Flash News

റബറിന്റെ വളപ്രയോഗം; മൊബൈല്‍ ആപ്പുമായി റബര്‍ ബോര്‍ഡ്



കോട്ടയം: റബറിന് വളമിടുന്നതിനായി മണ്ണിന്റെ ഫലഭൂയിഷ്ഠി അറിയാന്‍ മേല്‍മണ്ണിന്റെയും കീഴ്മണ്ണിന്റെയും സാംപിളുകള്‍ ശേഖരിച്ച് മണ്ണു പരിശോധനാശാലകളില്‍ നല്‍കുന്ന സമ്പ്രദായത്തിന് മാറ്റം വരുന്നു. ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ച മൊബൈല്‍ ആപ്പ് വഴി കര്‍ഷകര്‍ക്ക് മണ്ണിന്റെ നിലവിലെ ഫലഭൂയിഷ്ഠിയും ഇടേണ്ട വളത്തിന്റെ അളവും കൃത്യമായി അറിയാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഉപഗ്രഹത്തിന്റെ സഹായത്തോടെയുള്ള ഓണ്‍ലൈന്‍ വളപ്രയോഗ ശുപാര്‍ശാ സംവിധാനം റബര്‍കൃഷിയില്‍ ലോകത്തു തന്നെ ആദ്യത്തേതാണെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എ അജിത്കുമാര്‍ അറിയിച്ചു. കോട്ടയം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍നിന്ന് സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനായി വളപ്രയോഗശുപാര്‍ശ നല്‍കുന്ന റബര്‍ സോയില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തി(റബ്‌സിസ്)ന്റെ ഉദ്ഘാടനം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍ നേരത്തേ നിര്‍വഹിച്ചിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ആന്‍ഡ്രോയ്ഡ് ആപ്പ് വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രം, നാഷനല്‍ ബ്യൂറോ ഓഫ് സോയില്‍ സര്‍വേ ആന്റ് ലാന്‍ഡ് യൂസ് പ്ലാനിങ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, ഐഎസ്ആര്‍ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കേരള എന്നീ സ്ഥാപനങ്ങളുടെ സഹകരണമാണ് പുതിയ ആപ്പിന് പിന്നിലുള്ളത്. വിലകൂടിയ രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ റബ്‌സിസ് മുഖേനയുള്ള ശാസ്ത്രീയവളപ്രയോഗം സഹായിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it