Flash News

റമദാനില്‍ 17 വര്‍ഷം തുടര്‍ച്ചയായി നോമ്പനുഷ്ഠിച്ച് രവീന്ദ്രന്‍



കാസര്‍കോട്: കഴിഞ്ഞ 17 വര്‍ഷമായി റമദാനില്‍ മുഴുവന്‍ നോമ്പും അനുഷ്ഠിച്ച്  മുസ് ലിം സഹോദരന്‍മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് പഞ്ചായത്ത് ജീവനക്കാരനായ രവീന്ദ്രന്‍. മുളിയാ ര്‍ പഞ്ചായത്ത് ഓഫിസിലെ ക്ലാര്‍ക്ക് പെരുമ്പള പാലിച്ചിയടുക്കത്തെ കെ രവീന്ദ്ര(47)നാണു നോമ്പനുഷ്ഠാനം ജീവിതചര്യയാക്കി മാറ്റിയത്. 17 വര്‍ഷം മുമ്പാണു താന്‍ കൃത്യമായി നോമ്പനുഷ്ഠിക്കാന്‍ തുടങ്ങിയതെന്നും ആരോഗ്യപരമായി നോമ്പ് പ്രയോജനപ്രദമാണെന്നും രവീന്ദ്രന്‍ തേജസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് പിന്നീടുള്ള എല്ലാ റമദാനിലും നോമ്പനുഷ്ഠിക്കുകയായിരുന്നു. നേരത്തെ മാതാവാണ് അത്താഴ സമയത്ത് ഉണര്‍ത്തി ഭക്ഷണം വിളമ്പിത്തന്നിരുന്നത്. വിവാഹം കഴിച്ചതോടെ ഭാര്യ ഈ ഉത്തരവാദിത്തം  ഏറ്റെടുക്കുകയായിരുന്നു. നോമ്പ് തുറക്കുമ്പോള്‍ കസ്‌കസ് കലര്‍ന്ന സര്‍ബത്തും കാരക്കയുമാണ് കഴിക്കുന്നത്. പിന്നീട് ലഘുവായി ഭക്ഷണം കഴിക്കും. ഇപ്പോഴത്തെ നോമ്പുതുറ വിഭവങ്ങളോട് രവീന്ദ്രന് വിയോജിപ്പാണുള്ളത്. കാരണം നോമ്പ് നോറ്റ ശരീരത്തിന് എണ്ണകലര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതുതന്നെ ആരോഗ്യത്തിനു ഹാനികരമാവും. വര്‍ഷത്തില്‍ ഒരുമാസം നോമ്പ് അനുഷ്ഠിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വ്രതത്തിലൂടെ ആത്മസംസ്‌കരണം മാത്രമല്ല പെരുമാറ്റവും സ്വഭാവവും മാറുന്നു. പകല്‍ മുഴുവന്‍ വ്രതമെടുത്ത ശേഷം രാത്രി മുഴുവന്‍ വയറുനിറച്ച് തിന്നുന്നതുകൊണ്ട് വ്രതത്തിന്റെ ആത്മചൈതന്യമാണു നഷ്ടമാവുന്നതെന്നും രവീന്ദ്രന്‍ പറയുന്നു. ദാനധര്‍മങ്ങള്‍ റമദാന്‍ മാസത്തില്‍ മാത്രം ഒതുക്കാതെ എല്ലാ മാസങ്ങളിലും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാന്‍ സന്‍മനസ്സ് കാണിച്ചാല്‍ സമൂഹത്തിലെ നിര്‍ധനര്‍ക്ക് ആശ്വാസമാവും. നോമ്പുകാരന് വിശപ്പിന്റെ ഉള്‍വിളി ഉണ്ടാവും. ഇതോടെ പട്ടിണിപ്പാവങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കാനാവും. പട്ടിണിയും ദാരിദ്ര്യവും തിരിച്ചറിഞ്ഞ് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയും. മനസ്സും ശരീരവും ശുദ്ധീകരിക്കുന്ന റമദാനില്‍ വ്രതം അനുഷ്ഠിക്കാന്‍ കഴിയുന്നതുതന്നെ പുണ്യമായിട്ടാണ് താന്‍ കാണുന്നതെന്ന് രവീന്ദ്രന്‍ പറഞ്ഞു. നേരത്തെ കലക്ടറേറ്റ് ജീവനക്കാരനായിരുന്നു. 17 വര്‍ഷം മുമ്പും നോമ്പ് അനുഷ്ഠിച്ചിരുന്നു. എന്നാല്‍ കൃത്യതയില്ലായിരുന്നെന്നും ഇപ്പോള്‍ വര്‍ഷംതോറും റമദാന്‍ മാസത്തിന്റെ പവിത്രത മനസ്സിലാക്കി നോമ്പ് അനുഷ്ഠിക്കുകയാണെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it