kozhikode local

റഷീദ് മക്കടയെ സൗഹൃദവേദി ആദരിച്ചു

കോഴിക്കോട്: പ്രമുഖ സാംസ്‌കാരികപ്രവര്‍ത്തകന്‍ റഷീദ് മക്കടയെ കോഴിക്കോടന്‍ സൗഹൃദവേദി ആദരിച്ചു. 30 വര്‍ഷത്തിലധികമായി കര്‍മരംഗത്തുള്ള റഷീദിന് അര്‍ഹമായ ആദരവാണ് സുഹൃത്തുക്കള്‍ ചേര്‍ന്നു നല്‍കിയിരിക്കുന്നതെന്നും ഏതു പ്രതിബന്ധങ്ങളിലും മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുന്ന റഷീദിന്റെ മാതൃകാ വ്യക്തിത്വത്തിനുള്ള അംഗീകാരമാണിതെന്നും  മുഖ്യപ്രഭാഷണം നടത്തിയ  മനുഷ്യാവകാശപ്രവര്‍ത്തകന്‍ എ വാസു പറഞ്ഞു. ഇസ്‌ലാമിക് യൂത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ റഷീദിനുള്ള സൗഹൃദവേദിയുടെ മെമെന്റോ എ വാസു സമ്മാനിച്ചു.
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അനീതികള്‍ക്കും നേരെ നിരന്തരം കലഹിക്കുന്ന റഷീദിനെപ്പോലുള്ളവര്‍ സ്വന്തത്തിലേക്കു മാത്രം ചുരുങ്ങുന്നവരുടെ ലോകത്തോട് രാജിയാവാത്ത ജനകീയസമരങ്ങളുടെ കാവലാളുകളാണെന്ന് തേജസ് മാനേജിംഗ് എഡിറ്റര്‍ പ്രഫ.  പി കോയ അഭിപ്രായപ്പെട്ടു.
ജാതി-മത ഭേദമെന്യേ ഏതൊരാള്‍ക്കും കോഴിക്കോട് നഗരത്തില്‍ ഒരത്താണിയായി നിന്ന് ഇക്കാലമത്രയും പ്രവര്‍ത്തിച്ചതിന്റെ ആദരവ് കൂടിയാണ് റഷീദിനു നല്‍കുന്നതെന്നു ചടങ്ങില്‍ സംസാരിച്ച എന്‍ വി എം ഫദ്‌ലുല്ല പറഞ്ഞു. സൗഹൃദവേദിയുടെ പ്രത്യേകോപഹാരം അദ്ദേഹം റഷീദിനു സമ്മാനിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കൊച്ചങ്ങാടി, കാലിക്കറ്റ് ന്യൂമിസ്മാറ്റിക് മുന്‍ സെക്രട്ടറി സൂരജ്, ഇസ്്‌ലാമിക് യൂത്ത് സെന്റര്‍ സെക്രട്ടറി എ എ വഹാബ്, നഈം തോട്ടത്തില്‍, പി കെ സൂപ്പി, ടി കെ ആറ്റക്കോയ തങ്ങള്‍, അബ്ദുല്‍ മജീദ് നദ്‌വി, ടി സി മെഹ്്ബൂബ് സംസാരിച്ചു. റഷീദിന്റെ ശേഖരത്തിലുള്ള പുരാവസ്തുക്കളുടെ പ്രദര്‍ശനം  യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഡോ. ഔസാഫ് അഹ്്‌സന്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it