റഷ്യന്‍ നിര്‍മിത മിസൈല്‍ ആക്രമണത്തിലെന്ന് റിപോര്‍ട്ട്

ആംസ്റ്റര്‍ഡാം: മലേസ്യന്‍ യാത്രാവിമാനമായ എം.എച്ച്. 17 തകര്‍ന്നുവീണതു സംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് ഹോളണ്ടിന്റെ സുരക്ഷാ സമിതി പുറത്തുവിട്ടു. റഷ്യന്‍ നിര്‍മിത മിസൈല്‍ ആക്രമണമാണ് ഉക്രെയ്ന്‍-റഷ്യ അതിര്‍ത്തിയില്‍ വിമാനം തകര്‍ന്നുവീഴാന്‍ കാരണമായതെന്നു  ഇതുസംബന്ധിച്ച അന്തിമ റിപോര്‍ട്ടില്‍ പറയുന്നു.ക്വാലാലംപൂരില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കു സര്‍വീസ് നടത്തിയ മലേസ്യന്‍ യത്രാവിമാനം കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണു തകര്‍ന്നുവീണത്. ദുരന്തത്തില്‍ വിമാനത്തിലെ 283 യാത്രക്കാരും 15 ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു. ഉക്രെയ്‌നില്‍ നിന്ന് 25 മൈല്‍ അകലെ ടോറസിനു സമീപമാണു വിമാനം തകര്‍ന്നുവീണത്. മരിച്ചവരില്‍ 196 പേര്‍ ഹോളണ്ട് പൗരന്‍മാരും 10 പേര്‍ ബ്രിട്ടനില്‍ നിന്നുള്ളവരുമായിരുന്നു.    അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തണമെന്ന് അപകടത്തില്‍ മരിച്ച ഹോളണ്ട് പൗരന്‍മാരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് റിപോര്‍ട്ട് ഹോളണ്ട് പുറത്തുവിട്ടത്.

ഹോളണ്ടിലെ ഗില്‍സെ റിജെന്‍ സൈനിക ക്യാംപില്‍ മരിച്ചവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. കിഴക്കന്‍ ഉക്രെയ്‌നില്‍ നിന്നും റഷ്യന്‍ അനുകൂല ഉക്രെയ്ന്‍ വിമതര്‍ റഷ്യന്‍നിര്‍മിത മിസൈല്‍ ഉപയോഗിച്ചു വിമാനത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. റഷ്യന്‍ നിര്‍മിത 9 എം 38 ബക് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കോക്പിറ്റില്‍നിന്ന് ഒരു മീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പുറമേ നിന്നുള്ള മിസൈല്‍ വിമാനഭാഗങ്ങളില്‍ തുളച്ചു കയറിയതായി കണ്ടെത്തിയിട്ടുണ്ടെന്നു സുരക്ഷാ സമിതിയുടെ അധ്യക്ഷന്‍ ജിബി ദോസ്ത്ര ചൂണ്ടിക്കാട്ടി. ഏകദേശം 160ലധികം വിമാനങ്ങള്‍ സഞ്ചരിക്കുന്ന ആകാശപാതയില്‍ തങ്ങളുടെ പൗരന്‍മാര്‍ സഞ്ചരിച്ച മലേസ്യയുടെ വിമാനം മാത്രം ആക്രമിച്ചത് ബോധപൂര്‍വമായിരുന്നുവെന്നും റിപോര്‍ട്ട് വിശദീകരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാല്‍, ഇതേ തരത്തിലുള്ള മിസൈലുകള്‍ തങ്ങള്‍ മാത്രമല്ല ഉക്രെയ്‌നും ഉപയോഗിക്കുന്നുണ്ടെന്നും ഉക്രെയ്‌ന്റെ ഭാഗത്തു നിന്നാണ് വിമാനത്തിനെതിരേ ആക്രമണമുണ്ടായതെന്നും റഷ്യ ആരോപിച്ചു.
Next Story

RELATED STORIES

Share it