റഷ്യന്‍ സൈന്യം സിറിയയില്‍നിന്നു പിന്മാറുന്നു

മോസ്‌കോ: സിറിയയില്‍നിന്നു സൈന്യത്തെ പിന്‍വലിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ഇന്നലെ രാവിലെ മുതല്‍ മെയ്മിം വ്യോമ ആസ്ഥാനത്തുനിന്ന് സൈനികര്‍ റഷ്യയിലേക്ക് പുറപ്പെട്ടുതുടങ്ങി. പാശ്ചാത്യരാജ്യങ്ങള്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. സമാധാനചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പുതിയ നീക്കം സിറിയന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
അതേസമയം, സിറിയന്‍ ആഭ്യന്തരസംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ജനീവയില്‍ നടക്കുന്ന സമാധാന ചര്‍ച്ച രണ്ടാംദിവസത്തിലേക്കു കടന്നു. ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്ന യുഎന്‍ പ്രത്യേക നയതന്ത്രജ്ഞന്‍ സ്റ്റഫാന്‍ ഡി മിസ്തൂരയും റഷ്യയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
സിറിയയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന ആരോപണം നിഷേധിച്ച റഷ്യ പരസ്പര ധാരണയോടെയാണ് പിന്മാറ്റമെന്നു വിശദീകരിച്ചു. എത്രത്തോളം സൈനിക വിമാനങ്ങളാണ് നിലവില്‍ പിന്‍വലിച്ചതെന്നോ പൂര്‍ണ പിന്മാറ്റം എന്നാണെന്നോ റഷ്യ അറിയിച്ചിട്ടില്ല.
Next Story

RELATED STORIES

Share it