ ടീമുകളോടുള്ള അടുത്ത മല്‍സരങ്ങളില്‍ ജയം അനിവാര്യമാണെന്നിരിക്കേ ജയം ഇരുകൂട്ടര്‍ക്കും നിര്‍ണായകമാണ്. ഇത്തവണ ലോകകപ്പില്‍ കളിക്കുന്ന ടീമുകളില്‍ ഏറ്റവും പിറകിലുള്ള ടീമുമാണ് റഷ്യ. നിലവില്‍  70ാം  സ്ഥാനത്താണ് റഷ്യയുള്ളത്. എന്നാല്‍ സൗദിയാവട്ടെ 67ാം സ്ഥാനത്തും. ലോകം വാണ ഫുട്‌ബോള്‍ രാജ്യത്തെ കീഴ്‌പ്പെടുത്താനുള്ള ശക്തിയും അവര്‍ക്കുണ്ട്. 2008ലെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സെമിയിലെത്തിയത് ഇതിനൊരുദാഹരണം മാത്രം. എന്നാല്‍ അന്ന് തൊട്ട് ഇന്നുവരെ അവര്‍ കളിച്ച പ്രമാദമായ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലെ ഗ്രൂപ്പ് ഘട്ടം മറികടക്കാന്‍ അവര്‍ക്കായിട്ടില്ല എന്നതാണ് സങ്കടകരമായ കാര്യം. കൂടാതെ കോച്ച് സ്റ്റാനിസ്ലാവ് ചെര്‍ച്ചസോവും റഷ്യന്‍ താരങ്ങളും തമ്മില്‍ അത്ര നല്ല സൗഹൃദത്തിലല്ല എന്നതും ടീമിന്റെ ജയ സാധ്യതയ്ക്ക് കരിനിഴല്‍ വീഴ്ത്തുന്നു. എങ്കിലും റഷ്യയിലെ പ്രധാന ക്ലബായ സിഎസ്‌കെഎ മോസ്‌കോയുടെ ഗോള്‍ വല കാക്കുന്ന ഇഗോര്‍ അകിന്‍ഫീവിലാണ് ആരാധകരുടെ പ്രതീക്ഷ മുഴുവനും. റഷ്യയുടെ നായകന്റെ കൈകള്‍ ഭദ്രമാക്കിയാല്‍ ആദ്യ ജയം റഷ്യക്ക് സ്വന്തമാക്കാം. റഷ്യ അവസാനമായി കളിച്ച 10 മല്‍സരങ്ങളില്‍ ആറെണ്ണം പരാജയം നേരിട്ടപ്പോള്‍ ദക്ഷിണ കൊറിയക്കെതിരേ മാത്രമാണ് അവര്‍ക്ക് വെന്നിക്കൊടി നാട്ടാന്‍ കഴിഞ്ഞത്. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മല്‍സരത്തില്‍ അമ്പേ പരാജയമായിരുന്നു ഫലം. കളിച്ച നാല് കളികളില്‍ മൂന്നിലും പരാജയം നേരിട്ടപ്പോള്‍ അവസാന മല്‍സരത്തില്‍ ടൂര്‍ണമെന്റിന് യോഗ്യത നേടാന്‍ സാധിക്കാത്ത തുര്‍ക്കിക്കെതിരേ സമനിലയും പങ്കിട്ടു. കണക്കുകളെഴുതിയ കടലാസുകഷണങ്ങള്‍ സൂക്ഷിച്ച ചരിത്രം റഷ്യക്കില്ല. അവയെല്ലാം കാറ്റില്‍ പറത്തി പുത്തനൊരു യുഗത്തിലൂടെ ലോകകിരീടം ചൂടാനാണവര്‍ സ്വന്തം രാജ്യത്ത് കളിയഴകിന്റെ മൈതാനങ്ങള്‍ ഒരുക്കിയത്. ഇവിടെ ലക്ഷ്യത്തിലെത്താനുള്ള ഒരുക്കത്തിലാണവര്‍.  1994ല്‍ രണ്ടാം റൗണ്ടില്‍ തന്നെ ലോകകപ്പില്‍ നിന്ന് പുറത്ത് പോയ സൗദി ജയത്തോടെ പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും കടന്ന ചരിത്രം കുറിക്കാനാവും ശ്രമിക്കുക.
സാധ്യതാ ലൈനപ്പ്: റഷ്യ: ഇഗോര്‍ അകിന്‍ഫീവ്, മരിയോ ഫര്‍ണാണ്ടസ്, ഫെഡോര്‍ കുഡ്രിയഷോവ്, അലന്‍ സാഗിയോവ്, അലക്‌സാണ്ടര്‍ സമദാവ്, സെര്‍ജി ഇഗ്നാഷേവിച്ച്, യൂറി ഷിര്‍കോവ്, റോമന്‍ സോബ്‌നിന്‍, ഡാലര്‍ കുസ്യേവ്, അലന്‍ സഗോവ്, അലക്‌സാണ്ടര്‍ ഗോളോവിന്‍, ഫെഡോര്‍ സ്‌മോളോവ്. സൗദി: അബ്ദുള്ളാ അല്‍മുഫ്, ഉസ്മാഹ് ഉസാവി, ഒമര്‍ ഹൊസാവി, യാസ്സര്‍ അല്‍ ഷെഹ്‌റാനി, മുഹമ്മദ് അല്‍ ബരീക്, അബ്ദുളളാഹ് ഓത്തിഫ്, സല്‍മാന്‍ അല്‍ ഫരേജ്, യഹ്യ അല്‍ ഷിഹരി, തെയ്‌സില്‍ അല്‍ ജാസ്സിം, സലാം അല്‍ ദോസ്സാരി, ഫഹദ് അല്‍ മൊലാദ്.
Next Story

RELATED STORIES

Share it