kozhikode local

റമദാന്‍ : ആരാധനക്കൊപ്പം ആഘോഷമാക്കി വിശ്വാസികള്‍



കോഴിക്കോട്: മനസ്സും ശരീരവും സ്ഫുടം ചെയ്‌തെടുക്കാന്‍ ദൈവം സമ്മാനിച്ച ദിനരാത്രങ്ങളെ ആരാധനക്കൊപ്പം ആഘോഷത്തിന്റേത് കൂടിയാക്കി മാറ്റുകയാണ് വിശ്വാസികള്‍. പള്ളികളും വിപണിയും ഒരു പോലെ സജീവമാവുന്നുവെന്നത് റമദാന്‍ മാസത്തിന്റെ പ്രത്യേകതയായി മാറിക്കഴിഞ്ഞു. ആരാധനയെ ആഘോഷമാക്കി മാറ്റുകയാണ് ആളുകള്‍. അതുകൊണ്ട് തന്നെ പള്ളികള്‍ക്കൊപ്പം വിപണിയും സജീവമാണ്. വസ്ത്രക്കടകളും ഫ്രൂട്ട്‌സ് െ്രെഡ ഫ്രൂട്ട്‌സ് സ്റ്റാളുകളും അത്തര്‍ കടകളും ബേക്കറികളും തട്ടുകടകളും പച്ചക്കറികടകളും മാത്രമല്ല, തെരുവില്‍ ഐസ് ഒരതിയും ഉപ്പിലിട്ടതും വില്‍ക്കുന്ന ഉന്തുവണ്ടിക്കച്ചവടം വരെ പൊടിപൊടിക്കുകയാണിപ്പോള്‍. സമൂഹ നോമ്പ് തുറകള്‍ക്ക് അല്‍പം കുറവ് വന്നിട്ടുണ്ടെങ്കിലും നോട്ട് നിരോധനം മൂലം ആലസ്യത്തിലായിരുന്ന വിപണിയെ റമദാന്‍ തെല്ലൊന്നുമല്ല ഉണര്‍ത്തിയത്. ഒരു കാലത്ത് റമദാനില്‍ അടച്ചിട്ടിരുന്ന ഹോട്ടലുകളും ബേക്കറികളുമെല്ലാം ഇന്ന്് പലഹാരങ്ങളുമായി രാവും പകലും ഉണര്‍ന്നിരിക്കുകയാണ്. നോമ്പ് തുറ മാത്രമല്ല, മുത്താഴവും അത്താഴവും വരെ വിപണിയില്‍ ഒരുക്കിവച്ചിട്ടുണ്ട്. ആലസ്യമല്ല, ഊര്‍ജസ്വലതയും ഉന്മേഷവും ആവേശവുമാണ് റമദാന്‍ പകരുന്നതെന്ന ബോധ്യപ്പെടുത്തുകയാണ് മസ്ജിദുകളിലെയും തെരുവിലെയും തിരക്ക്. ജീവ കാരുണ്യപ്രവര്‍ത്തനങ്ങളിലും ഈ ആവേശം കാണാം. നോമ്പ് തുറപെരുന്നാള്‍ കിറ്റ് വിതരണവും വീട് നിര്‍മാണവും മറ്റു സഹായ സഹകരണങ്ങളുമായി നിരവധി റിലീഫ് പ്രവര്‍ത്തനങ്ങളാണ് റമദാനില്‍ നടക്കുന്നത്. സഹജീവിക്ക് സഹാനുഭൂതി പകരുന്നതിന് തുല്യതയില്ലാത്ത പ്രചോദനമാണ് റമദാന്‍ പകരുന്നത്. പള്ളികളിലെ നോമ്പ് തുറകളിലും ഈ ആവേശവും ആഘോഷവും നമുക്ക് കാണാനൊക്കും. കാരക്കയോ തരിക്കഞ്ഞിയോ മാത്രമുണ്ടായിരുന്ന പള്ളികളിലെ നോമ്പ് തുറകള്‍ ഇന്ന് പലഹാരങ്ങളും പഴവര്‍ഗങ്ങളുമില്ലാതെ പൂര്‍ത്തിയാവില്ലെന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. കാരക്കക്കൊപ്പം കൊതിയൂറും പലഹാരങ്ങളുമായൊരു നോമ്പ് തുറ. രാത്രി നമസ്‌കാര ശേഷം അങ്ങാടിയിലിറങ്ങി ഉപ്പിലിട്ടതും ഐസ് ഒരതിയും രുചിച്ച്് വീട്ടിലെത്തി കെങ്കേമമായൊരു മുത്താഴം. നല്ല മീന്‍കറിയും പൊരിച്ചതും കൂട്ടി പുലരും മുമ്പ് അത്താഴം.. ശരാശരിക്കാരന്റെ ജീവിതം കൂടി ഈ തരത്തിലേക്ക് മാറാന്‍ തുടങ്ങിയതോടെ വിപണിക്ക് ഉറക്കമില്ലാതായി.  അന്നപാനീയങ്ങള്‍ ഉപേക്ഷിക്കലാണ് നോമ്പിന്റെ പ്രധാന പ്രത്യേകതകളിലൊന്നെങ്കിലും നോമ്പിന് ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്നത് പലഹാരക്കടകളിലാണ്.  നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടതും ഐസ് ഒരതിയും (ചുരണ്ടി ഐസ് ) വില്‍ക്കുന്ന കടകളും ഇന്ന് ഗ്രാമപ്രദേശങ്ങളില്‍ വരെ തുറന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it