World

റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നവല്‍നിക്ക് വിലക്ക്‌

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വഌദിമിര്‍ പുടിനെതിരേ മല്‍സരിക്കാനൊരുങ്ങിയ പ്രതിപക്ഷനേതാവ് അലക്‌സി നവല്‍നിക്ക് തിരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്ക്. 13 അംഗ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ 12 പേരും നവല്‍നിയെ അയോഗ്യനാക്കുന്നതിനെ അനുകൂലിച്ചു. ഒരാള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ക്രിമിനല്‍ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചതിന്റെ പേരിലാണ് കമ്മീഷന്റെ നടപടി.
കഴിഞ്ഞ ആഴ്ച നവല്‍നി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള പ്രഥമ യോഗ്യത നേടിയിരുന്നു. തുടര്‍ന്ന് 24ന് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പത്രിക സമര്‍പ്പിച്ചു.
എന്നാല്‍, പത്രിക തള്ളിയതിനെ തുടര്‍ന്ന് നവല്‍നി തിരഞ്ഞെടുപ്പ് ബഷ്‌കരണത്തിന് ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  നവല്‍നിക്ക് പിന്തുണയുമായി ആയിരക്കണക്കിനു പേര്‍  തെരുവിലിറങ്ങിയിട്ടുണ്ട്്.
മാര്‍ച്ചിലാണ് റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുക. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനം നിയമ ലംഘനമാണെന്ന് റഷ്യന്‍ ഭരണകൂടം അറിയിച്ചു.
റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുടിന്റെ എതിരാളിയെന്ന നിലയില്‍ നവല്‍നി രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ പുടിന്‍ വിജയിക്കുമെന്നാണ് അഭിപ്രായ സര്‍വേ ഫലങ്ങള്‍. വീണ്ടും അധികാരത്തിലേക്കു വഴി തുറന്നതോടെ, റഷ്യയില്‍ ജോസഫ് സ്റ്റാലിന്‍ കഴിഞ്ഞാല്‍ ഏറ്റവും കാലം അധികാരത്തിലിരുന്ന നേതാവാകും പുടിന്‍.
പുടിനെതിരേ സമരങ്ങള്‍ നടത്തിയതിന് നവല്‍നിയെ നിയമം ലംഘിച്ചു പൊതുയോഗങ്ങളും റാലികളും സംഘടിപ്പിച്ചു എന്നാരോപിച്ച് ഈ വര്‍ഷം മൂന്നു തവണ ഭരണകൂടം ജയിലിലടച്ചിരുന്നു. അഴിമതിവരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളും ഭരണകൂടം നിരോധിച്ചിരുന്നു.
Next Story

RELATED STORIES

Share it