Ramadan Special

റമദാന്‍ വിട പറയാനൊരുങ്ങുമ്പോള്‍

റമദാന്‍ വിട പറയാനൊരുങ്ങുമ്പോള്‍
X


റമദാന്‍ ഉള്‍ക്കൊള്ളുന്ന ശ്രേഷ്ഠതകളെയും മഹത്ത്വങ്ങളെയും കുറിച്ച് ദൈവദാസന്മാര്‍ യഥാവിധി മനസ്സിലാക്കിയിരുന്നുവെങ്കില്‍ വര്‍ഷം മുഴുവന്‍ റമദാനായിരുന്നുവെങ്കിലെന്ന് എന്റെ സമുദായം കൊതിച്ചുപോവുമായിരുന്നു- റമദാനിലെ അനുഗ്രഹങ്ങളെക്കുറിച്ച്  പ്രവാചകന്‍ പറഞ്ഞു. വാനിലും വിണ്ണിലും അനുഗ്രഹങ്ങളുടെ വേലിയേറ്റങ്ങള്‍ സംഭവിക്കുന്ന റമദാന്‍ എത്ര വേഗമാണ് കടന്നുപോവുന്നത്! ഓരോ റമദാന്റെയും അവസാനത്തില്‍ സത്യവിശ്വാസികളുടെ മനോമുകുരത്തില്‍ ഉയരുന്ന നെടുവീര്‍പ്പാണ് ഇത്. റമദാന്റെ അവസാനത്തില്‍ അവന്‍ വിലപിക്കുകയാണ്. യഥാവിധി ഉപയോഗപ്പെടുത്താന്‍ കഴിയാതെ ഈ നോമ്പും കഴിഞ്ഞുപോയല്ലോയെന്ന്. കുറഞ്ഞ കാലത്തേക്കുകൂടി ലോകത്ത് അവസരം നല്‍കുകയാണെങ്കില്‍ ഞങ്ങള്‍ സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിച്ചു കൊള്ളാമെന്നു പരലോകത്ത് ഒരുമിച്ചുകൂട്ടപ്പെടുന്ന നേരത്തുള്ള മനുഷ്യന്റെ വിലാപസമാനമാണ് റമദാന്റെ അന്ത്യത്തില്‍ ഉണ്ടാവുന്ന നൈരാശ്യം. മുപ്പതു ദിനരാത്രങ്ങളും അതിന്റെ മഹത്ത്വങ്ങളും നമുക്കു മുമ്പില്‍ ഉണ്ടായിരുന്നിട്ടും അലസതയോടെ കൈകാര്യം ചെയ്തുപോവുകയാണ് ഓരോ വര്‍ഷവുമെങ്കില്‍ നാശം എന്നു വിലപിക്കുകയല്ലാതെ മറ്റെന്തു വഴി. റമദാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്നവരുടെ കൂട്ടത്തി ല്‍ ഉള്‍പ്പെടാന്‍ നമുക്കു കഴിയണം. റമദാന്‍ വന്നെത്തുമ്പോള്‍ പ്രവാചകന്‍ നടത്തിയ പ്രാര്‍ഥന ഇനിയെങ്കിലും ഓര്‍ക്കണം: 'അല്ലാഹുവേ, റമദാനു വേണ്ടി എന്നെയും എനിക്കു വേണ്ടി റമദാനെയും നീ കാത്തുരക്ഷിക്കേണമേ. കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്ന വിധത്തില്‍ ഈ മാസത്തെ എന്നില്‍ നിന്നു നീ യാത്രയാക്കേണമേ.'റമദാന്‍ വിടപറയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. നാമും വിലയിരുത്തുക. ഖലീഫ ഉമര്‍ പറഞ്ഞതുപോലെ വലിയൊരു വിചാരണയ്ക്കു മുമ്പ് നാം സ്വയം വിലയിരുത്തുക. കാരുണ്യവും പാപവിമുക്തിയും നരകമോചനവുമാണ് റമദാനിലൂടെ സംഭവിക്കേണ്ടത്. നമ്മുടെ കര്‍മങ്ങളെ മാറ്റിപ്പണിയാന്‍ ഈ റമദാനില്‍ കഴിഞ്ഞുവോ? ഒരാള്‍ വ്യാജമായ വാക്കും അതു പ്രകാരമുള്ള പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ അന്നപാനീയങ്ങള്‍ വര്‍ജിക്കണമെന്ന് അല്ലാഹുവിനു യാതൊരു ആവശ്യവുമില്ല. നമ്മുടെ വ്രതദിനങ്ങള്‍ കൂടുതല്‍ ജാഗ്രതാപൂര്‍ണമാക്കാന്‍ കഴിയേണ്ടതല്ലേ? അനുവദനീയമായ പലതും നിഷിദ്ധമാക്കാന്‍ തയ്യാറാവുന്നതിലൂടെ അല്ലാഹുവിന്റെ ആജ്ഞകളെ ഏതു ഘട്ടത്തിലും ശിരസാവഹിക്കാന്‍ തയ്യാറാണെന്ന് ഉദ്‌ഘോഷിക്കുന്ന വിശ്വാസികള്‍ നാവിനെയും ഇച്ഛകളെയും ബന്ധിച്ച് ആരാധനയ്ക്കുള്ള ശക്തി സംഭരിക്കുകയാണ് റമദാനിലൂടെ എന്ന സത്തയറിഞ്ഞ്, റമദാന്റെ വരുംദിനങ്ങളെ സാര്‍ഥകമാക്കി യാത്രയാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ റമദാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്നവരില്‍ ഉള്‍പ്പെടുമെന്നു നമുക്കു പ്രതീക്ഷിക്കാന്‍ വകയുള്ളൂ. കാര്യം മനസ്സിലാക്കാതെയുള്ള ആരാധനയിലും ആശയങ്ങള്‍ ഗ്രഹിക്കാതെയുള്ള ഖുര്‍ആന്‍ പാരായണത്തിലും യാതൊരു നന്മയുമില്ലെന്ന ഖലീഫ അലിയുടെ അധ്യാപനം നമ്മുടെ കര്‍മങ്ങളെ മാറ്റുരയ്ക്കാനുള്ള അവസരം നല്‍കട്ടെ.
Next Story

RELATED STORIES

Share it