kasaragod local

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള കാലിക്കടവില്‍

ചെറുവത്തൂര്‍: റവന്യു ജില്ലാ സ്‌കൂള്‍ കായികമേളക്ക് ഇന്ന് കാലിക്കടവില്‍ തുടക്കമാവും. രാവിലെ ക്രോസ്‌കണ്‍ട്രി മല്‍സരങ്ങളും വൈകീട്ട് ദീപശിഖാ പ്രയാണവുമാണ് ഇന്ന് നടക്കുന്നത്. പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവ് മൈതാനിയിലാണ് കായിക മേള അരങ്ങേറുന്നത്. എഴ് ഉപജില്ലകളില്‍ നിന്നായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 2000 ഓളം കായിക താരങ്ങളാണ് മേളയില്‍ വിവിധ ദിവസങ്ങളിലായി മാറ്റുരക്കുക.
ഇന്ന് ഉച്ചയോടെ മല്‍സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാവുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ ഏഴിന് കായിക മേളയുടെ ആദ്യ ഇനമായ ക്രോസ്‌കണ്‍ട്രി മല്‍സരങ്ങള്‍ ആരംഭിക്കും.
തൃക്കരിപ്പൂര്‍ കൊയോങ്കര മൃഗാശുപത്രി പരിസരത്ത് നിന്നും ആണ്‍കുട്ടികള്‍ കാലിക്കടവിലേക്ക് അഞ്ച് കിലോ മീറ്ററും നടക്കാവില്‍ നിന്നും പെണ്‍ കുട്ടികള്‍ മൂന്ന് കിലോ മീറ്ററും ദൂരമാണ് മല്‍സരം. മൈതാനിയില്‍ തെളിയിക്കാനുള്ള ദീപശിഖ കാസര്‍കോട് ബിഇഎം സ്‌കൂളില്‍ നിന്നും പുറപ്പെട്ട് വൈകീട്ട് നാലിന് കാലിക്കടവില്‍ എത്തിച്ചേരും.
ദേശീയ താരങ്ങളായ അത്‌ലറ്റുകളുടെ നേതൃത്വത്തില്‍ സ്‌റ്റേഡിയത്തില്‍ ദീപശിഖ കൊളുത്തും. 27ന് രാവിലെ 8.30ന് ദീര്‍ഘദൂര ഓട്ട മല്‍സരങ്ങളോടെയാവും തുടക്കം. 10.30ന് ഡിഡിഇ ഇന്‍ ചാര്‍ജ് പി കെ രഘുനാഥ് പതാക ഉയര്‍ത്തും. വിവിധ ഉപജില്ലകളുടെ ബാനറിന് കീഴില്‍ വിദ്യാര്‍ഥികളുടെ മാര്‍ച്ച് പാസ്റ്റും നടക്കും. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം ഹരിശ്ചന്ദ്ര നായ്ക് ഉദ്ഘാടനം ചെയ്യും.
പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍ അധ്യക്ഷത വഹിക്കും. 28ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി കെ രഘുനാഥ്, കെ പി പ്രകാശ് കുമാര്‍, കെ എം ബാല്ലാള്‍, കെ വിജയകൃഷ്ണന്‍, പി പി അശോകന്‍, ഉറുമീസ് തൃക്കരിപ്പൂര്‍, ബാലചന്ദ്രന്‍ എരവില്‍, പി വി പ്രഭാകരന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it