thiruvananthapuram local

റവന്യൂ ജില്ലാ കലോല്‍സവം: വൈപ്പിന്‍ മുന്നില്‍

കോതമംഗലം: എറണാകുളം റവന്യുജില്ലാ കലോല്‍സവത്തില്‍ രണ്ടാം ദിനം 12 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 45 പോയിന്റോടെ വൈപ്പിന്‍ ഉപ ജില്ല ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
38 പോയിന്റുമായി നോര്‍ത്ത് പറവൂര്‍ രണ്ടാമതും 19 പോയിന്റ് നേടിയ ആതിഥേയരായ കോതമംഗലവുമാണ് മൂന്നാമത്. യുപി വിഭാഗത്തില്‍ പത്തു പോയിന്റ് വീതം നേടി വൈപ്പിനും പെരുമ്പാവൂരും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമാണ്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 15 പോയിന്റുമായി വൈപ്പിനും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 28 പോയിന്റുമായി നോര്‍ത്ത് പറവൂരും ഒന്നാമതെത്തി.
ഇന്നലെ രാവിലെ 8 ന് മേളയുടെ പ്രധാനവേദിയായ മാര്‍ബേസില്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം കെ ഷൈന്‍മോന്‍ പതാക ഉയര്‍ത്തിയതോടെയാണ് 28ാമത് എറണാകുളം റവന്യുജില്ലാ സ്‌കൂള്‍ കലോല്‍വത്തിന് തുടക്കമായത്. ഇനിയുള്ള മൂന്ന് രാപകലുകളിലായി ജില്ലയിലെ പതിന്നാല് ഉപജില്ലകളില്‍ നിന്നുള്ള 5000 ഓളം കൗമാരപ്രതിഭകള്‍ വിവിധയിനങ്ങളിലായി മാറ്റുരയ്ക്കും. സ്‌റ്റേജിതര മല്‍സരങ്ങളും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ക്കുള്ള ചവിട്ടുനാടകമല്‍സരവുമാണ് ഇന്നലെ അരങ്ങേറിയത്. കൂടാതെ സെന്റ്‌ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബാന്റ് മേളമല്‍സരവും നടന്നു. മേളയുടെ പ്രധാനവേദിയായ മാര്‍ബേസില്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍പേഴ്‌സനും നഗരസഭാധ്യക്ഷയുമായ മഞ്ജുസിജു അധ്യക്ഷയായിരുന്നു. ടി യു കുരുവിള എം എല്‍എ മേള ഉദ്ഘാടനം ചെയ്തു. ജില്ലാകലക്ടര്‍ എം ജി രാജമാണിക്യം മുഖ്യപ്രഭാഷണം നടത്തി. കോതമംഗലം മേഖലാ മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോര്‍യൗസേബിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എം അബ്ദുള്‍മുത്തലിബ്, ജില്ലാപഞ്ചായത്തംഗം സൗമ്യശശി, ടീനമാത്യു, ലിജിജോസഫ്, നവ്യമരിയ, ഭാനുമതിരാജു, ഷമീര്‍പനയ്ക്കല്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം കെ ഷൈന്‍മോന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it