Flash News

റഷ്യയിലേക്ക് സ്‌പെയിനിന് ടിക്കറ്റ് ; ഇറ്റലിക്ക് പ്ലേ ഓഫ് പരീക്ഷ



അല്‍കെയ്ന്റ്: 2018 ല്‍ റഷ്യയില്‍ പന്ത് തട്ടാന്‍ സ്പാനിഷ് കാളക്കൂറ്റന്‍മാരും ഉണ്ടാവും. യൂറോപ്പ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അല്‍ബാനിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പൂട്ടിക്കെട്ടിയാണ് സ്‌പെയിന്‍ റഷ്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. ഇസ്‌കോയയും റോഡ്രിഗോയും അല്‍കാന്‍ഡ്രയും സ്‌പെയിനിനായി വലകുലുക്കിയ മല്‍സരത്തില്‍ സര്‍വാധിപത്യ ജയമാണ് സ്‌പെയിന്‍ അക്കൗണ്ടിലാക്കിയത്.     കാളക്കൂറ്റന്‍മാരെപ്പോലെ കളിക്കളത്തില്‍ കുതിച്ച് പാഞ്ഞ സ്‌പെയിന്‍ 16ാം മിനിറ്റില്‍ അക്കൗണ്ട് തുറന്നു. ഇസ്‌കോ നല്‍കിയ പാസിനെ ഇടം കാല്‍ ഷോട്ട് കൊണ്ട് വലയിലെത്തിച്ച റോഡ്രിഗോയാണ് സ്‌പെയിനിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. 24ാം മിനിറ്റില്‍ ഇസ്‌കോ സ്‌പെയിനിന്റെ ലീഡുയര്‍ത്തി. കോക്കെ നല്‍കിയ പാസിനെ ഇടത് വിങില്‍ നിന്ന് പിടിച്ചെടുത്ത് ഇസ്‌കോ തൊടുത്ത ഷോട്ട് അല്‍ബാനിയയുടെ ഗോള്‍ പോസ്റ്റിലേക്ക് പറന്നിറങ്ങി. സ്‌പെയിന്‍ 2-0ന് മുന്നില്‍.രണ്ട് ഗോളിന്റെ മുന്‍തൂക്കം ലഭിച്ചതോടെ കസറിക്കളിച്ച സ്‌പെയിനിന് വേണ്ടി 27ാം മിനിറ്റില്‍ തിയാഗോ അല്‍കാന്‍ഡ്രയും വലതുളച്ചു. അല്‍വാരോ ഒട്രിസോളയുടെ അസിസ്റ്റിലായിരുന്നു അല്‍കാന്‍ഡ്രയുടെ ഗോള്‍. പ്രതിരോധത്തിന് മൂര്‍ച്ചകൂട്ടി അല്‍ബാനിയ ഇറങ്ങിയപ്പോള്‍ രണ്ടാം പകുതിയില്‍ സ്‌പെയിനിന് ഗോളടിക്കാനായില്ല. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോള്‍ ജയം സ്വന്തമാക്കിയ സ്‌പെയിന്‍ ഗ്രൂപ്പ് ജിയില്‍ 25 പോയിന്റുകളുമായി ഒന്നാമതായാണ് ലോകകപ്പിന് യോഗ്യത ഉറപ്പിച്ചത്.
അസൂറിപ്പടയ്ക്ക് സമനിലക്കുരുക്ക്
2018 ലോകകപ്പില്‍ യോഗ്യത നേടാന്‍ ഇറ്റലിക്ക് ഇനി ാേഫ് കളിക്കണം. ഗ്രൂപ്പ് ജിയിലെ നിര്‍ണായക പോരാട്ടത്തില്‍ മാസിഡോണിയയോട് 1-1 സമനില വഴങ്ങിയതാണ് ഇറ്റലിക്ക് തിരിച്ചടിയായത്. ഒന്നാം പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ഇറ്റലി കളി കൈവിട്ടത്.മല്‍സരത്തില്‍ പന്തടക്കത്തില്‍ തുടക്കം മുതല്‍ മുന്നില്‍ നിന്ന് ഇറ്റലി 40ാം മിനിറ്റില്‍ ജിയോര്‍ജിയോ ചില്ലിനിയിലൂടെയാണ് അക്കൗണ്ട് തുറന്നത്. സിറോ ഇമ്മോബിലി വലത് വിങില്‍ നിന്ന് ഗോള്‍ പോസ്റ്റിനടുത്ത് നല്‍കിയ പാസിനെ അനായാസം ചില്ലിനി വലയിലാക്കുകയായിരുന്നു. ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്തിയാണ് അസൂറിപ്പട കളം വിട്ടത്.രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ച മാസിഡോണിയക്ക് വേണ്ടി 77ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ട്രാക്കോവ്‌സ്‌കി സമനില ഗോള്‍ നേടിക്കൊടുത്തു. മാസിഡോണിയന്‍ ഗോളിയുടെ ലോങ് ഷോട്ടിനെ ഞൊടിയിടയില്‍ പിടിച്ചെടുത്ത് ഗോരന്‍ പാന്‍ഡവ് നല്‍കിയ പാസിനെ ലക്ഷ്യം പിഴക്കാതെ ട്രാക്കോവ്‌സ്‌കി വലയിലെത്തിത്തു. അവസാന മിനിറ്റുകളില്‍ വിജയ ഗോളിനായി ഇരു ടീമുകളും പതിനെട്ടടവും പയറ്റിയെങ്കിലും 1-1 സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 20 പോയിന്റുകളുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇറ്റലിക്ക് ലോകകപ്പ് യോഗ്യത ലഭിക്കണമെങ്കില്‍ ഇനി പ്ലേ ഓഫ് കളിക്കേണ്ടി വരും.
Next Story

RELATED STORIES

Share it