Idukki local

റവന്യൂ പരിശോധനകള്‍ പൂര്‍ത്തിയായാല്‍കുറ്റിയാര്‍വാലിയില്‍ പട്ടയം നല്‍കും

തിരുവനന്തപുരം: മൂന്നാര്‍ കെഡിഎച്ച് വില്ലേജില്‍പെട്ട കുറ്റിയാര്‍വാലിയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ടുള്ള റവന്യൂ പരിശോധനകള്‍ പൂര്‍ത്തിയാവുമെന്ന മുറയ്ക്ക് പട്ടയം നല്‍കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. കുറ്റിയാര്‍വാലിയില്‍ നേരത്തെ പട്ടയം നല്‍കി വരവേ പദ്ധതിയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുള്ളതായുള്ള ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് പതിച്ചുകിട്ടിയത് യഥാര്‍ഥ കക്ഷികളാണോ എന്ന് അന്വേഷിക്കുന്നതിന് ദേവികുളം സബ്കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പട്ടയം അനുവദിക്കപ്പെട്ട നിരവധി ആളുകള്‍ക്ക് സ്ഥലം കണ്ടെത്തി നല്‍കുന്നതിനും പോക്കുവരവ് ചെയ്ത് കരമടച്ച് നല്‍കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാത്തത്. എന്നാല്‍, സബ്കലക്ടറുടെ അന്വേഷണ റിപോര്‍ട്ടില്‍ പ്രദേശത്ത് നിരവധി കൈയേറ്റങ്ങള്‍ നടന്നുവരുന്നതായും പട്ടയസ്ഥലങ്ങള്‍ അനധികൃതമായി വില്‍പന നടത്തുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പുതിയ താലൂക്കുകള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച ജില്ലാ കലക്ടര്‍മാരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ പരിശോധിച്ചു വരുകയാണെന്നും  ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുന്ന മുറയ്ക്ക് ഏറ്റുമാനൂര്‍ താലൂക്ക് രൂപീകരിക്കുന്ന കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് കെ സുരേഷ് കുറുപ്പിന്റെ സബ്മിഷന് മറുപടിയായി റവന്യൂ മന്ത്രി അറിയിച്ചു. തിരുവിതാംകൂര്‍ ഭരണകാലത്ത് നിലവിലുണ്ടായിരുന്ന ഏറ്റുമാനൂര്‍ താലൂക്ക് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ശുപാര്‍ശകളും നിവേദനങ്ങളും കാലാകാലങ്ങളിലുള്ള സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജനങ്ങളുടെ സൗകര്യങ്ങളും പരിഗണിച്ച് ചില വില്ലേജുകള്‍ ഉള്‍പ്പെടുത്തി താലൂക്ക് രൂപീകരിക്കാവുന്നതാണെന്ന കോട്ടയം ജില്ലാ കലക്ടറുടെ റിപോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it