റഷ്യന്‍ തടവില്‍ കഴിഞ്ഞ ഉക്രെയ്ന്‍ പൈലറ്റ് എംപിയായി സ്ഥാനമേറ്റു

കിയേവ്: രണ്ടു വര്‍ഷത്തോളം റഷ്യ തടവില്‍ പാര്‍പ്പിച്ച ഉക്രെയ്ന്‍ പൈലറ്റ് നാദിയ സാവ്‌ചെന്‍കോ (34) ഉക്രെയ്‌നില്‍ എംപിയായി അധികാരമേറ്റു. ഉക്രെയ്ന്‍ ജനത താന്‍ പ്രസിഡന്റാവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ പ്രസിഡന്റാവുക തന്നെ ചെയ്യുമെന്ന് അവര്‍ നേരത്തേ പ്രഖ്യാപനം നടത്തിയിരുന്നു.
2014ലെ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് അംഗമായി വിജയിച്ച ശേഷമാണ് അവര്‍ റഷ്യയുടെ കസ്റ്റഡിയിലാവുന്നത്. റഷ്യ രാഷ്ട്രീയത്തടവില്‍ പാര്‍പ്പിച്ച ബാക്കിയുള്ളവരുടെ മോചനത്തിനായി പോരാടുമെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം അവര്‍ പറഞ്ഞു. ഉക്രെയ്‌നിലെ ലുകാന്‍സ്‌ക് പ്രവിശ്യയില്‍ റഷ്യന്‍ അനുകൂല വിമതരുമായുള്ള സൈനികപോരാട്ടത്തില്‍ പ്രധാനപങ്കാളിത്തം വഹിച്ചയാളാണ് നാദിയ. ഇവിടെ വച്ചാണിവര്‍ റഷ്യന്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്.
രണ്ട് റഷ്യന്‍ മാധ്യമപ്രവര്‍ത്തകരുടെ മരണത്തിനിടയാക്കിയ ഉക്രെയ്ന്‍ സൈനിക നീക്കത്തിന് നേതൃത്വം നല്‍കിയെന്നതാണ് നാദിയക്കെതിരേ ചുമത്തിയ കേസ്. 22 വര്‍ഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇവര്‍ ഉക്രെയ്ന്‍ സര്‍ക്കാരും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി തടവുപുള്ളികളെ കൈമാറ്റം ചെയ്യുന്നതിനുണ്ടാക്കിയ കരാര്‍ പ്രകാരമാണ് മോചിതയായത്. മിലിറ്ററി പൈലറ്റായി തിരിച്ചുപോവണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍, ആവശ്യം വന്നാല്‍ രാഷ്ട്രീയസ്ഥാനം ഏറ്റെടുക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it