Ramadan Special

റമദാന്‍ ആദ്യ പത്തിലെ പ്രാര്‍ഥനകള്‍



വിശുദ്ധ റമദാന്‍ മാസത്തിലെ ദിനരാത്രങ്ങള്‍ അതിവേഗം കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ആദ്യ പത്ത് അവസാനിക്കാന്‍ ഇനി ഏതാനും ദിനങ്ങള്‍ മാത്രം. ഇത്രയും ദിവസം നാം ഓരോരുത്തരും എത്ര ഉപയോഗപ്പെടുത്തി എന്നു വിശകലനം ചെയ്താല്‍ ഇനിയുള്ള ദിവസങ്ങളില്‍ പരമാവധി പ്രതിഫലം സ്‌കോര്‍ ചെയ്യാം. ദിക്‌റും ദുആയും ഖുര്‍ആന്‍ പാരായണവുമാണ് ലളിതമായി ലാഭം കൊയ്യാവുന്നവ.

റമദാനില്‍ അല്ലാഹുവോട് അടിമയായ മനുഷ്യന് എന്തും അര്‍ഥിക്കാം. എന്നാല്‍ ആദ്യ പത്തില്‍ അല്ലാഹുവിന്റെ റഹ്മത്തും രണ്ടാമത്തെ പത്തില്‍ മഗ്ഫിറത്തും (പാപമോചനം) അവസാന പത്തില്‍ നരകവിമുക്തിയും തേടുന്നതിന് പ്രാധാന്യം നല്‍കണമെന്നാണ് പ്രവാചകാധ്യാപനം. അതു പ്രകാരം ആദ്യ പത്ത് റഹ്മത്തിന്റേതാണ് (കാരുണ്യത്തിന്റെ). ആദ്യ പത്തിലെ പ്രാര്‍ഥനകള്‍ പരിചയപ്പെടാം.
''റബ്ബിഗ്ഫിര്‍ വര്‍ഹം വ അന്‍ത ഖയ്‌റുര്‍റാഹിമീന്‍''
(എന്റെ നാഥാ, എനിക്ക് പാപങ്ങള്‍ പൊറുത്തുതരണേ. കാരുണ്യം ചൊരിയുകയും ചെയ്യണേ! ഏറെ കരുണചെയ്യുന്നവനല്ലോ നീ).
ഖുര്‍ആനിലെ സൂറ അല്‍ മുഅ്മിനൂന്‍ അധ്യായത്തിലെ 118ാം സൂക്തത്തിലുള്ള പ്രാര്‍ഥനയാണിത്.
''യാ ഹയ്യു യാ ഖയ്യൂം ബി റഹ്മതിക അസ്തഗീഥു''
(എന്നെന്നും ജീവിച്ചിരിക്കുന്നവനും സ്വയം നിലനില്‍ക്കുന്നവനുമായ അല്ലാഹുവേ, നിന്റെ കാരുണ്യത്തില്‍ നിന്ന് ഞാന്‍ ചോദിക്കുന്നു)
''അല്ലാഹുമ്മര്‍ഹംനീ യാ അര്‍ഹമര്‍റാഹിമീന്‍''
(പരമ കാരുണ്യവാനായ അല്ലാഹുവേ എനിക്ക് നിന്റെ കാരുണ്യം ചൊരിഞ്ഞുതന്നാലും!)
തുടങ്ങി ആദ്യ പത്തില്‍ പ്രാര്‍ഥിക്കാന്‍ സമാനമായ വേറെയും പ്രാര്‍ഥനകളുണ്ട്. അല്ലാഹുവിന്റെ അളവില്ലാത്ത കാരുണ്യസാഗരത്തില്‍ നിന്ന് തനിക്ക് നല്‍കണേ എന്ന പ്രാര്‍ഥന ആവണം അതിലെല്ലാം ഉണ്ടാവേണ്ടത് എന്നു മാത്രം.
''അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ്, അസ്തഗ്ഫിറുല്ലാഹ്, അസ്അലുകല്‍ ജന്നത വ അഊദുബിക മിനന്നാര്‍'' എന്ന പ്രാര്‍ഥനയും ഇതോടൊപ്പം ചൊല്ലാം. ഇത് റമദാനില്‍ മുഴുക്കെ ചൊല്ലാനുള്ളതാണ്. ഇതിന്റെ അര്‍ഥം താഴെ:
അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ലെന്ന് ഞാന്‍ സാക്ഷ്യംവഹിക്കുന്നു. അല്ലാഹുവോട് ഞാന്‍ പാപമോചനം തേടുന്നു. (അല്ലാഹുവേ) നിന്നോട് ഞാന്‍ സ്വര്‍ഗം തേടുന്നു; നരകത്തില്‍ നിന്നു ഞാന്‍ നിന്നോട് അഭയം തേടുകയും ചെയ്യുന്നു.

എത്ര സുന്ദരമായ പ്രാര്‍ഥന! ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം അല്ലാഹുവോട് നാം ചെയ്തുപോയ പാപങ്ങള്‍ പൊറുത്തു വിട്ടുവീഴ്ച ചെയ്യാന്‍ കരഞ്ഞ് പ്രാര്‍ഥിച്ച ശേഷമാണ് സ്വര്‍ഗം അര്‍ഥിക്കാനും നരകമോചനം തേടാനും പാടുള്ളത് എന്നതാണ്. പാപം ചെയ്തവര്‍ക്ക് പശ്ചാത്താപ ബോധം ഉണ്ടാവണമല്ലോ.

വെറുതെയിരിക്കുമ്പോഴെല്ലാം ദിക്‌റുകളുടെ കൂടെ ഈ പ്രാര്‍ഥനകളും ചൊല്ലുക. കാരുണ്യവാനായ അല്ലാഹു റമദാന്‍ ഓഫറുമായി കാത്തിരിക്കുകയാണ്, പ്രാര്‍ഥിക്കുന്ന ദാസന്മാരെ. എന്തിന് മടിക്കണം.
നന്മകള്‍ക്ക് അനേകമിരട്ടി പ്രതിഫലം ലഭിക്കുന്ന റമദാനിലെ ദിനരാത്രങ്ങള്‍ കൊണ്ട് നമുക്ക് വിജയികളാവാം.
അല്ലാഹ് അനുഗ്രഹിക്കണേ! റബ്ബിഗ്ഫിര്‍ വര്‍ഹം വ അന്‍ത ഖയ്‌റുര്‍റാഹിമീന്‍.
തയ്യാറാക്കിയത്: അബൂ മിശ്അല്‍
Next Story

RELATED STORIES

Share it