Pathanamthitta local

റവന്യൂ ജില്ലാ കായികമേള നാളെ മുതല്‍ പത്തനംതിട്ടയില്‍

പത്തനംതിട്ട: 14ാമത് റവന്യൂ ജില്ല സ്‌കൂള്‍ കായികമേള 27, 28, 29 തിയ്യതികളില്‍ പത്തംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍. നടക്കും. 11 സബ്ജില്ലകളില്‍ നിന്നായി 1,539 താരങ്ങളും നൂറോളം ഒഫീഷ്യലുകളും മീറ്റില്‍ പങ്കെടുക്കും. 93 ഇനങ്ങളിലാണ് മല്‍സരം. 27ന് രാവിലെ 9.15ന് ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ജില്ലാ സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് സലിം പി ചാക്കോ സല്യൂട്ട് സ്വീകരിക്കും. 10.30ന് മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി നിര്‍വഹിക്കും.
പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രജനീ പ്രദീപ് അധ്യക്ഷത വഹിക്കും. പ്രമാടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ മുഖ്യസന്ദേശം നല്‍കും. 29ന് രാവിലെ 11ന് ആന്റോ ആന്റണി എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ ശിവദാസന്‍ നായര്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും.
മേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മേളയില്‍ താരങ്ങള്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മല്‍സരത്തിന് അനുകൂലമായ സാഹചര്യങ്ങളും ഒരുക്കിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. റാഞ്ചിയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സൗകര്യാര്‍ഥമാണ് മേളയുടെ തിയ്യതി ക്രമീകരിച്ചിരിക്കുന്നത്. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ഡിസംബര്‍ അഞ്ച് മുതല്‍ എട്ട് വരെ കോഴിക്കോട് നടക്കുന്ന 59ാമത് സംസ്ഥാന കായിക മേളയിലും പങ്കെടുക്കാം. മെഡിക്കല്‍ കോളജ് കാംപസിലെ സിന്തറ്റിക് സ്റ്റേഡിയമാണ് പ്രധാന വേദി.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയയെ കാത്തിരിക്കുന്നത് 101 പവന്‍ സ്വര്‍ണക്കപ്പാണ്. 1,2,3 സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കുള്ള സമ്മാനത്തുകയും ഇരട്ടിയായി വര്‍ധിപ്പിക്കാനുള്ള തീരുമാനവും നടപ്പാക്കുന്നുണ്ട്. വിജയികള്‍ക്കുള്ള സ്വര്‍ണപതക്കത്തിന്റെ തൂക്കവും ഇരട്ടിയാക്കുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി വി രാമചന്ദ്രന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, ആര്‍.ഡി.എസ്.ജി.എ. സെക്രട്ടറി സി ജെ ജയിംസ്, പബ്ലിസിറ്റി കണ്‍വീനര്‍ എ സുരേഷ്‌കുമാര്‍, റിസപ്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ബിനു കെ സാം, ഫുഡ്കമ്മറ്റി കണ്‍വീനര്‍ കെ എ തന്‍സീര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it