Ramadan Special

റമദാന്റെ സൗന്ദര്യം

റമദാന്റെ സൗന്ദര്യം
X


ആരാധനകളെ കേവല കാട്ടിക്കൂട്ടലുകള്‍ക്കപ്പുറം സൗന്ദര്യാത്മകമായി സമീപിക്കുന്ന ദര്‍ശനം കൂടിയാണ് ഇസ് ലാം. അത് അനുയായികള്‍ക്കു നിര്‍ദേശിക്കുന്ന ഓരോ ആരാധനകയിലും അനുഷ്ഠാനത്തിലും ഇതു കാണാനാവും. മനസ്സിന്റെ അവാച്യമായ സൗന്ദര്യവും പ്രകടമായ സൗന്ദര്യവും അതു പ്രദാനം ചെയ്യുന്നു. നമസ്‌കാരം, ഹജ്ജ്, സകാത്ത്്, നോമ്പ് എന്നിവയിലെല്ലാം ഈ ധ്യാനാത്മക സൗന്ദര്യം കാണാനാവും. പ്രവാചകന്റെ ആകാശാരോഹണത്തെ അനുസ്മരിപ്പിക്കുകയും തന്റെ നാഥനോട് സംവദിക്കുന്ന മാനസികാവസ്ഥയിലേക്കു പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ആത്മീയസൗന്ദര്യവും അണിയണിയായി നിന്നും ഇരുന്നും പ്രണമിച്ചും പ്രകടമാവുന്ന മനോഹാരിതയും നമസ്്കാരത്തില്‍ കാണാനാവും. ഹജ്ജാവട്ടെ എല്ലാവിധ സ്വാഭാവിക അഹന്തകളില്‍നിന്നും മനസ്സിനെ മുക്തമാക്കുകയും വര്‍ണം, വര്‍ഗം, ദേശം, ജാതി തുടങ്ങിയ എല്ലാ അതിര്‍വരമ്പുകളെയും മായ്ച്ചുകളയുകയും ചെയ്യുന്നു. ദേശാതിര്‍ത്തികള്‍ കടന്ന് ഒരേ വേഷത്തില്‍ ഒരുമിച്ചുകൂടുന്ന ഹാജിമാര്‍ ലോകത്തെ ഏറ്റവും സുന്ദരമായ കാഴ്ചയാണെന്നുപോലും പറയാം. തൂവെള്ള നിറമുള്ള വസ്ത്രമണിയുമ്പോലെത്തന്നെ വെണ്‍മയാര്‍ന്ന മനസ്സുമായാണ് ഓരോ ഹാജിയും കഅ്ബ പ്രദക്ഷിണം ചെയ്യുന്നത്.  എല്ലാവിധ ഉച്ചനീചത്വങ്ങളെയും കാഴ്ചകൊണ്ടും മനസ്സുകൊണ്ടും കടപുഴക്കിയെറിയുകയാണ് ഹജ്ജിലൂടെ സംഭവിക്കുന്നത്. സകാത്താവട്ടെ, സമ്പത്തിന്റെ പരിശുദ്ധിയും സാമൂഹിക സമ്പന്നതയും പ്രദാനം ചെയ്യുന്നു. സകാത്ത് നല്‍കുന്നവന്റെയും അതിന്റെ ഗുണഫലം ആസ്വദിക്കുന്നവരുടെയും ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന പിശുക്കില്ലാത്ത സ്‌നേഹം തന്നെയാണ് അതിന്റെ സൗന്ദര്യം. സമ്പത്ത് പടച്ചവന്റെ ദാനമാണെന്നും ആ ദാനത്തിന്റെ കൈവഴികള്‍ തീര്‍ക്കുക മാത്രമാണ് ഒരു അടിമ എന്ന നിലയില്‍ താന്‍ ചെയ്യുന്നതെന്നും ഓരോ വിശ്വാസിയും തിരിച്ചറിയുന്നു. ഈ തിരിച്ചറിവാണ് അധഃസ്ഥിതന്റെയും യാത്രക്കാരുടെയും പാവപ്പെട്ടവരുടെയുമൊക്കെ പുഞ്ചിരിയായി പരിണമിക്കുന്നത്. ഭൗതികമായും മാനസികമായും നടക്കുന്ന സാമ്പത്തിക ശുദ്ധീകരണം ഒരു സാമൂഹിക വസന്തം പൂവിടുന്നതിനു തുല്യമായിത്തീരും. മാനസികവും ശാരീരികവുമായ കോപ്രായങ്ങളിലേക്കു മനുഷ്യനെ തള്ളിവിടുന്ന ആരാധനകളോ ചടങ്ങുകളോ ഇസ്്‌ലാം പ്രോല്‍സാഹിപ്പിക്കുന്നില്ല. അല്ലാഹുവിനേക്കാള്‍ വര്‍ണം കൊടുക്കുന്നവനായി മറ്റാരുണ്ട് എന്ന് ഖുര്‍ആനും അല്ലാഹു സൗന്ദര്യമുള്ളവനാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു എന്നു തിരുനബിയും പഠിപ്പിക്കുന്നത് അതുകൊണ്ടാണ്. കണ്ണും കാതും മനസ്സും ഒരേസമയം കുളിര്‍പ്പിക്കുന്നതാണ് ദൈവപ്രോക്തമായ ആരാധനകളെന്നര്‍ഥം. അതിനെ അവമതിക്കുന്ന ഏതു ചടങ്ങും മനുഷ്യരുടെ കൈകടത്തലുകള്‍ വഴി സംഭവിച്ചതാവും.നോമ്പിന്റെ അവാച്യമായ ആത്മീയ-ഭൗതിക സൗന്ദര്യവും സന്തോഷവും അതിന്റെ ഓരോ ചടങ്ങിലും കാണാം. നിയന്ത്രണങ്ങളാണ് അതിന്റെ സൗന്ദര്യത്തെ സമ്പന്നമാക്കുന്നത്. വാക്കും നോക്കും ചേലുമെല്ലാം ഒരേ സമയം നിയന്ത്രിച്ച് ശാന്തിയടയുന്ന സ്വന്തം മനസ്സും അതു മറ്റുള്ളവര്‍ക്കു പകരുന്ന സമാധാനദൂതുമാണ് അതിന്റെ ഒന്നാമത്തെ ലക്ഷ്യം. അതുതന്നെയാണ് ദൈവികബോധമുള്ളവരാവുക എന്ന കല്‍പനയിലൂടെ അല്ലാഹു മുന്നോട്ടുവയ്ക്കുന്നത്. ശീലങ്ങളെ മുഴുവന്‍ മാറ്റി മറിച്ച്, അതുവരെയും മനസ്സില്‍ താലോലിച്ചു നടന്നിരുന്ന മാനുഷിക ചോദനകളെ നിയന്ത്രിച്ചുനിര്‍ത്തി വിരക്തിയുടെ അനുഭൂതി അതു സമ്മാനിക്കുന്നു. നോമ്പുതുറക്കുന്ന സമയത്തുണ്ടാവുന്ന ആനന്ദത്തിലൂടെ വിരക്തിയുടെ പ്രതിഫലം അവാച്യമായ സന്തോഷമായിരിക്കുമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. ഒന്നിച്ചുള്ള നമസ്‌കാരങ്ങള്‍, നോമ്പുതുറകള്‍, കുടുംബസന്ദര്‍ശനങ്ങള്‍ തുടങ്ങിയ വൈയക്തികവും സാമൂഹികവുമായ ഒരാഘോഷമാവുക കൂടി ചെയ്യുന്നുണ്ട് റമദാന്‍. രാത്രികളെ അതു ജീവിപ്പിക്കുന്നു, പകലുകളെ അന്നപാനീയങ്ങളുടെ നിയന്ത്രണത്തിലൂടെ ശാന്തിപൂര്‍ണമാക്കുന്നു. നോമ്പ് കേവലം വിശപ്പിനു പ്രാമുഖ്യമുള്ള ഒരു ആരാധനയല്ല എന്നര്‍ഥം, അത് ഇസ്്‌ലാമിന്റെ മനോഹാരിത വിളംബരം ചെയ്യുന്ന സാമൂഹികാഘോഷംകൂടിയാണ്.
Next Story

RELATED STORIES

Share it