റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം: ഉക്രെയ്ന്‍ പൈലറ്റ് കുറ്റക്കാരിയെന്ന് റഷ്യ

മോസ്‌കോ: കിഴക്കന്‍ ഉക്രെയ്‌നിലെ മോര്‍ട്ടാര്‍ ആക്രമണത്തില്‍ രണ്ടു റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റഷ്യന്‍ പിടിയിലുള്ള ഉക്രെയ്ന്‍ വനിതാ പൈലറ്റ് നദിഷ്ദ ഷെവ്‌ചെങ്കോ കുറ്റക്കാരിയാണെന്നു കോടതി. എന്നാല്‍ അന്തിമ വിധി പുറത്തുവന്നിട്ടില്ല.
ഉക്രെയ്ന്‍ സൈന്യവും റഷ്യന്‍ അനുകൂല വിഘടനവാദികളും തമ്മിലുണ്ടായ പോരാട്ടം മൂര്‍ധന്യത്തിലെത്തിയ 2014 ജൂണിലാണ് റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനല്‍ ജീവനക്കാരായ ഇഗോര്‍ കോര്‍ണില്‍യുകും ആന്റണ്‍ വോളോഷിനും കൊല്ലപ്പെട്ടത്. ഇതേദിവസംതന്നെയാണ് ഷെവ്‌ചെങ്കോ വിഘടനവാദികളുടെ പിടിയിലാവുന്നതും. സൈന്യത്തോടൊപ്പം ചേര്‍ന്നു വിഘടനവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിനായി എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരുടെ നിര്‍ദേശാനുസരണമുണ്ടായ മോര്‍ട്ടാര്‍ ആക്രമണത്തിലാണു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതെന്നാണ് റഷ്യന്‍ ഭാഷ്യം. എന്നാല്‍ ഇക്കാര്യം ഷെവ്‌ചെങ്കോ നിഷേധിക്കുകയാണ്.മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ ഇവര്‍ വിമതരുടെ പിടിയിലായിരുന്നുവെന്നും ഫോണ്‍ റിക്കാര്‍ഡുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം തെളിയിക്കാനാവുമെന്നും അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
ഇവരെ യുദ്ധത്തടവുകാരിയായി പരിഗണിക്കണമെന്നും നിലവിലെ വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ വിട്ടയക്കണമെന്നും ഉക്രെയ്ന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it