Pathanamthitta local

റബര്‍ വിലയിടിവ് ; ജില്ലയില്‍ വ്യാപാര മേഖല സ്തംഭനാവസ്ഥയില്‍

പത്തനംതിട്ട: റബറും ഗള്‍ഫ് ഉള്‍പ്പെടയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പണവും സമ്പന്നമാക്കിയിരുന്ന പത്തനംതിട്ടയിലെ വിപണി ഈ വരുമാന സ്രോതസ്സുകള്‍ ഒരു പോലെ അനിശ്ചിതാവസ്ഥയിലായതോടെ ഏതാണ്ട് പൂര്‍ണമായും നിശ്ചലമായ അവസ്ഥയില്‍ ആണെന്ന് വ്യാപാരികള്‍ പറയുന്നു.
റബര്‍ വിലത്തകര്‍ച്ച കോട്ടയം കഴിഞ്ഞാല്‍ ഏറെ പ്രതികൂലമായി ബാധിച്ചത് പത്തനംതിട്ട ജില്ലയെയാണ്. രണ്ടുവര്‍ഷം മുമ്പ് കിലോയ്ക്ക് 250 രൂപ വരെ വന്ന റബര്‍ വില 100 രൂപയില്‍ താഴെയെത്തിയതോടെ വ്യാപാര മേഖലയ്ക്ക് ശനിദശ ബാധിച്ചു. ചെറുകിട-ഇടത്തരം കര്‍ഷകര്‍ റബര്‍ വിലത്തകര്‍ച്ചയോടെ വന്‍ പ്രതിസന്ധിയില്‍ ആവുകയും ടാപ്പിങിലൂടെ അല്ലലില്ലാതെ കഴിയാനുള്ള വരുമാനം കണ്ടെത്തിയിരുന്ന തൊഴിലാളികള്‍ പട്ടിണിയിലാവുകയും മറ്റ് തൊഴില്‍ മേഖല തേടേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കരാര്‍ വ്യവസ്ഥയില്‍ സ്ലോട്ടര്‍ കരാറെടുത്ത വര്‍ക്ക് വന്‍ ദുരന്തമാണ് കുത്തനെയുള്ള റബര്‍ വിലത്തകര്‍ച്ച സമ്മാനിച്ചത്.
റബര്‍ വിലത്തകര്‍ച്ച മൂലം പ്രതിസന്ധിയിലായ മറ്റൊരു മേഖല റബര്‍ തടിവിപണിയും ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന ചുമട്ടുതൊഴിലാളികളടക്കം ആയിരക്കണക്കിന് തൊഴിലാളികളുമാണ്. റബറിന്റെ വില താഴ്ന്നതോടെ തടി വിലയും കുത്തനെ താഴുകയും ഇതുമായി ബന്ധപ്പെട്ട വ്യാപാരികള്‍, ലോറി ഉടമകള്‍, തൊഴിലാളികള്‍, കയറ്റിറക്ക് തൊഴിലാളികള്‍ തുടങ്ങിയ മേഖലയിലുള്ളവര്‍ക്ക് വന്‍ വരുമാന നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വില സജീവമായിരുന്ന സമയത്ത് നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന റബര്‍ നഴ്‌സറികളുടെയും ചെറുകിട-ഇടത്തരം റബര്‍ വ്യാപാരികളുടെയും നില പരുങ്ങലിലാണ്. റ
ബര്‍ വിലത്തകര്‍ച്ചയില്‍ നടുവൊടിഞ്ഞ ജില്ലയിലെ വിപണിക്ക് കൂനിന്മേല്‍ കുരു എന്ന പോലെയാണ് സൗദി അടക്കമുള്ള ഗള്‍ഫ് നാടുകളിലെ എണ്ണ വിലത്തകര്‍ച്ചയെ തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധി. സൗദി, കുവൈത്ത്, ഖത്തര്‍, ദുബയ് ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ വില ഇടിഞ്ഞതിനെ തുടര്‍ന്നും പാശ്ചാത്യ രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യവും വിദേശത്ത് നിന്നുള്ള പണത്തിന്റെ ഒഴുക്കിനെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധിയില്‍ പരിഭ്രാന്തരായ ഇവിടങ്ങളിലെ തൊഴിലാളികളും ബിസിനസ്സുകാരും പണം ചെലവഴിക്കാന്‍ മടിക്കുന്നത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
വ്യാപാര മേഖലയില്‍ സ്വര്‍ണ വിപണി മുതല്‍ ചെറുമല്‍സ്യ വിപണി വരെ പ്രസിസന്ധി നേരിടുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വസ്തു കച്ചവടം നടന്ന നാള്‍ മറന്ന അവസ്ഥയിലാണെന്നാണ് ഇടനിലക്കാര്‍ പറയുന്നത്.
കൈയ്യില്‍ പണമുള്ള ഒരേയൊരു വിഭാഗം സര്‍ക്കാര്‍ ശമ്പളം പറ്റുന്ന വിഭാഗം മാത്രമാണ്. സാധാരണക്കാരും പാവപ്പെട്ടവരുമായ കുടുംബങ്ങള്‍, ആശ്രയിക്കുന്ന മത്തി, അയല തുടങ്ങിയ ചെറുമീനുകളുടെ വ്യാപാരം നാലിലൊന്നായി കുറഞ്ഞു എന്ന കച്ചവടക്കാരുടെ പരാതി മാത്രം മതി വിപണിയെ ബാധിച്ച പ്രതിസന്ധിയുടെ ആഴമറിയാന്‍.
Next Story

RELATED STORIES

Share it