Flash News

റഷ്യന്‍ ലോകകപ്പിലേക്ക് ഇറാന് ടിക്കറ്റ്‌



തെഹ്‌റാന്‍: 2018 റഷ്യന്‍ ലോകകപ്പ് ടിക്കറ്റ് ഇറാന്‍ സ്വന്തമാക്കി. യോഗ്യതാ മല്‍സരത്തില്‍ ഉസ്‌ബെക്കിസ്താനെ ഏകപക്ഷീയമായ രണ്ട് ഗോളില്‍ പരാജയപ്പെടുത്തിയാണ് ഇറാന്‍ റഷ്യന്‍ ടിക്കറ്റ് സ്വന്തമാക്കിയത്. ആതിഥേയരായ റഷ്യക്കും ബ്രസീലിനും പിന്നാലെ ലോകകപ്പ് യോഗ്യത കരസ്ഥമാക്കിയ മൂന്നാമത്തെ രാജ്യമാണ് ഇറാന്‍. ഏഷ്യയില്‍ നിന്ന് ആദ്യമായി യോഗ്യത ഉറപ്പാക്കിയതും ഇറാനാണ്. തെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ സര്‍ദാര്‍ അസ്‌മോന്‍, മെഹ്ദി തറേമി എന്നിവരുടെ ഗോളുകളാണ് ഇറാന് ജയം സമ്മാനിച്ചത്. ഏഷ്യന്‍ മേഖലയിലെ ഗ്രൂപ്പ് എയില്‍ 20 പോയിന്റോടെ ഒന്നാംസ്ഥാനം നേടിയാണ് ഇറാന്‍ റഷ്യയിലേക്ക് യാത്ര തിരിക്കുന്നത്. യോഗ്യതാ റൗണ്ടിലെ എട്ട് മല്‍സരങ്ങളില്‍ ഒന്നില്‍ പോലും തോല്‍ക്കുകയോ ഒരു ഗോള്‍ പോലും വഴങ്ങുകയോ ചെയ്യാതെയാണ് കാര്‍ലോസ് ക്വുറോസിന്റെ ശിഷ്യന്മാര്‍ യോഗ്യത നേടിയത്. ആറ് ജയവും രണ്ട് സമനിലയുമുണ്ട് ഇറാന്. ഇറാന്റെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പാണിത്. ചരിത്രത്തിലാദ്യമായാണ് ഇറാന്‍ തുടര്‍ച്ചയായ രണ്ടു ലോകകപ്പുകള്‍ക്ക് എത്തുന്നത്. പരിശീലകനായി കാര്‍ലോസ് ക്വുറോസ് എത്തിയതിന് ശേഷമാണ് തുടര്‍ച്ചയായി രണ്ട് തവണ ഇറാന്‍ ലോകകപ്പില്‍ എത്തുന്നത്. 1978, 1998, 2006, 2014 വര്‍ഷങ്ങളിലാണ് ഇറാന്‍ ലോകകപ്പില്‍ പന്ത് തട്ടിയത്.
Next Story

RELATED STORIES

Share it