kozhikode local

റയില്‍വേ സ്‌റ്റേഷന്‍ സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള നീക്കം : സംയുക്ത സമരം സംഘടിപ്പിക്കും



കോഴിക്കോട്: സ്വകാര്യ പങ്കാളിത്തത്തോടെ റെയില്‍വേ സ്‌റ്റേഷന്‍ വികസിപ്പിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി ട്രേഡ് യൂനിയനുകള്‍. റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികളാവിഷ്‌കരിച്ച റെയില്‍വേ മന്ത്രാലയത്തിന്റെ നടപടിക്കെതിരേയാണ് ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂനിയനുകള്‍ സ്വകാര്യവല്‍ക്കരണ വിരുദ്ധ ആക്്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. സമരത്തിന്റെ ആദ്യപടിയായി 11ന് വൈകീട്ട് 4.30ന് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ധര്‍ണ നടത്തും. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യുന്ന ധര്‍ണയില്‍ ബിഎംഎസ് ഒഴികെയുള്ള മുഴുവന്‍ ട്രേഡ് യൂനിയനുകളും സഹകരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് റെയില്‍വേസ്‌റ്റേഷനോട് ചേര്‍ന്ന റെയില്‍വേയുടെ 4.39 ഏക്കര്‍ വരുന്ന ഭൂമി സ്വകാര്യ സംരംഭകര്‍ക്ക് വിട്ടുനല്‍കി ഈ ഭൂമിയില്‍ യാത്രക്കാര്‍ക്ക് വിശ്രമ കേന്ദ്രം, താമസസൗകര്യം, റസ്‌റ്റോറന്റ്, ചരക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സൗകര്യം തുടങ്ങിയവ ഒരുക്കുകയാണ് ലക്ഷ്യം. ലഭ്യമാക്കുന്ന സേവനങ്ങള്‍ക്ക് അനുസൃതമായി ഫീസ് ഈടാക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കും. രാജ്യത്തെ 400 ഓളം സ്‌റ്റേഷനുകള്‍ ഈ മാതൃകയില്‍ നവീകരിക്കാനാണ് റെയില്‍വേ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 24 സ്‌റ്റേഷനുകളില്‍ കേരളത്തില്‍ നിന്നുള്ള ഏക സ്‌റ്റേഷനാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍. ഇതുമായി ബന്ധപ്പെട്ട് നേരത്തെ റെയില്‍വേ മന്ത്രി സുരേഷ്പ്രഭുവിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ കോഴിക്കോട് സ്‌റ്റേഷന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ ഇന്‍കെല്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി, എല്‍ആന്റ്ടി തുടങ്ങിയ  സ്ഥാപനങ്ങള്‍ സന്നദ്ധമായി രംഗത്തെത്തിയിരുന്നു. നാലേക്കറിലധികം ഭൂമി ഇവര്‍ക്ക് പാട്ട വ്യവസ്ഥയില്‍ വിട്ടു നല്‍കുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.  ജനകോടികളുടെ നൂറ്റൂണ്ടുകളായുള്ള കഠിനാധ്വാനത്തിന്റെയും പൊതു ഖജനാവില്‍ നിന്നുള്ള നിക്ഷേപത്തിന്റെയും ഫലമായി ഉയര്‍ന്നു നില്‍ക്കുന്ന റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം രാജ്യത്തെ നാശത്തിലേക്കാണ് നയിക്കുകയെന്ന് ഭാരവാഹികളായ ആര്‍ ജി പിള്ള, മുകുന്ദന്‍, മനോജ് കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it