Flash News

റഷ്യന്‍ ലോകകപ്പില്‍ പന്ത് തട്ടാന്‍ ഇറ്റലിയില്ല, നിരാശയോടെ ബഫണും പടയിറങ്ങി

റഷ്യന്‍ ലോകകപ്പില്‍ പന്ത് തട്ടാന്‍ ഇറ്റലിയില്ല, നിരാശയോടെ ബഫണും പടയിറങ്ങി
X


മിലാന്‍:  ലോക ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്തയോടെയാണ് ഇറ്റലി സ്വീഡന്‍ മല്‍സരം അവസാനിച്ചത്. ലോക ഫുട്‌ബോളില്‍ നാല് തവണ ലോകകപ്പ് കിരീടം ചൂടിയ രണ്ട് ടീമുകളിലൊന്നായ ഇറ്റലിക്ക് റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാനായില്ല. പ്ലേ ഓഫ് കടമ്പയിലെ നിര്‍ണായക മല്‍സരത്തില്‍ സ്വീഡനോട് ഗോള്‍ രഹിത സമനില വഴങ്ങിയതാണ് ഇറ്റലിയുടെ ലോകകപ്പ് മോഹങ്ങളെ പൂട്ടിക്കെട്ടിയത്. 60 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറ്റലിയില്ലാതെ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത്. ഇരുപാദങ്ങളിലുമായി 1-0ന്റെ വിജയം സ്വന്തമാക്കി സ്വീഡന്‍ ലോകകപ്പിലേക്ക് ടിക്കറ്റും സ്വന്തമാക്കി.2006ലെ ജര്‍മന്‍ ലോകകപ്പിനുശേഷം പന്ത്രണ്ടു വര്‍ഷത്തിനുശേഷമാണ് സ്വീഡന്‍ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുന്നത്.
രണ്ടാംപാദത്തില്‍ രണ്ടു ഗോള്‍ മാര്‍ജിനില്‍ ജയിച്ച് ലോകകപ്പിനു യോഗ്യത നേടാനുറച്ച് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇറങ്ങിയ ഇറ്റലി നാണംകെട്ടു. ഒരു ഗോള്‍ പോലും മടക്കാനാവാതെ ഇറ്റാലിയന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ മുഖം കുനിച്ചിരുന്നത് ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ നൊമ്പരമായി എക്കാലവുമുണ്ടാവും. ഇറ്റലിയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയിജി ബഫണിന്റെ കരിയര്‍ ദുരന്തത്തോടെ കലാശിക്കുകയും ചെയ്തു. 2018ലെ ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് 39 കാരന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോകകപ്പില്‍ കളിക്കുന്നതിന് മുമ്പ് തന്നെ ബഫണിന് വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടി വന്നു.
ഫുട്‌ബോളിന്റെ സിംഹാസനം നാല് തവണ പിടിച്ചെടുത്ത ഇറ്റലിക്ക് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത തിരിച്ചടിയാണ് സ്വീഡന്‍ നല്‍കിയത്. സ്വന്തം തട്ടകത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ കണ്ണീരിലാഴ്ത്തി ഇറ്റലിക്ക് ബൂട്ടഴിക്കേണ്ടി വന്നു. മല്‍സരത്തില്‍ 75 ശതമാനം സമയത്തും പന്തടക്കത്തില്‍ മുന്നിട്ട് നിന്ന അസൂറിപ്പടയുടെ പോരാളികള്‍ ഗോളടിക്കാന്‍ മാത്രം മറന്നുപോയി. സ്വീഡിഷ് ഗോളി റോബിന്‍ ഓള്‍സനും ക്യാപ്റ്റന്‍ ആന്ദ്രെ ഗ്രാങ്ക്വിസ്റ്റും അസൂറികളുടെ വഴി തടയുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. എഴുപതിനായിരത്തോളം കാണികളുടെ ഹൃദയത്തുടിപ്പുകള്‍ ഒപ്പമുണ്ടായിരുന്നിട്ടും ഇറ്റലിയുടെ മുന്നേറ്റ നിരക്ക് ലക്ഷ്യം പിഴച്ചു. അന്റോണിയോ കാന്‍ഡ്രെവയ്ക്കും അലെസ്സാന്‍ഡ്രോ ഫ്‌ളോറന്‍സിക്കും നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം പിഴച്ചില്ലായിരുന്നെങ്കില്‍ നാണക്കേടിന്റെ ചരിത്രം ഇറ്റലിക്ക് പേറേണ്ടിവരില്ലായിരുന്നു.
1958ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പിലേക്കാണ് ഇതിനു മുമ്പ് ഇറ്റലിക്കു യോഗ്യത ലഭിക്കാതിരുന്നത്. അതേ സ്വീഡന്‍ തന്നെ ഇത്തവണ ഇറ്റലിയുടെ വഴി മുടക്കിയെന്നത് യാദൃശ്ചികതയാവാം. നാല് തവണ കിരീടത്തില്‍ മുത്തമിട്ട അസൂറികള്‍ക്കൊപ്പം (1934, 1938,1982,2006) കിരീടനേടത്തില്‍ നിലവിലെ ലോകകപ്പ് ജേതാക്കളായ ജര്‍മനി മാത്രമാണുള്ളത്. ഈ നേട്ടത്തില്‍ അഞ്ച് തവണ ലോകകപ്പ് നേടിയ ബ്രസീലാണ് മുന്‍പന്തിയിലുള്ളത്.1930ല്‍ യുറുഗ്വേയില്‍ നടന്ന പ്രഥമ ലോകകപ്പിലും ഇറ്റലിക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പ്രതിഭാസമ്പന്നരായ ഇതിഹാസ താരങ്ങളെ സമ്മാനിച്ച ഇറ്റലിയുടെ ഇപ്പോഴത്തെ നിരയില്‍ എടുത്തുപറയാന്‍ പറ്റിയ താരങ്ങളില്ലെന്നത് മറ്റൊരു വാസ്തവം. 1970ലും 1994ലും റണ്ണറപ്പുകളായ ഇറ്റലിക്ക് ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും നടന്ന കഴിഞ്ഞ രണ്ട് ലോകകപ്പിലും ഗ്രൂപ്പ് റൗണ്ടില്‍ തന്നെ പുറത്തുപോവേണ്ടി വന്നിരുന്നു. വീഴ്ച്ചയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്ത ഇറ്റലിക്ക് ലഭിച്ച ശക്തമായ തിരിച്ചടികൂടിയാണ് ലോകകപ്പിലേക്കുള്ള യോഗ്യത നഷ്ടപ്പെടുത്തിയത്.
നിലവില്‍ ദേശീയ ടീമിന്റെ കോച്ചായ ജിയാന്‍ പിയേറേ വെഞ്ചുറയെ നിയമിച്ചപ്പോള്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പരിശീലകനെന്ന നിലയില്‍ വലിയ സമ്പാദ്യങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത വെഞ്ചുറയ്ക്ക് 41 വര്‍ഷം നീണ്ട കരിയറില്‍ 1996ല്‍ താന്‍ പരിശീലിപ്പിച്ച ടീമിന് ഇറ്റലിയിലെ മൂന്നാം ഡിവിഷനില്‍ നിന്നു പ്രൊമോഷന്‍ നേടിക്കൊടുത്തുവെന്നത് മാത്രമാണ് നേട്ടമായുള്ളത്. പ്രതിരോധിച്ചു കളിക്കാന്‍ മാത്രമറിയുന്ന ടീമെന്ന ചീത്തപ്പേര് മാറ്റിക്കൊടുത്ത് ഇറ്റലിക്കു പുതിയൊരു മുഖം നല്‍കിയ പരിശീലകന്‍ അന്റോണിയോ കോന്റെ 2016ല്‍ പടിയിറങ്ങി പകരം വെഞ്ചുറയെ ചുമതലയേല്‍പ്പിച്ചപ്പോള്‍ തന്നെ ഫെഡറേഷന് പിഴച്ചു. ഇതു തന്നെയാണ് ഇപ്പോള്‍ ഇത്രയും വലിയൊരു ദുരന്തത്തില്‍ കലാശിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it