റമാദിയില്‍ ഇറാഖി സൈന്യം വിജയം പ്രഖ്യാപിച്ചു

ബഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യാ തലസ്ഥാനമായ റമാദിയില്‍ ഇറാഖി സൈന്യം വിജയം പ്രഖ്യാപിച്ചു. സുന്നി ഭൂരിപക്ഷമേഖലയായ റമാദിയില്‍ നിന്ന് ഐഎസിനെ തുരത്തി സര്‍ക്കാര്‍ സമുച്ചയം തിരിച്ചുപിടിച്ചതായി ദൗത്യസേനയുടെ വക്താവ് അറിയിച്ചു. സര്‍ക്കാര്‍ സമുച്ചയത്തില്‍ സൈന്യം ഇറാഖി പതാക നാട്ടിയിട്ടുണ്ട്.
റമാദിയുടെ 60 ശതമാനവും കീഴടക്കിയതായി ഞായറാഴ്ച ഇറാഖി സൈന്യം പ്രഖ്യാപിച്ചിരുന്നു. റോഡില്‍ കുഴിബോംബുകള്‍ സ്ഥാപിച്ചു സൈന്യത്തിന്റെ മുന്നേറ്റം തടയാനുള്ള ഐഎസിന്റെ ശ്രമങ്ങളെ മറികടന്നാണ് സൈന്യം സമുച്ചയത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ മെയിലാണ് റമാദി ഐഎസ് പിടിച്ചെടുക്കുന്നത്. ബഗ്ദാദിന് 100 കിലോമീറ്റര്‍ പടിഞ്ഞാറാണ് റമാദി സ്ഥിതി ചെയ്യുന്നത്.
2015ല്‍ ഐഎസിന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു റമാദി. എന്നാല്‍, സൈന്യത്തിന് മേഖല തിരിച്ചുപിടിക്കാനായത് ഐഎസിനേറ്റ വലിയ തിരിച്ചടിയാണ്. സര്‍ക്കാര്‍ സമുച്ചയം നിയന്ത്രണത്തിലാക്കിയെന്നാല്‍ റമാദിയില്‍ നിന്ന് ഐഎസിനെ തുടച്ചുനീക്കിയെന്നാണ് അര്‍ഥമെന്ന് സര്‍ക്കാര്‍ സൈന്യത്തിന്റെ വക്താവ് സബാഹ് അല്‍ നുമാനി പറഞ്ഞു.
അതേസമയം, റമാദി തിരിച്ചുപിടിച്ചത് ഐഎസിനെ തുരത്താനുള്ള ചെറിയ നീക്കം മാത്രമാണെന്ന് യുഎസ് രാഷ്ട്രീയ-സൈനിക കാര്യങ്ങളുടെ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി മാര്‍ക് കിമ്മിത് പറഞ്ഞു.
അല്‍-ഖയിം ജില്ലയില്‍ ഇറാഖി യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസിന്റെ 25 സുപ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടതായി ഇറാഖിസേനയിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സൈന്യം റമാദിയില്‍ പ്രവേശിച്ചത്.
യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെയും സുന്നി സൈന്യത്തിന്റെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ സൈന്യം മുന്നേറ്റം നടത്തിയത്.
Next Story

RELATED STORIES

Share it