റഷ്യയിലുണ്ടായ വിമാനദുരന്തം; പെരുമ്പാവൂരിനെ കണ്ണീരിലാഴ്ത്തി ദമ്പതികളുടെ അപകടമരണം

പെരുമ്പാവൂര്‍: റഷ്യയിലുണ്ടായ വിമാനദുരന്തത്തില്‍ പെരുമ്പാവൂര്‍ സ്വദേശികളായ ദമ്പതികളുടെ വിയോഗം ഇരുകുടുംബങ്ങളെയും കണ്ണീരിലാഴ്ത്തി. ശനിയാഴ്ച വെളുപ്പിന് റഷ്യയിലെ റോസ്‌റ്റോവ് ഒണ്‍ ഡോണ്‍ വിമാനത്താവളത്തിലുണ്ടായ ദുരന്തത്തില്‍ വെങ്ങോല ബഥനി കുരിശിനു സമീപം ചാമക്കാലായില്‍ വീട്ടില്‍ മോഹനന്റെ മകന്‍ ശ്യാം മോഹന്‍ (27), ഭാര്യ അഞ്ജു (26) എന്നിരുള്‍പ്പെടെ 62 പേരാണു മരിച്ചത്.
ശക്തമായ കാറ്റും കനത്ത മൂടല്‍മഞ്ഞും കാരണം റണ്‍വേ കാണാന്‍ സാധിക്കാതെ വിമാനം ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടാം തവണ ഇറങ്ങാനുള്ള ശ്രമത്തിനിടെ റണ്‍വേയില്‍ നിന്നു മാറി 50 മീറ്റര്‍ അകലെ ഇറങ്ങിയതാണ് അപകടത്തിനു കാരണം. ദുബയില്‍ നിന്ന് റഷ്യയിലേക്കു പറന്ന ഫ്‌ളൈ ദുബയ് ബോയിങ് 738-800 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
മൂന്നു വര്‍ഷമായി റഷ്യയിലെ സുല്‍ത്താന്‍ സ്പാ ആയുര്‍വേദ മസാജ് സെന്ററില്‍ ജോലി ചെയ്തിരുന്ന അഞ്ജു ഒരു വര്‍ഷം മുമ്പ് വിവാഹശേഷം ഐറ്റി മേഖലയില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവായ ശ്യാമിനെയും റഷ്യയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഒരു വര്‍ഷം മുമ്പ് 15 ദിവസത്തെ ലീവിനു വന്നശേഷമാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടര്‍ന്ന് ബന്ധുവീടുകള്‍ പോലും സന്ദര്‍ശിക്കാതെ റഷ്യയിലേക്ക് തിരികെ പോയ ദമ്പതികള്‍ രണ്ടുമാസം മുമ്പാണ് അവധിയെടുത്തു നാട്ടിലെത്തിയത്. പനച്ചിയം അമ്പലത്തില്‍ നടന്ന ഉല്‍സവത്തില്‍ രണ്ടുപേരും സജീവമായി പങ്കെടുത്തിരുന്നു. മരപ്പണിക്കാരനായ ശ്യാമിന്റെ പിതാവിനു സുഖമില്ലാത്തതിനാല്‍ ജോലിചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. പിതാവ് മരിച്ച അഞ്ജുവിനെ ആശ്രയിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇരുവരുടെയും പെട്ടെന്നുള്ള വിയോഗം ഇരുവീടുകളെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it