റഷ്യന്‍ ആണവ നിലയം ആന്ധ്രപ്രദേശില്‍ സ്ഥാപിച്ചേക്കും

ന്യൂഡല്‍ഹി: കുടംകുളം ആണവ നിലയത്തിന്റെ ആറും ഏഴും യൂനിറ്റുകള്‍ക്കുവേണ്ടി ഇന്ത്യ ആന്ധ്രപ്രദേശില്‍ സ്ഥലം നിര്‍ദേശിച്ചേക്കും. ബുധനാഴ്ച നടക്കുന്ന പ്രധാനമന്ത്രി മോദിയുടെ റഷ്യാ സന്ദര്‍ശനത്തില്‍ ഇതിന് അന്തിമ രൂപം നല്‍കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
പദ്ധതിക്ക് സാമഗ്രികള്‍ വിതരണം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇന്ത്യയിലെ സ്വകാര്യ കമ്പനികള്‍ക്ക് കൂടി പങ്കാളിത്തം നല്‍കുന്ന വിധത്തിലുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കുമെന്നാണ് സൂചന.
'ഇന്ത്യയില്‍ നിര്‍മിക്കുക' പദ്ധതിയനുസരിച്ച് തദ്ദേശവല്‍ക്കരണ നയമാണ് പിന്തുടരുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ആണവനിലയങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ആന്ധ്രപ്രദേശില്‍ നിലയം സ്ഥാപിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ ജിഇ ഹിറ്റാച്ചിയുടെ സഹായത്തോടെ കൊവ്വാഡയില്‍ ആണവ നിലയം നി ര്‍മിക്കാന്‍ സ്ഥലം സര്‍ക്കാര്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
2035ഓടെ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞത് 12 ആണവ നിലയങ്ങളെങ്കിലും റഷ്യ നിര്‍മിക്കുന്നതിന് കഴിഞ്ഞ മോദി-പുടിന്‍ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചിരുന്നു.
33,000 കോടി രൂപ ചെലവില്‍ കുടംകുളം പദ്ധതിയുടെ 3, 4 യൂനിറ്റുകള്‍ക്കുള്ള കരാര്‍ കഴിഞ്ഞ ഏപ്രിലില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു. എന്നാല്‍, നിര്‍മാണ പ്രവര്‍ത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ് 3, 4 യൂനിറ്റുകള്‍ സ്ഥാപിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ഈ മാസമാദ്യം റഷ്യന്‍ ആണവോര്‍ജ വകുപ്പായ റൊസാറ്റത്തിന്റെ ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് ഓഫിസര്‍ നിക്കൊളായ് സ്പാസ്‌കി ഇന്ത്യയിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it