റമദാനില്‍ മാത്രം പൂക്കുന്ന പാനൂസുകള്‍...

റമദാനില്‍ മാത്രം പൂക്കുന്ന പാനൂസുകള്‍...
X


ഫഖ്‌റുദ്ദീന്‍  പന്താവൂര്‍

പൊന്നാനി: പൊന്നാനിയിലെ റമദാന്‍ ആഘോഷങ്ങളുടെ മധുരങ്ങളാണ് വര്‍ണങ്ങളാല്‍ അലങ്കരിച്ച പാനൂസ് വിളക്കുകള്‍. റമദാനില്‍ മാത്രം പൂക്കുന്ന വിളക്കുപുഷ്പങ്ങളാണിത്.ഒരുകാലത്ത് പൊന്നാനിയിലെ റമദാന്‍ രാത്രികളെ സമ്പന്നമാക്കിയിരുന്നതു വിവിധയിനം പാനൂസുകളായിരുന്നു. ചുരുക്കം ചില വീടുകളില്‍ കാലത്തിന്റെ അക്ഷരത്തെറ്റു പോലെ ഇന്നും പാനൂസ് വിളക്കുകള്‍ നിറങ്ങള്‍ പകരുന്നതു കാണാം. മുളച്ചീളുകൊണ്ട് കെട്ടിയുണ്ടാക്കുന്ന വിവിധ ആകൃതികള്‍ക്കു പുറത്ത് വര്‍ണക്കടലാസുകൊണ്ട് പൊതിഞ്ഞ് ഇതിനകത്ത് വെളിച്ചം തെളിക്കുമ്പോഴുണ്ടാവുന്ന വര്‍ണവിസ്മയമാണു പാനൂസുകള്‍. പഴയകാലത്ത് തറവാട്ടുവീട്ടുകാര്‍ തങ്ങളുടെ പ്രതാപം പ്രകടമാക്കിയിരുന്നത് കൂറ്റന്‍ പാനൂസുകള്‍ നിര്‍മിച്ച് വീടിന് ഉമ്മറത്ത് തൂക്കിയാണ്. കല്ലന്‍ പാനൂസുകള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവയ്ക്ക് 10 അടി മുതല്‍ 20 അടി വരെ നീളമുണ്ടാവും. വിമാനത്തിന്റെയും കപ്പലിന്റെയും സിലിണ്ടറിന്റെയും മാതൃകയിലാണ് ഇവയൊക്കെ നിര്‍മിച്ചിരുന്നത്. വര്‍ണക്കടലാസുകൊണ്ട് പൊതിഞ്ഞ മുളച്ചീളുകൊണ്ടുള്ള അകൃതികള്‍ക്കകത്ത് പ്ലാസ്റ്റിക് പേപ്പര്‍ കൊണ്ട് വൃത്താകൃതിയില്‍ നിര്‍മിച്ച കുറ്റി സ്ഥാപിക്കും. മെഴുകുതിരി വെട്ടത്തില്‍ ചൂടേല്‍ക്കുമ്പോള്‍ സ്വയം തിരിയുന്ന സംവിധാനമാണ് കുറ്റിക്ക്. പ്ലാസ്റ്റിക് കടലാസിന് പുറത്ത് ഒട്ടിച്ച മൃഗത്തിന്റെയും മറ്റും മാതൃകകള്‍ മെഴുകുതിരിപ്രകാശത്തില്‍ കുറ്റി തിരിയുമ്പോള്‍ പാനൂസുകള്‍ക്ക് പുറത്ത് വര്‍ണക്കടലാസുകളില്‍ വലുതായി തെളിയും. പണ്ടുകാലത്ത് ഇത്തരത്തിലുള്ള പാനൂസുകള്‍ അങ്ങാടിയിലാകെ കൊണ്ടുനടക്കുമായിരുന്നു.  ഇപ്പോള്‍ നിര്‍മിച്ചുനല്‍കുന്ന പാനൂസുകളില്‍ അധികവും ചെറിയവയാണ്.  ഏറെ നേരത്തെ അധ്വാനവും  വന്‍ സാമ്പത്തിക ചെലവും ഇതു നിര്‍മിക്കാന്‍ വേണം. ഇപ്പോള്‍ നിര്‍മിക്കുന്ന ചെറിയ ഇനം പാനൂസുകള്‍ക്ക് 3000 രൂപയോളമാണു ചെലവ്. പഴമയെ അലങ്കാരമായി കാണുന്ന ചിലരാണു പാനൂസുകളുടെ ഇപ്പോഴത്തെ ആവശ്യക്കാര്‍. അതുകൊണ്ടുതന്നെയാണ് അങ്ങാടിയിലെ ചില വീടുകളില്‍ ഒരുകാലത്തിന്റെ കെടാവിളക്കായി പാനൂസുകള്‍ ഇന്നും വര്‍ണം പൊഴിക്കുന്നത്.
Next Story

RELATED STORIES

Share it