Pravasi

റമദാനില്‍ ഉംറ യാത്രയ്ക്ക് ചെലവ് വര്‍ധിക്കും



ദോഹ: ഈ വര്‍ഷം റമദാനില്‍ ഉംറ യാത്രയ്ക്ക് ചെലവു വര്‍ധിക്കും. യാത്ര, ഹോട്ടല്‍, ഹോട്ടലും മക്കയിലെ വിശുദ്ധ സ്ഥലങ്ങളും തമ്മിലുള്ള ദൂരം തുടങ്ങി നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചെലവ് നിശ്ചയിക്കുന്നത്. റമദാനില്‍ ഉംറ തീര്‍ഥാടനത്തിന് ബുക്കിങ് വര്‍ധിക്കുന്നതും ചെലവുയരാന്‍ കാരണമാകുന്നതായി ഹജ്ജ്, ഉംറ യാത്രാ ഏജന്‍സികളെ ഉദ്ധരിച്ച് ദി പെനിന്‍സുല പത്രം റിപോര്‍ട്ട് ചെയ്തു. ഉംറ ബുക്കിങ് വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ ഓഫറുകളുമായി ഏജന്‍സികള്‍ രംഗത്തു വരുന്നുണ്ട്. വ്യത്യസ്ത പാക്കേജുകളാണ് ഏജന്‍സികള്‍ അവതരിപ്പിക്കുന്നത്. യാത്രാ മാര്‍ഗം, തിയതി, ഹോട്ടല്‍, ഹോട്ടലിനും മക്കയിലെ ഹറം ശരീഫിനുമിടയിലുള്ള ദൂരം എന്നിവ കണക്കാക്കി വിവിധ ഏജന്‍സികള്‍ വ്യത്യസ്ത നിരക്ക് ഈടാക്കുന്നു. പൊതുവേ 1,300 നും 7,000 റിയാലിനും ഇടയിലാണ് ഉംറ യാത്രാ ചെലവ്. റമദാനില്‍ പൊതുവേ നിരക്ക് ഉയരാറുണ്ട്. റമദാനിലെ അവസാന പത്ത് ദിവസത്തില്‍ ചെലവ് വീണ്ടും കൂടും. റമദാനിന്റെ ആദ്യ പത്ത് ദിവസങ്ങളില്‍ രണ്ടു രാത്രി മദീനയിലും മൂന്നു പകല്‍ മക്കയിലും ഉള്‍പ്പടെയുള്ള യാത്രക്ക് ഒരാളില്‍നിന്ന് ബസ് മാര്‍ഗം 2420 റിയാലും വിമാന മാര്‍ഗം 3600 റിയാലുമാണ് ഈടാക്കുന്നതെന്ന് ഒരു ടൂര്‍ ഓപറേറ്റര്‍ പ്രതികരിച്ചു. അവസാന പത്ത് ദിനങ്ങളില്‍  ഒരാളില്‍നിന്ന്  4520 റിയാലാണ് ഈടാക്കുന്നത്. ഷെയറിങ് റൂമാണെങ്കില്‍ 2500 റിയാലും ഈടാക്കും. ഉംറ യാത്രക്കുള്ള വിസ, ചതുര്‍ നക്ഷത്ര ഹോട്ടലില്‍ താമസം, ബസ് വിമാന യാത്രാ പാക്കേജ് എന്നിവയാണ് പാക്കേജിലുള്ളതെന്നും ഏജന്‍സി അറിയിച്ചു. റമദാന്റെ അവസാന പത്ത് ദിവസങ്ങളില്‍ സാധാരണഗതിയില്‍ ഉംറ യാത്രക്ക് ചെലവ് വര്‍ധിക്കുമെന്ന് മറ്റു ട്രാവല്‍ ഏജന്‍സി പ്രതിനിധികളും ചൂണ്ടിക്കാട്ടി. റമദാന്റെ ആദ്യ പത്ത് ദിവസത്തില്‍ ഉംറ യാത്ര നടത്താന്‍ ഒരാള്‍ക്ക് റോഡ് മാര്‍ഗം 1,800നും 2,000നുമിടയില്‍ റിയാലാണ് നിരക്ക്. കഴിഞ്ഞ വര്‍ഷം ഇത് 1,400 മുതല്‍ 1800 റിയാല്‍ വരെയായിരുന്നു. വിമാന യാത്രയുടെ നിരക്ക് 5,500 മുതല്‍ 9,000 റിയാല്‍ വരെയാണ്. കഴിഞ്ഞ വര്‍ഷം 3000 മുതല്‍ 7000 റിയാല്‍ വരെയായിരുന്നു. അവസാനത്തെ പത്ത് ദിവസത്തില്‍ നിരക്ക് വീണ്ടും ഉയരും. ഏജന്‍സികള്‍ ഉംറ പാക്കേജിന്റെ നിരക്കുകള്‍ വെബ്‌സൈറ്റുകളിലും ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it