റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവ് വീണ്ടും;  സന്തോഷ് മാധവന്റെ കമ്പനിക്ക് സര്‍ക്കാരിന്റെ ഭൂമിദാനം

തിരുവനന്തപുരം: വിവാദ സ്വാമി സന്തോഷ് മാധവന്റെ കമ്പനിക്ക് സര്‍ക്കാരിന്റെ ഭൂമിദാനം. 90 ശതമാനം നെല്‍പ്പാടം ഉള്‍പ്പെടുന്ന എറണാകുളം വടക്കന്‍ പറവൂരിലെയും തൃശൂര്‍ മാളയിലെയും 118 ഏക്കര്‍ ഭൂമി സന്തോഷ് മാധവന് വിട്ടുകൊടുത്താണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. 2009ല്‍ ജനുവരിയില്‍ മിച്ചഭൂമിയാണെന്നു കണ്ടെത്തി ആര്‍എംഇസെഡ് കമ്പനിയില്‍ നിന്നു സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് ഇപ്പോള്‍ സന്തോഷ് മാധവന്റെ കമ്പനിക്കു വിട്ടുകൊടുത്തത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു തൊട്ടുമുമ്പ് മാര്‍ച്ച് രണ്ടിനു നടന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനപ്രകാരമാണ് ഉത്തരവ്.
ഐടി വ്യവസായത്തിനെന്ന വ്യാജേനയാണു ഭൂമിദാനം. 30,000 പേര്‍ക്കു തൊഴില്‍ നല്‍കുന്ന 1600 കോടിയുടെ പദ്ധതിയെന്നു പറഞ്ഞാണു സന്തോഷ് മാധവന്റെ കമ്പനി സര്‍ക്കാരിനെ സമീപിച്ചത്. നേരത്തെ രണ്ടുവട്ടം ഇടതുസര്‍ക്കാരും യുഡിഎഫ് സര്‍ക്കാരും തള്ളിയ പദ്ധതിയാണു മന്ത്രിസഭ ഇപ്പോള്‍ പാസാക്കിയിരിക്കുന്നത്. വടക്കന്‍ പറവൂര്‍, പുത്തന്‍വേലിക്കര, മാള എന്നിവിടങ്ങളില്‍ സന്തോഷ് മാധവന്റെ ആര്‍എംഇസെഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള 118 ഏക്കര്‍ സ്ഥലം 2009 ജനുവരിയിലാണു മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തത്. അന്ന് കമ്പനിയുടെ പേര് ആദര്‍ശ് പ്രൈം പ്രൊജക്റ്റ് ലിമിറ്റഡ് എന്നായിരുന്നു.
ഇതേത്തുടര്‍ന്ന് ഇക്കോ ഫുഡ് പാര്‍ക്ക് തുടങ്ങുന്നതിന് ഭൂപരിഷ്‌കരണനിയമം 81 (3) ബി പ്രകാരമുള്ള ഭൂപരിധി ഒഴിവിനായി സര്‍ക്കാരിനെ സമീപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ കലക്ടര്‍മാരുടെ അധ്യക്ഷതയിലുള്ള ജില്ലാ സമിതികളോടു സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കമ്പനിയുടേത് റിയല്‍ എസ്‌റ്റേറ്റ് താല്‍പര്യമാണെന്നു കാണിച്ച് ജില്ലാതല സമിതികള്‍ റിപോര്‍ട്ട് കൈമാറി. തുടര്‍ന്നു കമ്പനിയുടെ അപേക്ഷ തള്ളി റവന്യൂവകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്റെ ഉത്തരവിറങ്ങി.
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലമായതിനാല്‍ കൃഷിക്കല്ലാതെ മറ്റൊരാവശ്യത്തിനും ഭൂമി വിട്ടുനല്‍കാനാവില്ല. മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം ഏതുവിധേനയും തിരികെ കിട്ടുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണു കമ്പനി നിയമവിരുദ്ധമായ പദ്ധതിരേഖ സര്‍ക്കാരിനു സമര്‍പ്പിച്ചത്. ഭൂമി തരം മാറ്റി പാട്ടത്തിനു നല്‍കാനോ, വില്‍പ്പന നടത്താനോ ആണ് കമ്പനി ഉദ്ദേശിക്കുന്നത്. കൃഷി ഫുഡ് പാര്‍ക്ക് എന്ന പദ്ധതി നടപ്പാക്കാന്‍ വന്‍തോതില്‍ നിലം നികത്തുന്നത് തണ്ണീര്‍ത്തട നിയമത്തിന്റെ ലംഘനമാവും. സ്വകാര്യ താല്‍പര്യം മാത്രമുള്ള കമ്പനിയുടെ അപേക്ഷ ഇതിനാല്‍ നിരസിക്കുകയാണെന്നറിയിച്ചാണ് അപേക്ഷ റവന്യൂ വകുപ്പ് തള്ളിയത്.
എന്നാല്‍ കഴിഞ്ഞ രണ്ടാംതിയ്യതി ഇറങ്ങിയ റവന്യൂ വകുപ്പിന്റെ ഉത്തരവിലാണ് അട്ടിമറി നടന്നത്. ഇത്തവണ കമ്പനി സര്‍ക്കാരിനെ സമീപിച്ചത് ഐടി വ്യവസായത്തിനെന്ന വ്യാജേനയാണ്. ഇത് അംഗീകരിച്ചാണു സര്‍ക്കാര്‍ മിച്ചഭൂമി വിട്ടുകൊടുക്കാനുള്ള ഉത്തരവിറക്കിയത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം, പരിസ്ഥിതി സംരക്ഷണനിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ക്ലിയറന്‍സ് അതാത് ജില്ലകളിലെ കലക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്ന നിബന്ധനയോടെയാണ് ഉത്തരവ്.
Next Story

RELATED STORIES

Share it