palakkad local

റവന്യൂ വകുപ്പിനെ വെല്ലുവിളിച്ച് റിയല്‍ എസ്റ്റേറ്റ് മാഫിയ വ്യാപകമായി പാടം നികത്തുന്നു



സി  കെ ശശിപച്ചാട്ടിരി

ആനക്കര: ആനക്കര പഞ്ചായത്തില്‍ റവന്യു വകുപ്പിനെ വെല്ലുവിളിച്ച് റിയല്‍ എസ്റ്റേറ്റ് മാഫിയ വ്യാപകമായി പാടം നികത്തുന്നു. ഇപ്പോള്‍ ആനക്കരയില്‍  നികത്തിയ പാടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും തകൃതിയായി നടന്നു വരുന്നു. ഹെക്ടര്‍ കണക്കിന് പാടങ്ങളാണ് ഇത്തരത്തില്‍ അനുമതിയില്ലാതെ നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. റവന്യൂ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടാവാത്തതാണ് റിയല്‍ എസ്‌റ്റേറ്റ് മാഫിയ മേഖലയില്‍ പിടിമുറുക്കുന്നതിന് കാരണമാകുന്നത്. ആനക്കര, കൂടല്ലൂര്‍, കുമ്പിടി ഉമ്മത്തൂര്‍ റോഡ്, നയ്യൂര്‍ റോഡ് എന്നിവിടങ്ങളിലാണ് വ്യാപകമായി പാടം നികത്തപ്പെടുന്നത്്്. ആനക്കര സെന്‍ട്രലില്‍ 53 സെന്റ് പാടം ഇത്തരത്തില്‍ നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. വില്ലേജ് ഓഫീസര്‍ സ്‌റ്റോപ് മെമ്മോ നല്‍കി നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞപ്പോള്‍ സംസ്ഥാനത്തെ മന്ത്രിയുടെ ബന്ധുവാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയില്ലെന്ന് വെല്ലുവിളിച്ചതായും വില്ലേജ് അധികൃതര്‍ അറിയിച്ചു.വില്ലേജ് അധികൃതര്‍ സ്‌റ്റോപ് മെമ്മോ നല്‍കിയ ഇടങ്ങളില്‍പ്പോലും പാടം നികത്തലും നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. സര്‍ക്കാര്‍ അവധി ദിവസങ്ങളും രാത്രികാലങ്ങളുമാണ് പാടം നികത്തലിനു പിറകില്‍ പ്രവര്‍ത്തിക്കുന്ന മാഫിയ തിരഞ്ഞെടുക്കുന്നത്. രാത്രി കാലങ്ങളില്‍ ടിപ്പറുകളില്‍ കൂട്ടമായി മണ്ണ് കടത്തിക്കൊണ്ടുവരികയും പാടം നികത്തുകയുമാണ് ചെയ്യുന്നത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും വില്ലേജ് അധികൃതര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. അധികൃതരില്‍ നിന്ന് കൃത്യമായ നടപടികളുണ്ടാവാത്തതിനാല്‍ പാടം നികത്തലും നിര്‍മാണ പ്രവര്‍ത്തനങ്ങളും തകൃതിയായി നടന്നുവരികയാണ്. ആനക്കര ശിവക്ഷേത്രം റോഡില്‍ അവശേഷിക്കുന്ന പാടത്തും കഴിഞ്ഞ ദിവസം നികത്തലിന്റെ ഭാഗമായി വാഴവെച്ചിട്ടുണ്ട്.നേരത്തെ ചുറ്റുമതില്‍,കിണര്‍ നിര്‍മാണം എന്നിവ നടത്തിയിരുന്നു.ആനക്കര പഞ്ചായത്തിലെ ജന പ്രതിനിധിയുടെ വീടിന് മുന്‍വശത്താണ് ഈ അനധികൃത നികത്തലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.ആനക്കര പഞ്ചായത്തില്‍ പാടം നികത്തിയ  സ്ഥലങ്ങളുടെ ഉടമകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകാത്തതാണ് നികത്തല്‍ വ്യാപകമാകാന്‍ കാരണമായത്.
Next Story

RELATED STORIES

Share it