റഷ്യയില്‍ ഇനി ലാറ്റിനമേരിക്കയില്ല

റഷ്യന്‍ ലോക കപ്പില്‍ നിന്നു ബ്രസീലിന്റെ സാംബതാളവും പടിയിറങ്ങുന്നതോടെ ഒരു കാലത്തു ഫുട്‌ബോള്‍ ലോകം അടക്കിവാണ ലാറ്റിനമേരിക്കന്‍ കരുത്തിന്റെ അസ്തമയമാണു കാണുന്നത്. ലോക കാല്‍പ്പന്തു യുഗത്തെ പ്രണയിപ്പിച്ച ആ ഫുട്‌ബോള്‍ കരുത്ത് ഇനി റഷ്യയുടെ ലോകകപ്പ് പാരമ്പര്യത്തില്‍ അവശേഷിക്കുന്നില്ല.
അഞ്ചു ടീമുകളാണ് ഇത്തവണ റഷ്യന്‍ ലോകകപ്പിലെത്തിയത്. ലോകകപ്പിനോട് ആദ്യം വിടപറഞ്ഞ ലാറ്റിനമേരിക്കന്‍ പ്രതീക്ഷ പെറുവായിരുന്നു. ദുര്‍ബലമായ ടീമിനെയും കൊണ്ട് ലോക കപ്പിനെത്തിയ പെറുവിനു പ്രതീക്ഷകളധികം ഇല്ലാത്തതിനാല്‍ ആ വിടപറച്ചിലിനെ അവര്‍ അധിക ദുഃഖത്തോടെയായിരിക്കില്ല സമീപിച്ചത്.
പിന്നീടു യാത്ര പറഞ്ഞതു ലാറ്റിനമേരിക്കന്‍ കരുത്തിന്റെ നേര്‍രൂപമായ അര്‍ജന്റീനയായിരുന്നു. ലോക ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്ട ടീമായ അര്‍ജന്റീന ഫുട്‌ബോളില്‍ നിന്നു വിടചൊല്ലിയപ്പോള്‍ കായികലോകം വിശ്വസിക്കാനാവാതെ ആ കാഴ്ച നോക്കിക്കണ്ടു. മെസ്സിയുടെ നീലപ്പടയുടെ പുറത്താവല്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ശക്തിയെ മറ്റൊരു പാഠം കൂടി പഠിപ്പിച്ചു. ലോകകപ്പില്‍ അനുഭവ സമ്പത്തിനേക്കാള്‍ പ്രാധാന്യം യുവനിരയുടെ അക്രമണ ഫുട്‌ബോളിനാണെന്ന്.
ലോകകപ്പിലെ ഏറ്റവും ആകര്‍ഷകവും ശക്തവുമായ ടീമിന്റെ പടിയിറക്കത്തിനാണ് അര്‍ജന്റീനയുടെ പുറത്താവല്‍ വഴിവച്ചത്. നൈജീരിയയെ അവിശ്വസനീയമായി തോല്‍പിച്ച് ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കിയ അര്‍ജന്റീന ഫൈനല്‍ വരെ ഈ കുതിപ്പു തുടരുമെന്നു തോന്നിച്ചെങ്കിലും പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ അതിവേഗപ്പാച്ചിലിനു മുന്നില്‍ തകര്‍ന്നടിഞ്ഞു.
ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ നവശക്തിയായി കണക്കാക്കിയിരുന്ന ടീമാണ് കൊളംബിയ. മൈതാനത്തെ ആക്രമണ ഫുട്‌ബോളിന്റെ ചാരുതയും കളിശൈലിയെല്ലാം ബ്രസീലിനോട് സാമ്യത പുലര്‍ത്തിയ ടീം. പ്രതീക്ഷകള്‍ കൈവിടാതെ പ്രീ ക്വാര്‍ട്ടര്‍ വരെ മുന്നേറിയ കൊളംബിയക്ക് അടിതെറ്റിയതു യൂറോപ്പ് ശക്തികേന്ദ്രങ്ങളിലൊന്നായ ഇംഗ്ലണ്ടിന്റെ മുന്നില്‍ മാത്രമാണ്. പൊരുതിക്കളിച്ചെങ്കിലും ഭാഗ്യം ഇംഗ്ലീഷ് പടയ്‌ക്കൊപ്പം നിന്നപ്പോള്‍ കണ്ണീരോടെ വിടപറയേണ്ടി വന്നു കൊളംബിയയുടെ മഞ്ഞപ്പടയ്ക്ക്.
ശേഷിക്കുന്ന ലാറ്റിനമേരിക്കന്‍ ശക്തിസ്രോതസ്സുകളായി ഉറുഗ്വേയും ബ്രസീലും റഷ്യയില്‍ പിടിച്ചുനിന്നു. ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും അവരുടെ ചുവരിലായിരുന്നു. എന്നാല്‍ അവസാനത്തോട് അടക്കുംതോറും അവര്‍ക്കും അടിതെറ്റി.
പോര്‍ച്ചുഗലിനെ പ്രതിരോധക്കോട്ടയില്‍ കണ്ണുകെട്ടിച്ച ഉറുഗ്വേ തന്ത്രം ഫ്രാന്‍സ് ആക്രമണ ഫുട്‌ബോളിലൂടെ തകര്‍ത്തെറിഞ്ഞു. ഫ്രാന്‍സിന്റെ വേഗതയാര്‍ന്ന ആക്രമണത്തിനു മുന്നില്‍ ഉറുഗ്വേ കിതച്ചുവീണു.
അവസാനം ലോക ഫുട്‌ബോള്‍ മാമാങ്കത്തില്‍ ബ്രസീലിന്റെ മഞ്ഞപ്പട മാത്രം അവശേഷിച്ചു. ലോകകപ്പില്‍ നിന്നു ലാറ്റിനമേരിക്കയെ പുറംതള്ളുന്ന യൂറോപ്യന്‍ ഫുട്‌ബോളിനെ തളച്ചിടാന്‍ കാനറിപ്പടയ്ക്ക് ആവുമെന്നവര്‍ വിശ്വസിച്ചു. എന്നാല്‍ ക്വാര്‍ട്ടര്‍ വരെ മുന്നേറിയ ബ്രസീലിയന്‍ നിര ബെല്‍ജിയത്തിന്റെ ചുവപ്പന്‍ ചെകുത്താന്‍മാര്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു. ബ്രസീലിന്റെ പുറത്താവലോടു കൂടി ലാറ്റിനമേരിക്കന്‍ ശക്തികള്‍ പൂര്‍ണമായും റഷ്യയില്‍ നിന്നു തുടച്ചുനീക്കപ്പെട്ടു.
ഇനി റഷ്യയില്‍ യൂറോപ്യന്‍ പോരാണ്. മല്‍സരിക്കുന്ന ടീമുകളെല്ലാം യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ളവര്‍. റഷ്യയില്‍ ഇനി ആര് കിരീടമുയര്‍ത്തിയാലും അതു യൂറോപ്യന്‍ ഫുട്‌ബോളിന്റെ ഫുട്‌ബോള്‍ ആധിപത്യത്തിനു തുടക്കമാവും.
Next Story

RELATED STORIES

Share it