Flash News

റയല്‍ x പിഎസ്ജി, റോണാള്‍ഡോയും നെയ്മറും നേര്‍ക്കുനേര്‍

റയല്‍ x പിഎസ്ജി, റോണാള്‍ഡോയും നെയ്മറും നേര്‍ക്കുനേര്‍
X


മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടം. സ്പാനിഷ് രാജാക്കന്‍മാരായ റയല്‍ മാഡ്രിഡും ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയും ഇന്ന് മുഖാമുഖം വരുമ്പോള്‍ കളിക്കളത്തില്‍ പോരാട്ടച്ചൂടേറുമെന്നുറപ്പാണ്.

മോശം ഫോമില്‍ റയല്‍ മാഡ്രിഡ്

സ്പാനിഷ് ലീഗിലെയും ചാംപ്യന്‍സ് ലീഗിലെയും നിലവിലെ ചാംപ്യന്‍മാരെന്ന തലക്കനമുള്ള റയല്‍ മാഡ്രിഡിന്റെ ഈ സീസണിലെ പ്രകടനം അത്ര മികച്ചതല്ല. പ്രമുഖ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗാരത് ബേയ്‌ലും കരിം ബെന്‍സേമയുമെല്ലാം മികവിനൊത്ത് ഉയരാത്തതാണ് ടീമിന്റെ പ്രധാന പ്രശ്‌നം. ചെറിയ ടീമുകളോട് പോലും അട്ടിമറി തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന റയല്‍ സ്പാനിഷ് ലീഗിലെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണുള്ളത്. 22 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ റയല്‍ 12 മല്‍സരത്തില്‍ വിജയിച്ചപ്പോള്‍ ആറ് മല്‍സരത്തില്‍ സമനിലയും നാല് മല്‍സരത്തില്‍ തോല്‍വിയും വഴങ്ങി.അവസാനം കളിച്ച അഞ്ച് മല്‍സരങ്ങളില്‍ മൂന്ന് മല്‍സരങ്ങളില്‍ റയല്‍ വിജയിച്ചപ്പോള്‍ ഒരു സമനിലയും ഒരു തോല്‍വിയും വഴങ്ങി. അവസാന പോരാട്ടത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവില്‍ റയല്‍ സോസിഡാഡിനെ 5-2ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് റയലിന്റെ പടപ്പുറപ്പാട്. ലാ ലിഗയില്‍ മോശം ഫോമിലാണെങ്കിലും  ചാംപ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് റൊണാള്‍ഡോ പുറത്തെടുക്കുന്നത്. ചാംപ്യന്‍സ് ലീഗിന്റെ ഈ സീസണിലെ ഗോള്‍വേട്ടക്കാരില്‍ ഒമ്പത് ഗോളുകളുമായി റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍ റൊണാള്‍ഡോയെക്കൂടാതെ മറ്റൊരു റയല്‍ താരത്തിലും ചാംപ്യന്‍സ് ലീഗില്‍ മികവിലേക്കുയരാന്‍ കഴിഞ്ഞിട്ടില്ല. ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ട് ഗോളുകള്‍ അക്കൗണ്ടിലുള്ള ബെന്‍സേമ 32ാം സ്ഥാനത്താണുള്ളത്. പരിക്കും റയലിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. പ്രതിരോധ നിര താരം ഡാനിയേല്‍ കര്‍വാജല്‍ സസ്‌പെന്‍ഷനിലാണ്. മധ്യനിര താരം ഡാനിയല്‍ സെബല്ലോസിന് കാല്‍ക്കുഴക്ക് പരിക്കും പ്രതിരോധ നിര താരം ജീസസ് വല്ലിജോയ്ക്ക് കാല്‍ മസിലിന് പരിക്കുമേറ്റതിനാല്‍ പിഎസ്ജിക്കെതിരേ ഇറങ്ങില്ല.

കരുത്തോടെ പിഎസ്ജി

താര സമ്പന്നതയില്‍ മുന്നില്‍ നില്‍ക്കുന്ന റയലിനോട് കിടപിടിക്കാന്‍ പോന്ന നിര തന്നെയാണ് പിഎസ്ജിക്കൊപ്പമുള്ളത്. ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലേക്കെത്തിയ സൂപ്പര്‍ താരം നെയ്മര്‍ തന്നെയാണ് പിഎസ്ജിയുടെ കുന്തമുന. എഡിസണ്‍ കവാനി, എംബാപ്പെ, ഡി മരിയ, ഡാനില്‍ ആല്‍വസ് തുടങ്ങിയ കരുത്തുറ്റ താരങ്ങളും പിഎസ്ജിക്കൊപ്പമുണ്ട്. അവസാനം കളിച്ച അഞ്ച് മല്‍സരങ്ങളിലും തോല്‍വി അറിയാതെയാണ് പിഎസ്ജി യുടെ വരവ്. എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനം പുറത്തെടുക്കുന്ന പിഎസ്ജി ഫ്രഞ്ച് ലീഗിന്റെ തലപ്പത്താണുള്ളത്. ഫ്രഞ്ച് ലീഗില്‍ 25 മല്‍സരം കളിച്ച പിഎസ്ജി രണ്ട് മല്‍സരത്തില്‍ മാത്രമാണ് തോറ്റത്.ചാംപ്യന്‍സ് ലീഗിലെ ഗോള്‍വേട്ടക്കാരില്‍ ആറ് ഗോളുകള്‍ അക്കൗണ്ടിലാക്കി നെയ്മര്‍ രണ്ടാം സ്ഥാനത്തുണ്ട്. ആറ് ഗോളുകള്‍ തന്നെ എഡിസണ്‍ കവാനിയും സ്വന്തമാക്കിയിട്ടുണ്ട്. മറ്റൊരു പിഎസ്ജി താരമായ എംബാപ്പെ നാല് ഗോളുകള്‍ നേടിയപ്പോള്‍ കുര്‍സാവ മൂന്ന് ഗോളുകളും അടിച്ചെടുത്തു. ഡാനി ആല്‍വസ് രണ്ട് ഗോളുകളും നേടിയിട്ടുണ്ട്.ഇരുവരും മുഖാമുഖം പോരടിച്ച കണക്കുകളില്‍ ആധിപത്യം റയലിനൊപ്പമാണ്. ഇരുവരും അവസാനമായി പോരടിച്ച അഞ്ച് മല്‍സരങ്ങളില്‍ മൂന്ന് തവണയും ജയം റയലിനൊപ്പം നിന്നപ്പോള്‍ ഒരു തവണ മാത്രമാണ് പിഎസ്ജിക്ക് വിജയം കാണാനായത്. ഒരു മല്‍സരം സമനിലയിലും കലാശിച്ചു.
Next Story

RELATED STORIES

Share it