malappuram local

റമദാനില്‍ സജീവമായി പലഹാര വിപണി



പൊന്നാനി: റമദാന്‍ മാസം തുടങ്ങിയതോടെ മുക്കിലും മൂലയിലും പലഹാര വിപണികള്‍ സജീവമായി. ചെറു കടകള്‍ മുതല്‍ ഓര്‍ഡര്‍ അനുസരിച്ച് വലിയ ഇഫ്താറുകള്‍ക്കുവരെ പൊരിപലഹാരങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന വമ്പന്മാര്‍ വരെ സജീവമായിട്ടുണ്ട്. പക്ഷേ, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നവയാണ് ഇത്തരം പലഹാരങ്ങളെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ എത്ര മുന്നറിയിപ്പ് നല്‍കിയാലും എണ്ണപ്പലഹാരം റമദാന്‍ ഭക്ഷണത്തില്‍ നിന്നൊഴിവാക്കാന്‍ മിക്ക ആളുകളും തയ്യാറല്ല. മിക്കയിടങ്ങളിലും അനധികൃതമായാണ് പലഹാരനിര്‍മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇത്തരം പലഹാരനിര്‍മാണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്താന്‍ പോലും തയ്യാറാവുന്നില്ലെന്ന് ആരോപണമുണ്ട്. ലൈസന്‍സില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് പലയിടത്തും പലഹാര നിര്‍മാണം. റമദാന്‍ ആയതോടെ ഹോട്ടലുകളിലും ബാക്കറികളിലും പ്രധാന കച്ചവടം പൊരിപലഹാരങ്ങള്‍ തന്നെ. പഞ്ചായത്തിന്റെ ലൈസന്‍സോ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റോ ഇല്ലാതെയാണ് മിക്ക പലഹാര നിര്‍മാണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പലഹാരനിര്‍മാണ കേന്ദ്രങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സജീവമാണ്. എന്നാല്‍, ആരോഗ്യവകുപ്പിന്റെ നിര്‍ദേശം കണക്കിലെടുക്കാതെയാണ് പലരും പലഹാര നിര്‍മാണം തുടങ്ങിയത്. ഇതിനുപുറമെ തട്ടുകടകള്‍ കേന്ദ്രീകരിച്ചും പൊരിവിപണി സജീവമാണ്. അടുപ്പിലെ എണ്ണയില്‍ തിളയ്ക്കുന്ന പത്തിരി. തൊട്ടുപിന്നാലെ ഇതേ എണ്ണയില്‍ സമൂസ, പിന്നെ ബോണ്ടയും നെയ്യപ്പവും, പിറകേ മറ്റു പലഹാരങ്ങളും. എണ്ണയ്ക്കുമാത്രം മാറ്റമില്ല. കറുത്ത് കുഴമ്പുപരുവത്തിലായാലേ എണ്ണ മാറ്റൂ. കരിഓയിലിന് സമാനമായ എണ്ണയും പക്ഷേ, വെറുതെ കളയില്ല. അത് സമൂസയുടെ പുറത്ത് തേയ്ക്കും. ഉഴുന്നവടയ്ക്കുള്ള കൂട്ടില്‍ മൈദ ചേര്‍ത്ത് കലക്കും. ലാഭം വേണമെങ്കില്‍ ഇങ്ങനൊയൊക്കെ വേണമെന്നാണ് തൊഴിലാളികളുടെ പക്ഷം. ഇത്തരം സാഹചര്യങ്ങളില്‍നിന്നെത്തുന്ന പലഹാരങ്ങളാണ് കടുത്ത രോഗങ്ങളുണ്ടാക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പലവട്ടം ഉപയോഗിച്ച എണ്ണ കൊടും വിഷമാണ്. അവ കാന്‍സറുണ്ടാക്കാന്‍ വരെ കാരണമാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതരസംസ്ഥാനക്കാര്‍ മാത്രമല്ല മറ്റു പലരും ഇത്തരത്തില്‍ തന്നെയാണ് പൊരിക്കടികള്‍ തയ്യാറാക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. പക്ഷേ, അതൊന്നും എവിടെയും പാലിക്കപ്പെടുന്നില്ലെന്ന് മാത്രം. എന്നാല്‍, ചുരുക്കം ചില കടകള്‍ വളരെ നല്ല രീതിയില്‍ ഇവയെല്ലാം തയ്യാറാക്കി നല്‍കുന്നുമുണ്ട്.
Next Story

RELATED STORIES

Share it