Pathanamthitta local

റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം നാളെ മുതല്‍തിരുവല്ലയില്‍

തിരുവല്ല: റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം നാലു വരെ  എട്ടുവരെ തിരുവല്ലയില്‍ നടക്കും. തിരുമൂലപുരം എസ്എന്‍വിഎസ് ഹൈസ്‌കൂളിലാണ് പ്രധാന വേദി. നാളെ രാവിലെ എട്ടിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം കെ ഗോപി പതാകഉയര്‍ത്തും. 10ന് മന്ത്രി മാത്യു ടി തോമസ് കലോല്‍സവം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിക്കും.
ദേശീയ കായികമേളയിലെ ജേതാക്കളെ അടൂര്‍പ്രകാശ് എംഎല്‍എ ആദരിക്കും. ലോഗോ രൂപകല്‍പന ചെയ്ത പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി അമീറിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദരിക്കും. സിനിമാ സംവിധായകന്‍ ബാബു തിരുവല്ല കലാമല്‍സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കലോല്‍സവം, സംസ്‌കൃതോത്സവം, അറബി സാഹിത്യോത്സവം ഇനങ്ങളിലായാണ് മത്സരം. എസ്എന്‍വിഎസ് ഹൈസ്‌കൂള്‍, ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുമൂലവിലാസം യുപിസ്‌കൂള്‍, എംഡിഎംഎല്‍പിഎസ് തിരുമൂലപുരം സ്‌കൂളുകളിലെ ഒമ്പത് വേദികളിലായി മല്‍സരാര്‍ഥികള്‍ അരങ്ങിലെത്തും.
11 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുമായി 289 ഇനങ്ങളിലായി നാലായിരത്തില്‍പരം പ്രതിഭകള്‍ മാറ്റുരക്കും. പരിഷ്‌കരിച്ച മാന്വല്‍ പ്രകാരം കലോല്‍സവത്തിന് മുമ്പായി നടത്താറുള്ള ഘോഷയാത്രയ്ക്കു പകരം ഇത്തവണ സാംസ്‌കാരിക സംഗമമാണ് നടത്തുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച പാനലിലെ വിധികര്‍ത്താക്കള്‍ മൂല്യനിര്‍ണ്ണയം നടത്തും.  കലോല്‍സവ നടത്തിപ്പിനായി സര്‍ക്കാരില്‍നിന്നും 20 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഇത് കൂടാതെ വിദ്യാര്‍ഥികളില്‍ നിന്നും 50 രൂപ ക്രമത്തില്‍ ധനശേഖരം നടത്തുമുണ്ട്. എട്ടാം തിയ്യതി വൈകീട്ട് നാലിന് കലോത്സവം സമാപിക്കും. സമാപനസമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കലാപ്രതിഭകള്‍ക്ക് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ സമ്മാനദാനം നിര്‍വഹിക്കും.
Next Story

RELATED STORIES

Share it