Pathanamthitta local

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള : സംഘാടനത്തില്‍ സമഗ്രമായ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാവുന്നു

പത്തനംതിട്ട: റവന്യൂജില്ലാ സ്‌കൂള്‍ കായികമേളയുടെ സംഘാടനത്തില്‍ സമഗ്രമായ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാവുന്നു. സംഘാടനത്തിലെ പിഴവ് കാരണം മേള നടത്തിപ്പ് വന്‍ പരാജയമായിരുന്നുവെന്നാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആരോപിക്കുന്നത്.
ജില്ലയിലെ കുത്തഴിഞ്ഞ നടത്തിപ്പ് മാറ്റാതെ ഇവിടെ കായികമേഖല രക്ഷപ്പെടില്ലെന്ന് പ്രസിഡന്റ് സലിം പി ചാക്കോ പറഞ്ഞു. സംസ്ഥാനത്ത് 14ാംസ്ഥാനത്താണ് ജില്ല.— വിദ്യാഭ്യാസവകുപ്പും കായികാധ്യാപകരും അധ്യാപകസംഘടനകളും ചേര്‍ന്നാണ് മേള നടത്തിയത്. ഇവരില്‍ ചിലര്‍ മാത്രമാണ് ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ഇതില്‍ ഒരുപങ്കും ഉണ്ടായില്ല. സംഘാടകസമിതിയിലും കൗണ്‍സില്‍ ഉണ്ടായില്ല.—
ആദ്യം തിരുവല്ലയിലാണ് ഇതു നടത്താനിരുന്നത്. പിന്നെ സ്‌റ്റേഡിയം പറ്റില്ല എന്നു വന്നതിനാലാണ് പത്തനംതിട്ടയ്ക്കു മാറ്റിയത്. പത്തനംതിട്ടയില്‍നിന്നുള്ളവരെ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയുമില്ല. തിരുവല്ലയില്‍നിന്നു നിശ്ചയിച്ച പലരും വന്നുമില്ല.— 11 സബ്കമ്മിറ്റിയില്‍ മൂന്നെണ്ണം മാത്രമാണ് പ്രവര്‍ത്തിച്ചത്. ചെയര്‍മാന്മാര്‍ പലരും പേരിനുമാത്രമായിരുന്നു. പല സബ്ജില്ലകളും കായികാധ്യാപകര്‍ക്കുപോലും ഇവിടെയെത്താന്‍ കര്‍ശനനിര്‍ദേശം കൊടുത്തില്ല. അകമ്പടി അധ്യാപകര്‍ ഇല്ലാതെവന്ന കുട്ടികളും ഉണ്ട്.—
പത്തനംതിട്ട ഡി—ഡി—രാമചന്ദ്രനെതിരേയും കൗണ്‍സില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. അദ്ദേഹം മേളയിലേക്കു തിരിഞ്ഞുനോക്കിയില്ല. കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം ഇതിനിടെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റവും വാങ്ങി. പരാതികളുടെ തീര്‍പ്പുകല്‍പിക്കാന്‍ നാഥനില്ലാതെപോയി.സാക്ഷ്യപത്രങ്ങളില്‍ ആരാണ് ഒപ്പിടേണ്ടത്. എല്ലാം കെട്ടിവച്ചിരിക്കുന്നു. സബ്ജില്ലാ സെക്രട്ടറിമാരുടെ തലയില്‍ എല്ലാം കെട്ടിവച്ചിരിക്കുകയാണ്.
എല്ലാ വിഭാഗത്തിന്റെയും ഏകോപനം ഉണ്ടായാലേ മേള ഭംഗിയാവൂ. കലാമേളയോടു കാണിക്കുന്ന പരിഗണനയുടെ ഒരംശം കായികമേളയോടും കാണിക്കണം. ജനപ്രതിനിധികള്‍ പങ്കാളികളാവണം. സ്‌കൂള്‍ കായികരംഗം ചിലരുടെ തറവാട്ടുസ്വത്തുപോലെയാണ്. വിദ്യാഭ്യാസവകുപ്പ് തയ്യാറായാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സഹകരിക്കാനും തയ്യാറാണെന്ന് സലിം പി ചാക്കോ പറഞ്ഞു.
Next Story

RELATED STORIES

Share it